'വർഗീയതക്കെതിരായ പോരാട്ടം, ഭിന്നതകൾ മറക്കേണ്ടിവരും'; കൈകോർത്ത് സ്റ്റാലിനും കമൽഹാസനും
text_fieldsFile Photo
ചെന്നൈ: 27ന് നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ കമൽഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യം. കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവനാണ് ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര സഖ്യത്തിന്‍റെ സ്ഥാനാർഥി. വർഗീയ ശക്തികൾക്കെതിരെ ഐക്യനിര രൂപപ്പെടേണ്ടതിനാലാണ് പിന്തുണയെന്നും ദേശീയ പ്രാധാന്യമുള്ളതാണ് തെരഞ്ഞെടുപ്പെന്നും കമൽ ഹാസൻ വ്യക്തമാക്കി.
ഡി.എം.കെ സഖ്യത്തിന് ഉപാധികളില്ലാത്ത പിന്തുണ നൽകാൻ മക്കൾ നീതി മയ്യം എക്സിക്യൂട്ടിവ് കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു. ഇളങ്കോവന്‍റെ വിജയത്തിനായി താനും പാർട്ടി പ്രവർത്തകരും എന്ത് സഹായത്തിനും തയാറാണെന്ന് കമൽഹാസൻ പറഞ്ഞു.
ആദ്യമായാണ് മക്കൾ നീതി മയ്യം മറ്റൊരു പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. നേരത്തെ, 2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടി തനിച്ചായിരുന്നു മത്സരിച്ചത്.
ജീവിതത്തിന്‍റെ എല്ലാ മേഖലയിലേക്കും, ഭക്ഷണത്തിലേക്ക് പോലും കടന്നുകയറുന്ന വർഗീയ ശക്തികൾക്കെതിരെയാണ് കൈകോർക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പോലും സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് 'ദേശീയപ്രാധാന്യമുള്ള വിഷയം വരുമ്പോൾ ഭിന്നതകൾ മറക്കേണ്ടിവരും' എന്ന മറുപടിയാണ് കമൽ നൽകിയത്.
ഉപതെരഞ്ഞെടുപ്പിൽ സഖ്യസ്ഥാനാർഥിയെ പിന്തുണച്ചതിന് കമൽഹാസന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നന്ദി അറിയിച്ചു. ഒരുമിച്ച് നിൽക്കാമെന്നും ജയിച്ചു കാണിച്ചുകൊടുക്കാമെന്നും കമൽഹാസൻ ട്വീറ്റിന് മറുപടി നൽകി.