വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ക്ക് താക്കീത്; പൂഞ്ഞാറില്‍ തരംതാഴ്ത്തല്‍
text_fieldsതിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ കാരണക്കാരായവര്‍ക്കെതിരെ സി.പി.എം അച്ചടക്കനടപടി സ്വീകരിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ടി.എന്‍. സീമയുടെ തോല്‍വിയില്‍ സംസ്ഥാനസമിതി അംഗം പിരപ്പന്‍കോട് മുരളിക്കും തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ് അംഗം ബി.എസ്. രാജീവിനും താക്കീത് നല്‍കാന്‍ ഞായറാഴ്ച ചേര്‍ന്ന സംസ്ഥാനസമിതി തീരുമാനിച്ചു. കെ.ടി.ഡി.സി ചെയര്‍മാനും സംസ്ഥാനസമിതി അംഗവുമായ എം. വിജയകുമാറിനെതിരെ റിപ്പോര്‍ട്ടില്‍ പ്രതികൂല പരാമര്‍ശമുണ്ട്.
പൂഞ്ഞാര്‍ മണ്ഡലത്തിലെ കനത്ത തോല്‍വിക്ക് കോട്ടയം ജില്ല സെക്രട്ടേറിയറ്റ് അംഗം സി.പി. ഇബ്രാഹീം, ജില്ലകമ്മിറ്റി അംഗം ശശീന്ദ്രന്‍ എന്നിവരെ ഏരിയകമ്മിറ്റിയിലേക്ക് തരംതാഴ്ത്താനും തീരുമാനമായി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തോല്‍വി കെ.ജെ. തോമസും പൂഞ്ഞാറിലേത് ബേബിജോണുമാണ് അന്വേഷിച്ചത്. തെറ്റ് ചെയ്തെന്ന് കണ്ടത്തെിയവരോട് വിശദീകരണം ചോദിച്ച ശേഷമാണ് നടപടി.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്‍െറ ചുമതല വഹിച്ച പിരപ്പന്‍കോട് മുരളി പ്രവര്‍ത്തനത്തില്‍ ശ്രദ്ധിച്ചില്ളെന്ന് അന്വേഷണറിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബി.എസ്. രാജീവ് പോകാത്തത് തെറ്റാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജീവ് എഴുതി നല്‍കിയ വിശദീകരണം അംഗീകരിച്ചശേഷമാണ് നടപടി. ജില്ലയുടെ ആകെ ചുമതലയുണ്ടായിരുന്ന വിജയകുമാര്‍ കുറച്ചുകൂടി ശ്രദ്ധപാലിക്കണമായിരുന്നെന്നും വ്യക്തമാക്കുന്നു. പൂഞ്ഞാറില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വോട്ട് ഇരുമുന്നണികള്‍ക്കും എതിരായി സ്വതന്ത്രനായി നിന്ന പി.സി. ജോര്‍ജിന് ലഭിച്ചതാണ് കടുത്തനടപടിയായ തരംതാഴ്ത്തലിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
