ഇവനാളൊരു ഖുറൈശിതന്നെ
text_fields‘അവനാളൊരു ഖുറൈശി തന്നെ’ എന്ന പ്രയോഗം ആഗ്രയിലെ ഹാജി ജമീലുദ്ദീന്‍ ഖുറൈശിക്ക് എന്തുകൊണ്ടും ചേരും. ആഗ്രയിലെ ജില്ല കലക്ടറേറ്റ് മന്ദിരമടക്കമുള്ള കെട്ടിടങ്ങള്‍ ജമീലുദ്ദീന് കുടികിടപ്പവകാശമായി ലഭിച്ചതുകൊണ്ടല്ല. വിഭജനകാലത്ത് കറാച്ചിയിലേക്ക് കുടിയേറിയ ജമീലുദ്ദീന്‍ ഖുറൈശിയുടെ ഉറ്റവരില്‍നിന്ന് ഒരു മച്ചുനന്‍ മംനൂന്‍ ഹുസൈന്‍ പാകിസ്താന്‍ പ്രസിഡന്‍റ് പദത്തിലത്തെിയതുകൊണ്ടുമല്ല.
ആഗ്രയെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത ഘര്‍വാപസിയുടെ പന്തലില്‍ വെച്ചുതന്നെ തിരിച്ച് അവരെ മുസ്ലിംകളാക്കി വീണ്ടും ഘര്‍വാപസി നടത്തിയതോടെയാണ് ഖുറൈശി താരമായത്. കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥിയാകാന്‍ പ്രശാന്ത് കിഷോറും ബി.എസ്.പി ടിക്കറ്റ് നല്‍കാമെന്ന് മായാവതിയും പറഞ്ഞപോലെ ഈ ഖുറൈശിയെ കിട്ടിയാല്‍ തരക്കേടില്ല എന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കുപോലും തോന്നി. ഉത്തര്‍പ്രദേശില്‍ വിത്തിറക്കാന്‍ നോക്കുന്ന അസദുദ്ദീന്‍ ഉവൈസിക്ക് ഹാജി സ്ഥാനാര്‍ഥിയാകണമെന്ന് പോലുമില്ല. ഒന്ന് തന്നോടൊപ്പം വന്ന് ആഗ്രയിലെ വേദി പങ്കിട്ടാല്‍ മതി.
എന്നാല്‍, മരിക്കുവോളം ഒരു കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് ശപഥം ചെയ്ത കോണ്‍ഗ്രസിന്‍െറ ഈ മുതിര്‍ന്ന നേതാവ് ഈ വാഗ്ദാനങ്ങളെല്ലാം തട്ടിക്കളഞ്ഞ് ആഗ്രയിലെ ഖുറൈശികളുടെ വോട്ട് പരമാവധി ബി.എസ്.പിയിലേക്ക് ഒരുക്കിക്കൊടുക്കാനുള്ള യത്നത്തിലാണ്. ആഗ്രയില്‍ ഇക്കുറി മത്സരം കണക്കിലെടുക്കുമ്പോള്‍ നലോ അഞ്ചോ സീറ്റുകള്‍ ബി.എസ്.പിക്ക് കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് പരമാവധി ഒന്നുമാത്രമേ ലഭിക്കൂ എന്നാണ് അതിന് ഹാജി പറയുന്ന ന്യായം. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് രണ്ടോ നന്നെ കവിഞ്ഞാല്‍ മൂന്നോ സീറ്റ് കിട്ടാമെന്നും ഹാജി കൂട്ടിച്ചേര്‍ക്കുന്നു. അതിനാല്‍, പരമാവധി മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കണം. അതിന് പാര്‍ട്ടി പക്ഷപാതിത്വം കൈവെടിയണം.
പഴയ സാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന ബംഗാളി, ബിഹാറി മുസ്ലിം തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ദേവ് നഗറിലായിരുന്നു സംഘ് പരിവാറിന്‍െറ ഘര്‍വാപസി. ദരിദ്രരായ 400 പേരെയാണ് 2014 ഡിസംബറില്‍ സംഘ്പരിവാര്‍ ഇതിനുപയോഗിച്ചത്. ഒരു ബജ്രംഗ്ദള്‍ നേതാവ് വന്ന് അവരോട് സംസാരിച്ചു. തൊഴിലും വീടും നല്‍കുമെന്നും റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമുണ്ടാക്കിത്തരുമെന്നും വാഗ്ദാനം ചെയ്താണ് ഹിന്ദുവാകാന്‍ പ്രേരിപ്പിച്ചത്. പിറ്റേന്ന് മാധ്യമങ്ങളിലെ വാര്‍ത്ത കണ്ട് വിവരമറിഞ്ഞയുടന്‍ ഹാജി ദേവ്നഗറിലത്തെി. ബജ്രംഗ്ദള്‍ നേതാവുമായി ഘര്‍വാപസിക്ക് സൗകര്യം ചെയ്തുകൊടുത്ത ഇസ്മാഈല്‍ എന്നയാളെ കണ്ടു വിവരങ്ങളാരാഞ്ഞു.
തിരിച്ച് ആഗ്ര ജുമാമസ്ജിദില്‍ വന്ന് വിവരമറിയിച്ച് നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങി.
വിഷയം വലിയ ക്രമസമാധാന പ്രശ്നമാകുമെന്ന അവസ്ഥയായതോടെ തലേന്നത്തെ ഘര്‍വാപസിക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിച്ച 400 പേരെയും കലിമ ചൊല്ലിക്കൊടുത്ത് തിരിച്ച് ‘ഘാര്‍വാപസി’ നടത്തിയാണ് ഹാജിയുടെ സമരമവസാനിച്ചത്.
ഇതെല്ലാം കഴിഞ്ഞശേഷമാണ് അമിത് ഷാ ബി.ജെ.പിയുടെ വലിയ വാഗ്ദാനങ്ങളുമായി ദൂതരെ അയച്ചതെന്ന് ഖുറൈശി വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാവിനെ ബി.ജെ.പി മുഖമാക്കി അവതരിപ്പിച്ച് ന്യൂനപക്ഷങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുക എന്നതായിരുന്നു ഷായുടെ തന്ത്രം.
ബി.എസ്.പിക്കായി മുസ്ലിം വോട്ടുകള്‍ പിടിച്ചുകൊടുക്കുന്നത് തടയുകയെങ്കിലും ചെയ്യാമെന്ന് ഷാ കണക്കുകൂട്ടി. അതിന് കഴിയാതെ വന്നപ്പോള്‍ ഇറച്ചി വെട്ടും വ്യാപാരവും നടത്തുന്ന ഖുറൈശികള്‍ക്കും മറ്റൊരു മുസ്ലിം ജാതിയായ അന്‍സാരികള്‍ക്കുമിടയില്‍ വോട്ടുഭിന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്നും ഹാജി പറഞ്ഞു. ഖുറൈശി വ്യവസായിയായ ദുല്‍ഫുഖാറിനെ ബി.എസ്.പി സ്ഥാനാര്‍ഥിയാക്കിയത് കാണിച്ചാണ് ഈ ശ്രമം. ഒരു ഫോട്ടോയെടുക്കണമെന്ന് പറഞ്ഞപ്പോള്‍ തന്‍െറ സ്നേഹനിധിയായ ഉമ്മയോടൊപ്പം മതിയെന്ന് പറഞ്ഞ് 104 വയസ്സുള്ള മാതാവുമൊത്താണ് ഖുറൈശി ഇരുന്നുതന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
