ഇ.പി. ജയരാജന്‍ എം.എല്‍.എ സ്ഥാനം ഒഴിഞ്ഞേക്കും
text_fieldsകണ്ണൂര്‍: സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതെ കണ്ണൂരിലത്തെി ഇന്നലെ പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വീട്ടിലിരുന്ന് കണ്ട ഇ.പി. ജയരാജന്‍ എം.എല്‍.എ സ്ഥാനവും രാജിവെക്കാന്‍ തീരുമാനിച്ചു. ബന്ധുനിയമന വിവാദത്തെക്കുറിച്ചുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം പുറത്തുവരുന്നതോടെ ജയരാജന്‍ രാജിക്കാര്യം തുറന്നുപറയുമെന്നാണ് വിവരം.
മട്ടന്നൂരിലെ എം.എല്‍.എ ഓഫിസിലുള്ള ജീവനക്കാരനോട് നേരത്തെ ജോലി നോക്കിയ സ്ഥലത്തേക്ക് തിരികെ പോകേണ്ടിവരുമെന്ന് ജയരാജന്‍ സൂചന നല്‍കിയെന്നാണ് വിവരം. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിലും ജയരാജന്‍ പങ്കെടുക്കാനിടയില്ല. മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും സ്റ്റാഫില്‍ ചിലര്‍ ഇനിയും പഴയ തട്ടകത്തിലേക്ക് മടങ്ങിയിരുന്നില്ല. ജയരാജന്‍ തിരിച്ചുവരുമെന്നാണ് കരുതിയത്. എന്നാല്‍, ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വരുംമുമ്പ് പൊടുന്നനെ പുതിയ മന്ത്രിയെ തീരുമാനിച്ചതില്‍ ജയരാജന്‍ ക്ഷുഭിതനാണ്. പാര്‍ട്ടി രംഗത്തുനിന്ന് പൂര്‍ണമായും പിന്മാറി കണ്ണൂരില്‍ ജയരാജന്‍ തന്നെ നേരിട്ട് നടത്തുന്ന വൃദ്ധസദനത്തിന്‍െറയും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മേഖലയില്‍ മുഴുകാനുള്ള തയാറെടുപ്പിലാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
മട്ടന്നൂര്‍ നഗരസഭ പണികഴിപ്പിച്ച പഴശ്ശിരാജയുടെ ശില്‍പത്തിന്‍െറ അനാച്ഛാദനം ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമ്പോള്‍ സ്ഥലം എം.എല്‍.എ എന്ന നിലയില്‍ ജയരാജന്‍ അധ്യക്ഷനായി വരുമോ എന്നും വ്യക്തതയില്ല. പരിപാടിയുടെ നോട്ടീസില്‍ ജയരാജന്‍െറ പേരുണ്ട്. എന്നാല്‍, മന്ത്രി കെ.കെ. ശൈലജയുടെ ഭര്‍ത്താവ് കൂടിയായ മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഭാസ്കരന്‍ മാസ്റ്ററുമായി ജയരാജന്‍ നല്ല നിലയിലല്ല. ജയരാജന്‍ തന്നെ മുന്‍കൈയെടുത്താണ് സൗജന്യമായി പ്രതിമക്കുള്ള തേക്കുതടി നേടിക്കൊടുത്തത്. തനിക്കെതിരായ വിവാദം വന്നപ്പോള്‍ വികസനവുമായി ബന്ധപ്പെട്ട ഇത്തരം സേവനങ്ങള്‍ തുറന്നുകാണിക്കാതെ മൗനം പാലിച്ചതില്‍ ജയരാജന് വിഷമമുണ്ട്.
ആദ്യ രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത ശേഷം സെക്രട്ടേറിയറ്റില്‍ നിന്ന് ഇറങ്ങിവന്ന ജയരാജന്‍ തുടര്‍ന്നുള്ള സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതെ തിങ്കളാഴ്ചയാണ് കണ്ണൂരിലത്തെിയത്. ഇതിനുശേഷം അദ്ദേഹം ഒരു പൊതുപാടിയിലും പങ്കെടുത്തിരുന്നില്ല. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് നടക്കുന്ന ത്വരിതാന്വേഷണം 42 ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്നിരിക്കെ നാലുദിവസത്തിനുള്ളില്‍ ഇതിന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.
നിയമന കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നാണ് വിജിലന്‍സ് അന്വേഷണ നിഗമനമെന്നാണ് ജയരാജന്‍ കരുതുന്നത്. ഇത് പാര്‍ട്ടി നേതൃത്വത്തില്‍ ചിലര്‍ക്കുമറിയാമെന്നും എന്നിട്ടും ജനങ്ങളുടെ മുന്നില്‍ അപമാനിക്കുന്ന രീതിയില്‍ പുതിയ മന്ത്രിയെ നിയോഗിച്ചുവെന്നുമാണ് ജയരാജനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
