യെച്ചൂരിക്കെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ വിമർശനം
text_fieldsതിരുവനന്തപുരം: രാജ്യസഭ സ്ഥാനാർഥിത്വം സംബന്ധിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെയും മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിയിലും സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ വിമർശനം. കേന്ദ്ര കമ്മിറ്റി യോഗത്തിെൻറ റിപ്പോർട്ടിങ്ങിനെ തുടർന്നുള്ള ചർച്ചക്കിടെയാണ് ചില അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ യെച്ചൂരിയുടെ നടപടിയെ വിമർശിച്ചത്.
കോൺഗ്രസ് പിന്തുണയോടെ രാജ്സഭയിലെത്താമെന്ന ബംഗാൾ ഘടകത്തിെൻറ നിർദേശത്തിൽ യെച്ചൂരി മൗനം പാലിെച്ചന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. യെച്ചൂരി ബംഗാൾ ഘടകത്തിന് കീഴടങ്ങുന്ന സമീപനം സ്വീകരിച്ചു. സ്ഥാനാർഥി വിഷയത്തിൽ അേദ്ദഹം സ്വീകരിച്ച മൗനമാണ് വിവാദങ്ങൾക്ക് വഴിെവച്ചത്. പാർട്ടിക്ക് നിരക്കാത്ത നിലയിലുള്ള പ്രവർത്തനമാണ് യെച്ചൂരിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിമർശനവും യോഗത്തിലുണ്ടായി. കെ.എൻ. ബാലഗോപാൽ, എം. സ്വരാജ് ഉൾപ്പെടെ ചില അംഗങ്ങളാണ് യെച്ചൂരിയുടെ നടപടികളെ പ്രധാനമായും വിമർശിച്ചത്.
യെച്ചൂരി മത്സരിക്കുന്നതിനെ എതിർക്കാൻ മതിയായ കാരണങ്ങളുണ്ടായിരുെന്നന്ന് റിപ്പോർട്ടിങ് നടത്തിയ പോളിങ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള വിശദീകരിച്ചു. ഒരു സ്ഥാനാർഥിയെ രണ്ട് തവണയിൽ കൂടുതൽ മത്സരിപ്പിക്കുന്ന പതിവ് സ.ിപി.എമ്മിനില്ല. കോൺഗ്രസ് യെച്ചൂരിയെയാണ് പിന്തുണച്ചത്, നേതൃത്വത്തെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ ഏത് വിധേനയും അധികാരത്തിലെത്തണമെന്ന് മാത്രമാണ് കോൺഗ്രസിെൻറ താൽപര്യമെന്നും എസ്.ആർ.പി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പി. സദാശിവം വിളിച്ചുവരുത്തി വിശദീകരണം തേടിയ നടപടി സംശയകരമാണെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. അസ്വാഭാവികമായ നടപടികളാണ് വിഷയത്തിലുണ്ടായത്. ട്വിറ്ററിലൂടെയും വാർത്തക്കുറിപ്പിലൂടെയും ഗവർണറും അദ്ദേഹത്തിെൻറ ഒാഫിസും പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് പിന്നാലെ ഡി.ജി.പിയെയും വിളിച്ചുവരുത്തിയ നടപടി സംശയിക്കേണ്ടതാണ്. എൽ.ഡി.എഫ് സർക്കാറിനെതിരായി കേന്ദ്രസർക്കാർ നടത്തുന്ന ഗൂഢനീക്കമാണിതെന്ന അഭിപ്രായവുമുണ്ടായി. ക്രമസമാധാനനില തകർന്ന മറ്റ് സംസ്ഥാനങ്ങളുടെ വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസർക്കാർ കേരളത്തിൽ നടക്കുന്ന ചെറിയ വിഷയങ്ങളിൽ പോലും ഇടപെടുന്നതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് അക്രമമുണ്ടാക്കി ക്രമസമാധാനനില തകർെന്നന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ബി.ജെ.പി, ആർ.എസ്.എസിെൻറ ഭാഗത്ത് നിന്നുണ്ട്. അതിെൻറ ഭാഗമായ പ്രവർത്തനങ്ങളാണ് തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ നടന്ന അതിക്രമങ്ങൾ. പ്രകോപനങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. സി.പി.എം സമ്മേളനങ്ങളുടെ തീയതി സംബന്ധിച്ച തീരുമാനവും ചർച്ചയുടെ മറുപടിയും ഇന്ന് സംസ്ഥാന സമിതിയിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
