മുസ്ലിം ലീഗില്‍ ഇ.ടിക്കും വഹാബിനും പുതിയ ദൗത്യം
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും ട്രഷററായ പി.വി. അബ്ദുല്‍ വഹാബ് എം.പിക്കും നിര്‍വഹിക്കാനുള്ളത് പുതിയ ദൗത്യം.
മുസ്ലിം ലീഗിന്‍െറ രാഷ്ട്രീയ ഭൂമിക വിപുലപ്പെടുത്തുന്നതിലുപരി ഉത്തരേന്ത്യയിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രഥമ പരിഗണന നല്‍കി നടപ്പാക്കുകയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവ് നല്‍കിയ പ്രധാന ചുമതലയും ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ശാക്തീകരണത്തിന് പാകപ്പെട്ട അവസ്ഥയിലല്ല രാജ്യത്തെ പലഭാഗങ്ങളിലെയും ന്യൂനപക്ഷങ്ങള്‍. അവര്‍ക്ക് മനുഷ്യനായി ജീവിക്കാനുള്ള അവസ്ഥ സംജാതമാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും നല്‍കി സാമൂഹികമായി ശാക്തീകരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത് പ്രധാന ദൗത്യമായി കണ്ട് പദ്ധതികള്‍ ആവിഷ്കരിക്കുകയും ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യും. മുസ്ലിം ലീഗ് സ്വന്തം വിചാരിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല.
അതിനാല്‍, സമാന മനസ്കരുടെ സഹായവും സഹകരണവും ഈ വിഷയത്തില്‍ ഉറപ്പാക്കും. അതിനായി മത സാമൂഹിക സേവനസംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്താന്‍ പാര്‍ട്ടി രംഗത്തിറങ്ങും. ഇതിനായി വൈകാതെ വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ആവിഷ്കരിച്ച ‘ബൈത്തുറഹ്മ’ പദ്ധതി മുസഫര്‍ നഗറില്‍ പൂര്‍ത്തിയായി വരുകയാണ്. 61 വീടുകളും താല്‍ക്കാലിക വിദ്യാലയവും ഉള്‍ക്കൊള്ളുന്ന പദ്ധതിക്ക് രണ്ടരകോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഒരുമാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനാവും.
ഇതേപോലെ ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റുമായി സഹകരിച്ച് അസമില്‍ ആവിഷ്കരിച്ച പാര്‍പ്പിട-വിദ്യാഭ്യാസ പദ്ധതിയും പുരോഗമിച്ചുവരുകയാണ്. 50 ലേറെ വീടുകളും സ്കൂളും മദ്റസയും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കോംപ്ളക്സും ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. അസമിലും ബിഹാറിലും പശ്ചിമബംഗാളിലും മധ്യപ്രദേശിലുമെല്ലാം കേരളത്തില്‍നിന്നുള്ള വിവിധ സംഘടനകള്‍ പലനിലയിലും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കൂട്ടായ്മ രൂപപ്പെടുത്തി മുന്‍ഗണന അടിസ്ഥാനത്തില്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയാല്‍ ഇപ്പോഴുള്ളതിന്‍െറ നൂറുമടങ്ങ് വിജയം കാണാനാവും.
ഇതിനായി സുമനസ്കരെയും സന്നദ്ധ സേവന സംഘടനകളെയും സഹകരണമുറപ്പാക്കുമെന്നും ബഷീര്‍ പറഞ്ഞു. കേരളത്തില്‍നിന്നുള്ള മനുഷ്യവിഭവശേഷിയും സാമ്പത്തിക വിഭവശേഷിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് അത്യാവശ്യമാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. സാമൂഹിക ബാധ്യതയായി കണ്ട് ഇതുരണ്ടും നല്‍കാന്‍ കേരളീയ മുസ്ലിം സമൂഹം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
