ജില്ല പഞ്ചായത്ത്: തർക്കം പരിഹരിക്കാനാവാതെ യു.ഡി.എഫ്
text_fieldsകോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനാവാതെ യു.ഡി.എഫ് നേതൃത്വം നെട്ടോട്ടത്തിൽ. ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ കൺവീനർ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലായിലെ വസതിയിൽ വെള്ളിയാഴ്ച രാത്രി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഘടകകക്ഷികളുടെ തമ്മിലടി ചർച്ചചെയ്യാൻ ചേർന്ന കോട്ടയം ഡി.സി.സിയുടെ അടിയന്തര യോഗവും തീരുമാനത്തിലെത്തിയില്ല. തർക്കം സംസ്ഥാനതലത്തിൽ പരിഹരിക്കണമെന്നാണ് ഡി.സി.സിയുടെ ആവശ്യം. പ്രസിഡൻറ് സ്ഥാനം വിട്ടുനല്‍കില്ലെന്ന് ജോസ് കെ. മാണിയും ധാരണ പാലിക്കണമെന്ന് ജോസഫും കടുത്ത നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു യു.ഡി.എഫ് നേതൃത്വം വീണ്ടും ചർച്ച നടത്തിയത്.
ജോസഫിെൻറ അന്ത്യശാസനം തള്ളിയ ജോസ് വിഭാഗം ശനിയാഴ്ച രൂക്ഷവിമർശനവുമായി രംഗത്തുവന്നത് അനുനയ നീക്കങ്ങൾക്കും തിരിച്ചടിയായി. നിർണായക ഘട്ടത്തിലെല്ലാം അന്ത്യശാസന ഭാഷയും മുന്നണിമാറ്റ ഭീഷണിയും ജോസഫ് ഉയർത്താറുണ്ടെന്നും രാഷ്ട്രീയ ചാഞ്ചാട്ടം ശീലമാക്കിയ ജോസഫ് ഇല്ലാത്ത കരാർ ഉണ്ടെന്ന് വരുത്തി പദവി സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ജോസ് വിഭാഗത്തിെൻറ ആരോപണം.
മുന്നണിബന്ധം ഉലഞ്ഞാലും പ്രസിഡൻറ് പദവി വിട്ടുകൊടുക്കിെല്ലന്ന മുന്നറിയിപ്പും ജോസ് ആവർത്തിച്ചു. പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിലടക്കം കൂടുതല്‍ പരിഗണന നല്‍കാമെന്ന ഉറപ്പും ജോസ്പക്ഷം തള്ളി.
ജില്ല പഞ്ചായത്തില്‍ കെ.എം. മാണിയുമായി ഉണ്ടാക്കിയ ധാരണ മാത്രമേ ഉള്ളൂവെന്നും അതില്‍നിന്ന് പിന്നോട്ടില്ലെന്നും ജോസ് ചർച്ചയിൽ വ്യക്തമാക്കി. ചർച്ചക്കിടെ ജോസഫിനെ അനുനയിപ്പിക്കാൻ ഫോണിലൂടെ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ജോസ് വിഭാഗം രാജിെവച്ചില്ലെങ്കില് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന നിലപാട് ജോസഫ് ശനിയാഴ്ചയും ആവർത്തിച്ചു. തമ്മിലടിച്ച് ഇരുപക്ഷവും മുന്നണിയിൽ തുടരുന്നതിലെ ആശങ്കയും യു.ഡി.എഫ് തള്ളുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് തളർത്തുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതിനിടെ ജോസഫിന് പിന്തുണയുമായി കെ. മുരളീധരൻ രംഗത്തെത്തിയത് യു.ഡി.എഫിനെ വെട്ടിലാക്കി. തർക്കം ഏതറ്റംവരെ പോകുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കില്ലെന്നും നയവ്യക്തതയും കെട്ടുറപ്പുമുള്ള മുന്നണിയാണ് ഇടതുപക്ഷമെന്നും കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
