വെള്ളാപ്പള്ളിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ
text_fieldsആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ശേഷിക്കെ ‘സമദൂര’ സിദ്ധാന്തവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നതിന് പിന്നാലെ എസ്.എൻ.ഡി.പിയുടെ വോട്ട് ഉറപ്പിക്കാൻ മൂന്ന് മുന്നണിയും ശ്രമം തുടങ്ങി. ബുധനാഴ്ച രാവിലെ കണിച്ചു കുളങ്ങരയിലെ വസതിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് യോഗം ജനറൽ സെക്രട്ടറി സമുദായത്തോട് കൂറുപുലർത്തുകയും സഹകരിക്കുകയും ചെയ്യുന്നവർ ആരാണോ അവർക്ക് വോട്ട് നൽകാൻ ചെങ്ങന്നൂർ, മാവേലിക്കര യൂനിയനുകൾക്ക് നിർേദശം നൽകിയ കാര്യം വ്യക്തമാക്കിയത്.
ചെങ്ങന്നൂർ യൂനിയന് കീഴിലെ 63 ശാഖയിലായി 13,827 വീടുകളും മണ്ഡലത്തിൽപെടുന്ന മാവേലിക്കര യൂനിയെൻറ കീഴിൽ വരുന്ന 13 ശാഖയിലെ 2000 വീടുകളിലുമായി 45,000നും 50,000നുമിടയിൽ വോട്ടാണ് സമുദായത്തിനുള്ളത്. പരമ്പരാഗതമായി സി.പി.എം, സി.പി.െഎ പാർട്ടികളിലാണ് സമുദായത്തിലെ താഴെത്തട്ടിലുള്ള ഭൂരിപക്ഷം അംഗങ്ങളുമുള്ളത്. മേൽത്തട്ടിലുള്ളവരാകെട്ട കോൺഗ്രസിന് അനുകൂലമായി നിലകൊള്ളുന്നവരാണ്. രണ്ട് തട്ടിലുമുള്ള ഒരുവിഭാഗം ബി.ഡി.ജെ.എസ് രൂപവത്കരണത്തെ തുടർന്ന് ബി.ജെ.പി പാളയത്തിലെത്തിയിരുന്നു. എന്നാൽ, മുന്നണി ബന്ധം വഷളായതിനെത്തുടർന്ന് ഇതിൽ നല്ലതോതിൽ കൊഴിഞ്ഞ് പോക്ക് സംഭവിച്ചിട്ടുണ്ട്.
നിലപാട് വ്യക്തമാക്കാതെ വെള്ളാപ്പള്ളി രംഗത്ത് വന്നതോടെ മൂന്ന് മുന്നണിയും ആശ്വാസത്തിലും പ്രതീക്ഷയിലുമാണ്. ഇതോടെ ഏതുവിധേെനയും സമുദായ വോട്ട് ഉറപ്പാക്കുന്നതിെൻറ ഭാഗമായി മൂന്ന് മുന്നണിയുടെയും സംസ്ഥാന നേതാക്കൾ ചെങ്ങന്നൂരിലെ എസ്.എൻ.ഡി.പി യൂനിയൻ ഒാഫിസ് സന്ദർശിച്ച് ഭാരവാഹികളുമായി ചർച്ച നടത്തി. ആദ്യം എത്തിയത് ബി.ജെ.പി പ്രസിഡൻറ് കുമ്മനം രാജശേഖരനായിരുന്നു. 29ന് തൃശൂരില് ചേരുന്ന വനിതാസംഗമത്തിെൻറ ഭാഗമായി അവതരിപ്പിക്കാനുള്ള നാരായണഗുരുദേവ രചനയായ കുണ്ഡലിനിപ്പാട്ടിെൻറ നൃത്താവിഷ്കാര പരിശീലനം കാണാൻ അദ്ദേഹം സമയം കണ്ടെത്തി.
തുടർന്ന് എസ്.എൻ.ഡി.പി ആസ്ഥാനത്തെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നൃത്തപരിശീലന പരിപാടി ആസ്വദിച്ചാണ് മടങ്ങിയത്. രണ്ട് നേതാക്കളും തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് തേടാൻ മറന്നില്ല. എം.വി. ഗോവിന്ദനും ആർ.നാസറും കോടിയേരിയെ അനുഗമിച്ചു. പിന്നീട് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും ചെങ്ങന്നൂർ യൂനിയൻ ഒാഫിസിലെത്തി. സ്ഥാനാർഥികളായ ഡി.വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരൻപിള്ളയും എസ്.എൻ.ഡി.പി നിലപാടിനെ സ്വാഗതം ചെയ്യുകയും തീരുമാനം തങ്ങൾക്ക് അനുകൂലമായിരിക്കുമെന്ന് അവകാശെപ്പടുകയും ചെയ്തുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
