Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിങ്ങളുടെ മുഖ്യമന്ത്രിമാരെ നോക്കൂ; വന്ദേമാതരം വിവാദത്തിൽ കൊമ്പുകോർത്ത് നാഷണൽ കോൺഫറൻസും കോൺഗ്രസും

text_fields
bookmark_border
https://www.madhyamam.com/tags/jammu-kashmir
cancel
camera_alt

ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ വന്ദേമാതരം ആലപിച്ച​പ്പോൾ

ശ്രീനഗർ: ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ ചൊല്ലി ഭരണസഖ്യകക്ഷികൾ തമ്മിലുണ്ടായ തർക്കം മുറുകുന്നു. വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നപ്പോൾ ശക്തമായ മറുപടി നൽകിയാണ് നാഷണൽ കോൺഫറൻസ് തിരിച്ചടിച്ചത്.

മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെയും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയുടെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച ചലച്ചിത്രമേളയുടെ ഔദ്യോഗിക ചടങ്ങിലാണ് ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായി ആലപിച്ചത്.

ഇന്ത്യയുടെ പൊതുജീവിതത്തിൽ വന്ദേമാതരം എങ്ങനെയാണ് വിലയിരുത്തപ്പെടുന്നതെന്ന് കണക്കിലെടുക്കാതെയാണ് മുഴുവൻ പതിപ്പ് ആലപിച്ചതെന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ താരിഖ് ഹമീദ് കർറ വിമർശച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ദേശീയ പ്രതീകങ്ങൾ ഭരണഘടനാപരമായ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതും രാജ്യത്തിന്റെ ബഹുസ്വരതയോട് നീതി പുലർത്തുന്നതുമായിരിക്കണമെന്ന് കർറ ചൂണ്ടിക്കാട്ടി. പ്രശ്നം ദേശസ്‌നേഹത്തെ കുറിച്ചല്ല, മറിച്ച് വൈവിധ്യമാർന്ന ഒരു റിപ്പബ്ലിക്കിൽ ദേശസ്‌നേഹം എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്നതിനെ കുറിച്ചാണെന്നും കൂട്ടിച്ചേർത്തു.

എന്നാൽ, സർക്കാർ പ്രോട്ടോക്കോളും പാർട്ടി പ്രത്യയശാസ്ത്രവും വെവ്വേറെ കാണേണ്ടതാണെന്ന് പറഞ്ഞാണ് വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ നാഷണൽ കോൺഫറൻസ് ന്യായീകരിച്ചത്. പാർലമെന്റ് ദേശീയ ഗീതം അംഗീകരിച്ചിട്ടുള്ളതാണെന്നും, അതിനാൽ ഔദ്യോഗിക ചടങ്ങിൽ അത് ആലപിക്കുന്നത് നിയമപരമായ ബാധ്യതയാണെന്നും പാർട്ടിയുടെ മുഖ്യവക്താവ് തൻവീർ സാദിഖ് പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ മുഴുവൻ പതിപ്പും ആലപിക്കുന്നതിന്റെ വീഡിയോകൾ ‘എക്സി’ൽ പങ്കുവെച്ചായിരുന്നു സാദിഖിന്റെ മറുപടി. സാദിഖിന്റെ പ്രസ്താവനകൾ പിന്നീട് ഉമർ അബ്ദുല്ലയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ഭരണസഖ്യത്തിൽ വിള്ളലിന്റെ അകൽച്ച കൂട്ടി.

‘ജനാബ് താരിഖ് കർറ സാഹിബ്, നിങ്ങളുടെ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ പരിപാടികൾ ഒന്ന് പരിശോധിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എല്ലാവരുമായും പങ്കുവെക്കുകയും ചെയ്യുക’ -സാദിഖ് കുറിച്ചു.

നാഷണൽ കോൺഫറൻസിന് വ്യക്തമായ നിലപാടുണ്ടെന്നും വന്ദേമാതരം ആലപിക്കുന്നത് നിയമപരമായ ബാധ്യതയായി പാർലമെന്റ് അംഗീകരിച്ച സ്ഥിതിക്ക് അതാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരെയും ദേശീയ ഗീതം പാടാൻ നിർബന്ധിക്കില്ല. എന്നാൽ, ആഗ്രഹമുള്ളവർക്ക് അത് ആലപിക്കാമെന്നും കൂട്ടിച്ചേർത്തു.

2026 ജനുവരിയിൽ ദേശീയ ഗീതം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിവാദം ഉയർന്നത്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കണമെന്നാണ് മാർഗനിർദേശം. ഇതിനെ കോൺഗ്രസ് എതിർത്തിരുന്നു. പാർട്ടി യോഗങ്ങളിൽ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ പാടൂ എന്ന നിലപാടാണ് കോൺഗ്രസിനുള്ളത്.

90 അംഗ ജമ്മു കശ്മീർ നിയമസഭയിൽ കോൺഗ്രസിന് ആറ് എം.എൽ.എമാരാണുള്ളത്. കേന്ദ്രഭരണ പ്രദേശമായ കശ്മീരിൽ നാഷണൽ കോൺഫറൻസ് നേതൃത്വത്തിലുള്ള സർക്കാറിന് പുറമെനിന്നാണ് പാർട്ടി പിന്തുണക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story