പാര്‍ട്ടിക്ക് ഒളിയമ്പായി ജയരാജന്‍െറ ‘മുഖപ്രസംഗ’ പ്രശംസ
text_fieldsകണ്ണൂര്‍: പാലക്കാട് ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് കേന്ദ്രം സംസ്ഥാനത്തിന് വിട്ടുകൊടുക്കുകയും അത് വ്യവസായവകുപ്പ് ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയും ചെയ്തതിനെ പ്രശംസിച്ച് ഒരു പത്രം എഴുതിയ മുഖപ്രസംഗം ഉദ്ധരിച്ച് മുന്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍െറ ഫേസ്ബുക്ക് പോസ്റ്റ്. ഫാക്ടറി ഏറ്റെടുക്കാനുള്ള തീരുമാനം മാതൃകാപരമായ നടപടിയെന്ന് പത്രം പുകഴ്ത്തിയത് കഴിഞ്ഞ ആറു മാസത്തിനുള്ളിലെ വ്യവസായവകുപ്പിന്‍െറ സുപ്രധാനമായ ഇടപെടലിന്‍െറ മികവാണെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ അവകാശപ്പെട്ടു. ഫാക്ടറി സംസ്ഥാനം ഏറ്റെടുക്കുന്നതിന് കേന്ദ്രാനുമതിയായതിനെ കുറിച്ച് പാര്‍ട്ടി പത്രത്തില്‍ മുഖപ്രസംഗമോ പുകഴ്ത്തലോ ഉണ്ടായില്ല എന്ന ഒളിയമ്പുകൂടിയാണ് ജയരാജന്‍െറ പോസ്റ്റ്.
തന്‍െറഭാഗം ന്യായീകരിച്ച് പാര്‍ട്ടിയില്‍ അനുകമ്പ നേടിയെടുക്കുകയാണ് പോസ്റ്റിന്‍െറ ലക്ഷ്യമെന്നാണ് സൂചന. രാജസ്ഥാനിലെ കോട്ടയിലും കേരളത്തില്‍ കഞ്ചിക്കോട്ടുമാണ് ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന് യൂനിറ്റുകളുള്ളത്. കോട്ടയിലേത് നഷ്ടത്തിലായതോടെയാണ് കഞ്ചിക്കോട്ടേത് കേരളത്തിന് വിട്ടുകൊടുക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇത് സംസ്ഥാന വ്യവസായവകുപ്പിന്‍െറ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഇരിണാവിലെ ക്ഷേത്രത്തിന് തേക്കുതടി നേടിക്കൊടുക്കാന്‍ ജയരാജന്‍ അസാധാരണമായി ഇടപെട്ടെന്ന് ആരോപണമുയര്‍ന്നപ്പോഴും വനംവകുപ്പ് സാധാരണ പൊതുസംരംഭങ്ങള്‍ക്ക് മരം സൗജന്യം നല്‍കിയ ഉദാഹരണങ്ങള്‍ പാര്‍ട്ടി പ്രചരിപ്പിച്ചില്ല എന്നതാണ് ജയരാജനെ പ്രകോപിതനാക്കിയത്.
കൂത്തുപറമ്പ് വെടിവെപ്പില്‍ വെടിയുണ്ടയേറ്റ് ചികിത്സയില്‍ കഴിയുന്ന പുഷ്പന് നഷ്ടപരിഹാരവും പെന്‍ഷനും നല്‍കണമെന്ന് താന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഇതിന് മന്ത്രിസഭ തീരുമാനിച്ചതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പുഷ്പന് പെന്‍ഷന്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്തയിലും ജയരാജന്‍െറ പരിശ്രമം വിസ്മരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
