വിജയത്തിന് അടിസ്ഥാനം തന്ത്രവും സംഘടനാ വൈഭവവും
text_fieldsതിരുവനന്തപുരം: ആത്മവിശ്വാസം വാനോളം ഉയർത്തിയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിനെയും സി.പി.എമ്മിനെയും വരവേൽക്കുന്നത്. സർക്കാർ മൂന്നാം വർഷത്തിലേക്ക് കാലെടുത്തുെവച്ചതിന് പിന്നാലെ വന്ന ഫലം സി.പി.എമ്മിെൻറ സംഘടനാ സംവിധാനം ശക്തിപ്പെടുന്നതിെൻറകൂടി തെളിവായി. മുന്നണിയിൽ സി.പി.എമ്മിെൻറയും പാർട്ടിയിൽ പിണറായി വിജയെൻറയും അപ്രമാദിത്വത്തിന് അടിവരയിടുന്നതാണ് ഫലം.
പൊലീസ് വീഴ്ച, അതിക്രമം എന്ന ഒറ്റ അജണ്ടയിൽ പിണറായിയെയും എൽ.ഡി.എഫിനെയും തളക്കാൻ പ്രതിപക്ഷവും മുഖ്യധാരാ ചാനലുകളും അണിനിരന്നിട്ടും നേടിയ വിജയത്തിെൻറ അലയൊലി ജൂൺ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിഫലിക്കും. പ്രചാരണം മുതൽ കണക്കുകൂട്ടലുകളിൽ പിഴക്കാതെയാണ് സി.പി.എം വിജയത്തിലേക്ക് നടന്നുകയറിയത്.
വിഭാഗീയത കെട്ടടങ്ങിയ സി.പി.എമ്മിൽ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഒരു മനസ്സോടെ തന്ത്രങ്ങൾക്ക് രൂപംനൽകി. അണികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. മത, സാമുദായിക കളത്തിനകത്തുനിന്ന് നടത്തുന്ന കണക്കുകൂട്ടലുകൾക്ക് അനുസരിച്ചല്ല വോട്ടർമാർ പ്രതികരിക്കുന്നതെന്നുകൂടി ഫലം തെളിയിച്ചു. ഹൈന്ദവരും ക്രൈസ്തവരും നിർണായകമായ മണ്ഡലത്തിൽ ഒരു സി.എസ്.െഎ സ്ഥാനാർഥിയെ നിർത്തി 2016ലെ ഭൂരിപക്ഷം വർധിപ്പിച്ച സി.പി.എം, കേരള രാഷ്ട്രീയത്തിലും പുതിയ വഴിയാണ് വെട്ടിത്തുറക്കുന്നത്. യു.ഡി.എഫ്, ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ ലീഡ് നേടാനും കോൺഗ്രസും ബി.ജെ.പിയും കണക്കുകൂട്ടിയ മത, സാമുദായിക മേഖലകളിൽ കടന്നുകയറാനും കഴിഞ്ഞത് സി.പി.എമ്മിെൻറ വിജയമാണ്.
തങ്ങൾ മുന്നോട്ടുവെച്ച മൂന്ന് നിലപാടുകൾക്കുള്ള അംഗീകാരമായാണ് ഫലത്തെ സി.പി.എം കാണുന്നത്. എൽ.ഡി.എഫിെൻറ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയെൻറ വികസന അജണ്ടക്കുള്ള അംഗീകാരമാണ് ഒന്ന്. പൊലീസിെൻറ പ്രവർത്തനത്തിലെ വിവാദങ്ങൾ സർക്കാറിനെ വിലയിരുത്താൻ വോട്ടർമാർ തെരഞ്ഞെടുത്തില്ല എന്നത് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും വികസന അജണ്ടയുമായി മുന്നോട്ടുപോകാൻ കരുത്തേകുമെന്ന് അവർ കരുതുന്നു. ഹിന്ദുത്വ വർഗീയതയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നായിരുന്നു പ്രചാരണത്തിലെ മറ്റൊരു വാദം. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ ഭാരവാഹിയായ അയ്യപ്പസേവാ സംഘവും ആർ.എസ്.എസുമായുള്ള ബന്ധം പ്രചാരണവിഷയമാക്കി. കോടിയേരി ബാലകൃഷ്ണനും വി.എസ്. അച്യുതാനന്ദനും ഉയർത്തിയ ഇൗ വിമർശനത്തെ അയ്യപ്പ ഭക്തരെ അവഹേളിക്കുന്നെന്ന് ചൂണ്ടിക്കാട്ടി മൃദുഹിന്ദുത്വ വോട്ടിെൻറ ധ്രുവീകരണത്തിന് ഉമ്മൻ ചാണ്ടി ശ്രമിച്ചെങ്കിലും വോട്ടർമാർ അത് കണക്കിലെടുത്തില്ലെന്നാണ് ഫലം തെളിയിച്ചത്. മുമ്പ് അരുവിക്കരയിൽ കോൺഗ്രസ് പ്രേയാഗിച്ച തന്ത്രം സി.പി.എം തിരിച്ച് ഉപയോഗിച്ചപ്പോൾ പ്രതിരോധിക്കാൻ യു.ഡി.എഫിനായില്ല.
ത്രിപുരയിലെ അപ്രതീക്ഷിത വിജയത്തിനുശേഷം ഇനി കേരളമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി ദേശീയ അധ്യക്ഷനോട് ത്രിപുരയല്ല കേരളമെന്ന സന്ദേശം നൽകാൻ സി.പി.എമ്മിന് കഴിഞ്ഞു. ബി.ജെ.പി വോട്ടിലെ വൻ ചോർച്ചയും കോൺഗ്രസിെൻറ പരാജയവും സി.പി.എം കേരള ഘടകത്തിന് തങ്ങളുടെ നിലപാടിെൻറ നേട്ടമായി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കും. പാർട്ടി ശക്തിപ്പെടുത്തുകയാണ് ബി.ജെ.പിയെയും കോൺഗ്രസിനെയും പരാജയപ്പെടുത്താനുള്ള വഴിയെന്ന് നിയമസഭാ തെരഞ്ഞെടുപ്പിലെയും ചെങ്ങന്നൂരിലെയും ഫലം ഉയർത്തി പിണറായി വിജയന് സമർഥിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
