എസ്.എഫ്.ഐ പിരിച്ചുവിടണമെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്.എഫ്.ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. കയ്യൂക്കിന്റെ ബലത്തില്‍ കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സമരാഭാസം നടത്തുന്ന എസ്.എഫ്.ഐയെ അടിയന്തരമായി പിരിച്ചുവിടുകയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.
സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം എന്നിങ്ങനെ എഴുതിവെച്ചിട്ട് അക്രമം, അരാജകത്വം, ഏകാധിപത്യം എന്നിവയാണ് നടപ്പാക്കുന്നത്. അക്രമത്തിലും ഗുണ്ടായിസത്തിലും രക്തച്ചൊരിച്ചിലിലും വിശ്വസിക്കുന്ന മാതൃസംഘടനയെ ആണ് ഇവര്‍ മാതൃകയാക്കുന്നത്.
കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ചതിനും കൊടിമരം നശിപ്പിച്ചതിനും എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തതിന്റെ പ്രതികാരമാണ് അധ്യാപകര്‍ക്കെതിരെ തീര്‍ത്തത്. മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്‍മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ എസ്.എഫ്.ഐയുടെ കുട്ടിസഖാക്കള്‍ വിലസുന്നത്. ക്രിമിനലുകളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടനയായി എസ്.എഫ്.ഐ മാറി.
അധ്യാപകരെ ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ പേരിന് കേസെടുത്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്. അതിരുകടന്ന പിണറായി ഭക്തിയില്‍ കാഴ്ചക്കാരായി മാറിനിന്ന് രസിച്ച പൊലീസ് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്.
മലയാളഭാഷയ്ക്ക് നിരവധി പദസമ്പത്ത് സംഭാവന ചെയ്ത വ്യക്തിയാണ് പിണറായി വിജയന്‍. നികൃഷ്ടജീവി, കുലംകുത്തി, എടാ ഗോപാലകൃഷ്ണാ, കീടം, നാറി, പരനാറി, ചെറ്റ, ചെറ്റത്തരം എന്നൊക്കെ അദ്ദേഹം പലരെയും അധിക്ഷേപിച്ച് ആക്രോശിച്ചപ്പോള്‍ കുലുങ്ങിച്ചിരിച്ച സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇപ്പോള്‍ ഫ്യൂഡല്‍ മനഃസ്ഥിതിയുടെ താത്വികാവലോകനത്തിലേക്കു പോകാതെ, പിണറായിയെ ചോദ്യം ചെയ്യാനും തിരുത്താനുമാണ് തയ്യാറാകേണ്ടതെന്നും കെ. സുധാകരന്‍ പറഞ്ഞു.