കർണാടകയുടെ അങ്കത്തട്ടിലേക്ക് അഞ്ചു മലയാളികൾ
text_fieldsബംഗളൂരു: മേയ് 12ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിെൻറ അങ്കത്തട്ടിൽ ഇത്തവണ മത്സരിക്കാനിറങ്ങുന്നത് അഞ്ചു മലയാളികൾ. കോൺഗ്രസിനെ പ്രതിനിധാനം ചെയ്ത് മന്ത്രിമാരായ കെ.ജെ. ജോർജ്, യു.ടി. ഖാദർ, എം.എൽ.എയായ എൻ.എ. ഹാരിസ് എന്നിവർ കോൺഗ്രസ് ടിക്കറ്റിലും റിയൽ എസ്റ്റേറ്റ് വ്യവസായിയായ അനിൽകുമാർ, വിവരാവകാശ പ്രവർത്തകനായ ടി.ജെ. അബ്രഹാം എന്നിവർ സ്വതന്ത്ര സ്ഥാനാർഥികളുമായാണ് ജനവിധി തേടുന്നത്. 2013ലെ തെരഞ്ഞെടുപ്പിൽ അനിൽകുമാർ ഒഴികെയുള്ളവരെ കൂടാതെ സി.എം. ഇബ്രാഹീമും മത്സരരംഗത്തുണ്ടായിരുന്നു. നിലവിൽ കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമാണ് (എം.എൽ.സി) സി.എം. ഇബ്രാഹിം. ബംഗളൂരു അർബൻ ജില്ലയിലെ സർവജ്ഞ നഗർ, ശാന്തിനഗർ, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണ് യഥാക്രമം കെ.ജെ. ജോർജ്, എൻ.എ. ഹാരിസ്, അനിൽകുമാർ എന്നിവർ വോട്ടുതേടുന്നത്. യു.ടി. ഖാദർ ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിൽനിന്നും ടി.ജെ. അബ്രഹാം ബിദർ ജില്ലയിലെ ബിദർ സൗത്തിൽനിന്നും മത്സരിക്കും.
കോട്ടയം ചിങ്ങവനം സ്വദേശിയായ മന്ത്രി കെ.ജെ. ജോർജിെൻറ കുടുംബം ആദ്യം കുടകിലും പിന്നീട് ബംഗളൂരുവിലുമാണ് കഴിഞ്ഞിരുന്നത്. 1989ലെ വീരേന്ദ്രപാട്ടീൽ മന്ത്രിസഭയിൽ ഭക്ഷ്യഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം 1990ൽ ബംഗാരപ്പ മന്ത്രിസഭയിലും ഇത്തവണ സിദ്ധരാമയ്യ മന്ത്രിസഭയിലും നഗരവികസന മന്ത്രിയായിരുന്നു. 1985 മുതൽ 94 വരെ ഭാരതി നഗർ മണ്ഡലവും 2008 മുതൽ സർവജ്ഞനഗറുമാണ് തട്ടകം. 15,000ത്തോളം മലയാളി വോട്ടുള്ള മണ്ഡലമാണിത്.
മകെൻറ മർദനകേസ് മൂലം വിവാദത്തിലായ എൻ.എ. ഹാരിസ് എം.എൽ.എയുടെ സ്ഥാനാർഥിത്വം സംശയത്തിലായിരുന്നെങ്കിലും ഞായറാഴ്ച പ്രഖ്യാപിച്ച കോൺഗ്രസിെൻറ അവസാന ലിസ്റ്റിൽ ഹാരിസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിെൻറ ഹൃദയഭാഗമായ ശാന്തിനഗറിലെ ജനപിന്തുണ തന്നെയാണ് ഹാരിസിന് തുണ. 2004 ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു പിതാവ് കാസർകോട് ചന്ദ്രഗിരി കീഴൂർ നാലപ്പാട് കുടുംബാംഗമായ എൻ.എ. മുഹമ്മദ്. 2004ൽ ശിവാജിനഗറിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും തോറ്റു. 2008ലും 2013ലും ശാന്തിനഗറിൽ നിന്ന് നിയമസഭയിലെത്തിയ ഹാരിസിന് ഇത്തവണ മത്സരം കടുക്കും. മുഖ്യ എതിരാളിയായ ബി.ജെ.പിക്ക് പുറമെ എ.എ.പി സ്ഥാനാർഥിയായി മുൻ െഎ.എ.എസ് ഉദ്യോഗസ്ഥ കൂടി രംഗത്തുണ്ട്.
ബംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ ഫോറം (ബിപാക്) പ്രവർത്തന മികവിെൻറ അടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ ബംഗളൂരു ജില്ലയിലെ മന്ത്രിമാരിൽ കെ.ജെ. ജോർജും എം.എൽ.എമാരിൽ എൻ.എ. ഹാരിസുമാണ് ഒന്നാമതെത്തിയത്്. ദക്ഷിണകന്നട ജില്ലയിലെ മലയാളികളുടെ കോട്ടയായ മംഗളൂരുവിൽനിന്നാണ് ഭക്ഷ്യ^പൊതുവിതരണ മന്ത്രി യു.ടി. ഖാദർ ഇത്തവണയും മത്സരിക്കുന്നത്. കാൽനൂറ്റാണ്ടിലേറെയായി മണ്ഡലം (മംഗലാപുരം ) മലയാളികളാണ് ഭരിക്കുന്നത്. 1972, 78, 99, 2004 എന്നീ വർഷങ്ങളിൽ പിതാവ് യു.ടി. ഫരീദും 2008, 2013 വർഷങ്ങളിൽ മകൻ യു.ടി. ഖാദറുമാണ് മംഗളൂരുവിനെ പ്രതിനിധാനംചെയ്യുന്നത്. മണ്ഡലത്തിലെ പരമ്പരാഗത മുസ്ലിംവോട്ടുകളുടെ കരുത്തിൽ ഇത്തവണയും വിജയപ്രതീക്ഷയുണ്ട് ഖാദറിന്. കോട്ടയം സ്വദേശിയും മുൻ മന്ത്രി ബേബി ജോണിെൻറ ബന്ധുവുമായ ടി.ജെ. അബ്രഹാമിനിത് മൂന്നാം തെരഞ്ഞെടുപ്പാണ്. 2008ൽ കെ.ആർ. പുരത്തുനിന്ന് ബി.എസ്.പി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം കഴിഞ്ഞതവണ ബിദർ സൗത്തിൽ വിവാദ വ്യവസായി അശോക് ഖേനിക്കെതിരെയായിരുന്നു നിന്നത്. രണ്ടുതവണയും തോറ്റു. മൈസൂരു^ ബംഗളൂരു അതിവേഗപാതയുടെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഖേനിക്കെതിരെ അബ്രഹാം സുപ്രീംകോടതിയിൽ നൽകിയ കേസിൽ വിചാരണ നടക്കുകയാണ്. ബിദർ സൗത്തിലെ 25 ശതമാനം ക്രിസ്ത്യൻ വോട്ടിലാണ് അബ്രഹാമിെൻറ കണ്ണ്.
30,000ത്തിലേറെ മലയാളി വോട്ടർമാരുള്ള ബൊമ്മനഹള്ളിയിലാണ് കോടീശ്വരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനിൽകുമാർ ആദ്യമായി ജനവിധി തേടുന്നത്. സ്വതന്ത്രനായി മത്സരിക്കാൻ സമർപ്പിച്ച പത്രികയിലെ വിവരപ്രകാരം, റിയൽ എസ്റ്റേറ്റ് വ്യവസായിയായ അനിൽകുമാറിെൻറയും ഭാര്യയുടെയും ആസ്തി 339 കോടിയാണ്.
ബംഗളൂരുവിൽ ചെറുപ്പത്തിൽ ചായവിറ്റു നടന്ന് പിന്നീട് റിയൽ എസ്റ്റേറ്റിൽ പച്ചപിടിച്ചതാണ് അനിലിെൻറ ജീവിതം. കോൺഗ്രസ് പ്രവർത്തകനായ അനിൽകുമാർ ഇത്തവണ സീറ്റ് കിട്ടാതായതോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ബൊമ്മനഹള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
