ഡി.കെ.എസ്: രാജ്യത്തെ സമ്പന്നനായ രണ്ടാമത്തെ മന്ത്രി
text_fieldsബംഗളൂരു: രാജ്യത്തെ സമ്പന്നരായ മന്ത്രിമാരിൽ രണ്ടാം സ്ഥാനമാണ് കർണാടകയിലെ ഉൗർജമന്ത്രിയായ ഡി.കെ. ശിവകുമാറിന്. അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) രാജ്യത്തെ 620ൽ 609 സംസ്ഥാന മന്ത്രിമാരുടെയും വിവരങ്ങൾ ശേഖരിച്ചാണ് ഇൗ കണക്ക് പുറത്തുവിട്ടത്. 496 കോടിയുടെ ആസ്തിയുള്ള അരുണാചൽപ്രദേശ് മുനിസിപ്പൽ മന്ത്രി പി. നാരായണക്ക് പിന്നിൽ 251 കോടിയുടെ ആസ്തിയുമായാണ് ഡി.കെ.എസുള്ളത്. 2008 ലെ നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് 2013ലെ തെരഞ്ഞെടുപ്പിലേക്കെത്തിയപ്പോൾ 176 കോടിയുടെ വർധനയാണ് അദ്ദേഹത്തിെൻറ ആസ്തിയിലുണ്ടായത്.
എന്നാൽ, അനൗദ്യോഗിക കണക്കനുസരിച്ച് ബിനാമി സ്വത്തുക്കളടക്കം ഡി.കെ.എസിന് 2000 കോടിയിലേറെ ആസ്തിയുണ്ടെന്നാണ് വിവരം. ‘കോൺഗ്രസിെൻറ എ.ടി.എം’ എന്നാണ് ഡി.കെ.എസിനെ രാഷ്ട്രീയനിരീക്ഷകർ വിശേഷിപ്പിക്കുന്നത്. 1985ൽ മുൻപ്രധാനമന്ത്രി കൂടിയായ എച്ച്.ഡി. ദേവഗൗഡയോട് തെൻറ ആദ്യ തെരഞ്ഞെടുപ്പ് മത്സരത്തിൽ പരാജയപ്പെെട്ടങ്കിലും 2013ലെ തെരഞ്ഞെടുപ്പിൽ കനകപുര മണ്ഡലത്തിൽനിന്ന് 1,00,007 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിക്കുേമ്പാഴേക്കും സമുദായത്തിലും പാർട്ടിയിലും ഡി.കെ.എസ് വേരൂന്നിയിരുന്നു.
ഇതിനിടെ അനധികൃത ഖനനം, ഗ്രാനൈറ്റ് കയറ്റുമതി, ഭൂവിതരണത്തിലെ ക്രമക്കേടുകൾ തുടങ്ങി നിരവധി അഴിമതി ആരോപണങ്ങളും അദ്ദേഹത്തിനും കുടുംബത്തിനുെമതിരെ ഉയർന്നിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. വൊക്കലിഗ സമുദായത്തിൽനിന്നുള്ള ഡി.കെ.എസിനാണ് കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പ്രചാരണകമ്മിറ്റി ചുമതല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തൻ കൂടിയായ ഡി.കെ.എസിനെതിരെ ആദായനികുതി കുരുക്ക് മുറുകുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
