മക്കൾ മാഹാത്മ്യം! നമുക്കും കിട്ടണം മന്ത്രിക്കസേര...; കർണാടകയിൽ മുൻമന്ത്രിമാരുടെ മക്കൾക്കും മന്ത്രിയോഗം
text_fieldsകർണാടക മന്ത്രിസഭ വികസനത്തിനുശേഷം മന്ത്രിമാർ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
ബംഗളൂരു: കർണാടകയിലെ മന്ത്രിസഭ വികസനത്തിൽ മുൻമന്ത്രിമാരുടെ മക്കൾക്ക് ലഭിച്ച ‘മന്ത്രിയോഗം’ കുടുംബരാഷ്ട്രീയത്തിന്റെ തുടർച്ചയായി മാറുന്നു. 33 അംഗ മന്ത്രിസഭയിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ഇടംപിടിച്ചത്. മുൻ മുഖ്യമന്ത്രിമാരായ എസ്. ബംഗാരപ്പയുടെ മകൻ മധു ബങ്കാരപ്പ, എൻ. ധരംസിങ്ങിന്റെ മകൻ അജയ് സിങ് എന്നിവർ കഴിഞ്ഞദിവസം മന്ത്രിമാരായി.
രണ്ടുമാസം മുമ്പ് ഡി.കെ. ശിവകുമാർ അധികാരമേറ്റതിനൊപ്പം മന്ത്രിയായവരിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്രയും ഉണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ആർ. ഗുണ്ടുറാവുവിന്റെ മകൻ ദിനേശ് ഗുണ്ടുറാവുവിനെ ഡി.കെ. ശിവകുമാർ ഒഴിവാക്കി. സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിയായിരുന്നു, കെ.പി.സി.സി മുൻ പ്രസിഡന്റ് കൂടിയായ ദിനേശ് ഗുണ്ടുറാവു. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ ദിനേശ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
‘കോൺഗ്രസിൽ മുൻമുഖ്യമന്ത്രിമാരുടെ മക്കൾക്കാണ് പ്രാധാന്യ’മെന്ന്, മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച ബേലൂർ ഗോപാലകൃഷ്ണ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
കർണാടക മുഖ്യമന്ത്രിയായിട്ടില്ലെങ്കിലും, വിവിധ മന്ത്രിസഭകളിൽ അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന, നിലവിലെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും കുടുംബരാഷ്ട്രീയത്തിന്റെ തുടർച്ചയാണ്.
മറ്റൊരു മന്ത്രിപുത്രൻ, കൃഷ്ണബൈര ഗൗഡയാണ്. പ്രമുഖ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന സി. ബൈര ഗൗഡയാണ് പിതാവ്. ഗ്രാമീണ വികസന-പഞ്ചായത്ത് രാജ് മന്ത്രിയായ ഈശ്വർ ഖാന്ദ്രെ, സ്വാതന്ത്ര്യ സമരസേനാനിയും മുൻ മന്ത്രിയുമായിരുന്ന ഭീമണ്ണ ഖാന്ദ്രെയുടെ മകനാണ്. മന്ത്രി എം.ബി. പാട്ടീലാകട്ടെ, മുൻ മന്ത്രി ബി.എം. പാട്ടീലിന്റെ മകൻ.
സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിമാരായിരുന്ന 12 പേർക്ക് പുതിയ മന്ത്രിസഭയിൽ ഇടംലഭിക്കാതിരുന്നത് പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആർ.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, ഡോ. എച്ച്.സി. മഹാദേവപ്പ, എച്ച്.കെ. പാട്ടീൽ, ബി.ആർ. പാട്ടീൽ, ആർ.ബി. തിമ്മാപുർ തുടങ്ങിയ മുതിർന്ന നേതാക്കളെയാണ് മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്.
ദീർഘകാലം മന്ത്രിസ്ഥാനം വഹിച്ചിരുന്ന നേതാക്കൾക്ക് പകരം പുതിയ തലമുറയിലുള്ളവർക്ക് കൂടുതൽ അവസരം നൽകാനാണ് നേതൃത്വം ശ്രമിച്ചതെന്ന വിലയിരുത്തലാണ് ഉയരുന്നത്. അതേസമയം, 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദിക്കും ജെ.ഡി.എസ് വിട്ടെത്തിയ കെ.എം. ശിവലിംഗ ഗൗഡെക്കും മന്ത്രിസ്ഥാനം ലഭിച്ചു.
33 അംഗ മന്ത്രിസഭയിൽ 15 പേർക്ക് 60 വയസ്സിൽ താഴെയാണ് പ്രായം. 13 പേർ 61 മുതൽ 70 വയസ്സ് വരെയുള്ളവരും അഞ്ച് പേർ മാത്രം 70 പിന്നിട്ടവരുമാണ്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 64 വയസ്സാണുള്ളത്. മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗം 45കാരനായ യതീന്ദ്ര സിദ്ധരാമയ്യയാണ്. പ്രായം കൂടിയ മന്ത്രി 78-കാരനായ കെ.എച്ച്. മുനിയപ്പ.
2028ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവ നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള കോൺഗ്രസിന്റെ നീക്കമായാണ് പുതിയ മന്ത്രിസഭ പുനഃസംഘടനയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

