യു.പിയിൽ ആഭ്യന്തരത്തിന് വടംവലി
text_fieldsന്യൂഡൽഹി: യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരുമായി വകുപ്പുകൾക്ക് വടംവലി. പ്രധാനമായും ആഭ്യന്തര, ധനവകുപ്പുകൾ വിട്ടുകിട്ടാനാണ് തർക്കം. അധികാരമേറ്റ് രണ്ടു ദിവസത്തിനകം ഡൽഹിക്ക് പറന്ന ആദിത്യനാഥ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി ചർച്ച ചെയ്തെന്നാണ് സൂചന. ഇതിെൻറ അടിസ്ഥാനത്തിൽ മന്ത്രിമാരുടെ വകുപ്പുകൾ അടുത്തദിവസം വീതംവെക്കും.
ആദിത്യനാഥിനെതിരെ കൊലക്കുറ്റം അടക്കം നിരവധി ക്രിമിനൽ കേസുണ്ട്. രാഷ്ട്രീയ പ്രതിയോഗികളുടെ വിഷയം നേരിട്ടു കൈകാര്യം ചെയ്യേണ്ടതുമുണ്ട്. ഇത്തരം വിഷയങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ആഭ്യന്തരം നേരിട്ട് കൈകാര്യം ചെയ്യാനാണ് യോഗിയുടെ ഉദ്ദേശ്യം. എന്നാൽ, യോഗിയുടെ വരവോടെ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കേശവ് പ്രസാദ് മൗര്യയാണ് ആഭ്യന്തരത്തിൽ അവകാശവാദം ഉന്നയിച്ചത്. ധനവകുപ്പ് അദ്ദേഹത്തെ ഏൽപിക്കാൻ യോഗി താൽപര്യപ്പെടുന്നതിനിടയിൽ, ധനവകുപ്പിൽ രണ്ടാം ഉപമുഖ്യനായ ദിനേശ് ശർമയും അവകാശം ചോദിച്ചു. ഇതോടെയാണ് വകുപ്പുനിർണയ ചർച്ച ഡൽഹിയിലേക്ക് നീണ്ടത്.
ആദിത്യനാഥ് മോദിയും അമിത് ഷായുമായി നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരമാണ് വകുപ്പുനിർണയം നടക്കുക. ആഭ്യന്തരം യോഗിതന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന.പാർട്ടി നേതാവ് എൽ.കെ. അദ്വാനി, മുതിർന്ന കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിങ്, അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവരെയും യു.പി മുഖ്യമന്ത്രി കണ്ടു. മന്ത്രിമാരുടെ വകുപ്പു നിർണയത്തിനൊപ്പം മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ വലിയ അഴിച്ചുപണിയും വൈകാെത നടക്കും.
രാഷ്ട്രപതി പ്രണബ് മുഖർജിയുമായും ആദിത്യനാഥ് സൗഹൃദ കൂടിക്കാഴ്ച നടത്തി. പിന്നീട് ലോക്സഭയിൽ എത്തിയ ആദിത്യനാഥ് ധനബില്ലിെൻറ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു. ഗൊരഖ്പൂർ എം.പിയായ ആദിത്യനാഥിെൻറ പാർലമെൻറിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗം കൂടിയായി അത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.പിമാർ ലോക്സഭയിൽ ചർച്ചയിൽ ഇടപെട്ട് സംസാരിക്കുന്നത് അപൂർവതയാണ്. മോദിയെ പുകഴ്ത്താനും യു.പിയിൽ മെച്ചെപ്പട്ട ഭരണം വാഗ്ദാനം ചെയ്യാനുമാണ് ആദിത്യനാഥ് അവസരം വിനിയോഗിച്ചത്. മുഖ്യമന്ത്രിയായ സാഹചര്യത്തിൽ ഉടൻതന്നെ അദ്ദേഹം എം.പി സ്ഥാനം രാജിവെക്കും.
1999ൽ മഹാരാജ്ഗഞ്ചിലെ പണിയറ നിയമസഭ സീറ്റിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച തലത് അസീസിെൻറ സുരക്ഷക്ക് നിയോഗിച്ചിരുന്ന പൊലീസുകാരൻ സത്യപ്രകാശ് യാദവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് യോഗി. ഒരു ഖബറിടം കൈയേറാനുള്ള യോഗിയുടെയും സംഘത്തിെൻറയും ശ്രമം ചെറുത്തതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇതടക്കമുള്ള ക്രിമിനൽ കേസുകൾ യോഗിക്ക് മുഖ്യമന്ത്രിക്കസേരയിൽ വെല്ലുവിളിയാണ്. കലാപമുണ്ടാക്കിയെന്നതിനാണ് മൂന്നു കേസുകൾ. വധശ്രമം, ജീവന് ഭീഷണി ഉയർത്തൽ, ഖബറിട കൈയേറ്റം, ക്രിമിനൽ പീഡനം തുടങ്ങിയവയാണ് മറ്റു കേസുകൾ. 2007ൽ കലാപകേസിൽ 10 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
