യു.പി നഗരസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബി.ജെ.പിക്ക് ആശങ്ക
text_fieldsന്യൂഡൽഹി: ബി.ജെ.പി മേധാവിത്വം നേടിയെങ്കിലും, യു.പി നഗരസഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പുതിയ പ്രതീക്ഷകൾ. കാവിത്തിര ആഞ്ഞടിച്ചുവെന്ന പ്രചാരണങ്ങൾക്കപ്പുറം, പ്രതിപക്ഷ പാർട്ടികൾ അടിത്തറ ബലപ്പെടുത്തുകയാണ് നഗരസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പിൽ തകർന്ന പാർട്ടികൾക്കാണ് ഇൗ മുന്നേറ്റം. 16 മുനിസിപ്പൽ കോർപറേഷനുകളിൽ ബി.ജെ.പി മികച്ച പ്രകടനമാണ് നടത്തിയത്. ബി.ജെ.പിയുടെ 14 മേയർ സ്ഥാനാർഥികളും ജയിച്ചു. എന്നാൽ, നഗരപാലിക, നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലങ്ങൾ ബി.ജെ.പിയിൽ വേവലാതിക്ക് ഇടനൽകുന്നതാണ്. മിക്ക സ്ഥലങ്ങളിലും ബി.ജെ.പി വിജയിച്ചെങ്കിലും, എട്ടു മാസം മുമ്പത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ട ഭൂരിപക്ഷം ഇടിഞ്ഞു. ഏറ്റവും കൂടുതൽ സീറ്റ് നേടിയത് ബി.ജെ.പിയല്ല; സ്വതന്ത്ര സ്ഥാനാർഥികളാണ്. ശക്തരായ പ്രാദേശിക കക്ഷികളായ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും നഗരസഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പുതിയ ഉന്മേഷത്തിലാണ്.
മൂന്നു ഘട്ടമായി നടന്ന നഗരസഭ തെരഞ്ഞെടുപ്പിലെ 1300 സ്ഥാനങ്ങളിൽ ബി.ജെ.പിക്ക് 596 സീറ്റ് കിട്ടി. നഗരപ്രദേശങ്ങളിലല്ല സമാജ്വാദി പാർട്ടിയുടെ വേര്. എങ്കിലും അവർക്ക് 202 സീറ്റ് കിട്ടി. പിന്നാക്ക വിഭാഗത്തെ പ്രതിനിധാനംചെയ്യുന്ന ബി.എസ്.പിക്ക് 147 സീറ്റ് ലഭിച്ചു. യു.പിയിൽ പൊതുവെ ദുർബലരായിപ്പോയ കോൺഗ്രസിന് 110 സീറ്റുണ്ട്. നഗരപാലിക പരിഷത്തിെൻറ 198 ചെയർമാന്മാരിൽ 69 ബി.ജെ.പിക്ക് കിട്ടിയപ്പോൾ സമാജ്വാദി പാർട്ടിക്ക് 45ഉം ബി.എസ്.പിക്ക് 29ഉം കോൺഗ്രസിന് ഒമ്പതും ചെയർമാന്മാരെ കിട്ടി. നഗരപാലിക പരിഷത്തിലെ 5261 സീറ്റിൽ ബി.ജെ.പിക്ക് 917 സീറ്റ് മാത്രമാണ് കിട്ടിയത്. ഇത് 17.5 ശതമാനം മാത്രമാണ്. സമാജ്വാദി പാർട്ടിക്ക് 476, ബി.എസ്.പിക്ക് 260, കോൺഗ്രസിന് 154. നഗരപഞ്ചായത്ത് അധ്യക്ഷന്മാരുടെ 438 സീറ്റിൽ ബി.ജെ.പിക്ക് 100 സീറ്റാണ് കിട്ടിയത്.
സമാജ്വാദി പാർട്ടിക്ക് 83ഉം ബി.എസ്.പിക്ക് 45ഉം കോൺഗ്രസിന് 17ഉം സീറ്റ് കിട്ടി. സ്വതന്ത്രന്മാരുടേത് മികച്ച പ്രകടനം. എന്നാൽ, ഇൗ വിവരം വിവിധ പാർട്ടികളും ദേശീയ മാധ്യമങ്ങളും അവഗണിച്ചു. 43 നഗരപാലിക ചെയർമാന്മാർ, 182 നഗരപഞ്ചായത്ത് അധ്യക്ഷന്മാർ, 222 കോർപറേഷൻ അംഗങ്ങൾ എന്നിവർ സ്വതന്ത്രരാണ്. 7229 വാർഡ് മെംബർമാരും സ്വതന്ത്രർതന്നെ. ആദ്യമായി അങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയും വേരോട്ടമുണ്ടാക്കി. 19 നഗര പഞ്ചായത്ത് മെംബർമാരെ അവർക്ക് കിട്ടി. രണ്ട് നഗര പഞ്ചായത്ത് ചെയർമാന്മാരെയും ലഭിച്ചു. 15 നഗരപാലിക പരിഷത്ത് അംഗങ്ങളുമുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കു പ്രകാരം എ.എ.പിക്ക് മൂന്നു കോർപറേഷൻ സീറ്റും കിട്ടി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 80 സീറ്റ് സംസ്ഥാനത്തുനിന്ന് നേടുമെന്ന് ആവർത്തിച്ചുവരുന്ന ബി.ജെ.പിക്ക് നഗരസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ പുതിയ മുന്നറിയിപ്പായി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഗരസഭ തെരെഞ്ഞടുപ്പു പ്രമാണിച്ച് 50 സമ്മേളനങ്ങളിലെങ്കിലും പ്രസംഗിച്ചതാണ്. യോഗിയെ എതിർത്ത് മായാവതിയോ അഖിലേഷ് യാദവോ കാര്യമായ പ്രചാരണമൊന്നും നടത്തിയിരുന്നില്ല. വോട്ടു യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ കൂടി ബി.ജെ.പിയുടെ പ്രചാരണ ഘോഷങ്ങളുടെ നിറം കെടുത്തി.
മീറത്ത്, കാൺപുർ, ലഖ്നോ എന്നിവിടങ്ങളിൽ സ്വന്തം വോട്ടു പോലും സ്ഥാനാർഥികൾക്ക് കിട്ടാതെപോയത്, തെരഞ്ഞെടുപ്പു നടത്തിപ്പിനെക്കുറിച്ച് ഗൗരവപ്പെട്ട ചോദ്യങ്ങൾ ഉയർത്തുകയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പ് പഴയ ബാലറ്റ് പേപ്പർ രീതി ഉപയോഗിച്ചു നടത്തണമെന്ന് മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടുയന്ത്രം മാറ്റിയാൽ ബി.ജെ.പി അധികാരത്തിൽ വരില്ലെന്നും മായാവതി പറയുന്നു. യോഗി ആദിത്യനാഥിെൻറ സ്വന്തം നാടും ഗോരക്ഷനാഥ് പീഠിെൻറ ആസ്ഥാനവുമായ ഗോരഖ്പുരിലെ 68ാം നമ്പർ വാർഡിൽ ബി.ജെ.പി തോറ്റത് ശ്രദ്ധേയം. ക്ഷേത്രത്തിെൻറ മുഖ്യപുരോഹിതൻ കൂടിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ സ്വതന്ത്രനാണ് ബി.ജെ.പി സ്ഥാനാർഥിയെ തോൽപിച്ചത്. ഗോരഖ്പുരിലെ വാർഡുകളിൽ 27 എണ്ണം ബി.ജെ.പി പിടിച്ചപ്പോൾ എസ്.പിക്ക് 18ഉം ബി.എസ്.പി, കോൺഗ്രസ് എന്നിവക്ക് രണ്ടു വീതവും സ്വതന്ത്രർക്ക് 18ഉം സീറ്റ് ലഭിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നാടായ സിറാത്തുവിലും ബി.ജെ.പി സ്ഥാനാർഥി തോറ്റു. പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ ബി.ജെ.പിക്ക് ഉറക്കം നഷ്ടപ്പെടുമെന്ന് പറയുേമ്പാൾതന്നെ, എസ്.പിയും ബി.എസ്.പിയും ഒരു ചേരിയിൽ വരാൻ പ്രയാസമാണ് എന്നേടത്താണ് ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് ഉണർവു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
