‘സംഘപരിവാര്‍ നിര്‍ദേശിക്കുന്നവരെയാണോ വഖഫ് ബോര്‍ഡില്‍ നിയമിക്കാന്‍ പോകുന്നത്’ -സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടന വിഷയത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഹർജിയിലെ ആവശ്യങ്ങൾക്കനുസരിച്ചാണ് സർക്കാർ നിലപാട് സ്വീകരിച്ചതെന്നാണ് ആരോപണം. ഈ വിഷയത്തിൽ സർക്കാറിന്റെ നിലപാട് മുസ്‍ലിം ലീഗ് അംഗീകരിക്കുന്നുണ്ടോയെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മുസ്‍ലിം ലീഗിനെ പിന്തുണക്കുന്ന സമുദായ സംഘടനകളും വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. യു.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വർഗീയ രാഷ്ട്രീയത്തിന് കീഴടങ്ങുന്ന സമീപനമാണ് വഖഫ് ബോർഡ് വിഷയത്തിൽ സർക്കാറിന്റെ നിലപാടിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും സി.പി.എം ആരോപിച്ചു.
സി.പിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്‌താവന
ബി.ജെ.പിയുടെ വർഗീയ അജണ്ടക്കനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊള്ളാമെന്ന് ഹൈകോടതിയില്‍ നിലപാടെടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടും, കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലെ ആവശ്യം അനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാര്‍ അജണ്ട തെളിഞ്ഞ് തന്നെ കാണാം.
കേന്ദ്ര ബി.ജെ.പി സര്‍ക്കാറിന്റെ നിയമഭേദഗതിക്കെതിരെ എൽ.ഡി.എഫ് സര്‍ക്കാര്‍ നിയമസഭയില്‍ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയിരുന്നു. അധികാരത്തില്‍ എത്തിയപ്പോള്‍ ബി.ജെ.പി അനുകൂല നിലപാടിലേക്ക് യു.ഡി.എഫ് എത്തിയത് എന്ത് ഡീലിന്റെ ഭാഗമായാണ്? മുസ്‍ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികള്‍ ഇത് അംഗീകരിക്കുന്നുണ്ടോ? ഇത് സംബന്ധിച്ച് എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ലീഗ് അടക്കമുള്ളവര്‍ ജനങ്ങളോട് തുറന്നുപറയണം.
ബി.ജെ.പി നേതാവിന്റെ ഹര്‍ജിയോട് സര്‍ക്കാര്‍ യോജിക്കുന്നുവോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തോട് സംശയലേശമന്യേ എ.ജി പറഞ്ഞത് സര്‍വാത്മനാ പിന്തുണക്കുന്നുവെന്നാണ്. നേരത്തെ ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തം. മുസ്‍ലിം ലീഗിനെ പിന്തുണക്കുന്ന സാമുദായിക സംഘടനകളും ഇതില്‍ അഭിപ്രായം പറയേണ്ടതുണ്ട്.
ആർ.എസ്.എസിന്റെ ദീര്‍ഘകാല അജണ്ടയുടെ ഭാഗമായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്, പൗരരുടെ ഭരണഘടനാപരമായ അവകാശങ്ങളെ പോലും തള്ളിയാണ് വഖഫ് നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത്. അന്ന് അതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാട് എടുത്തത് സി.പി.എമ്മും ഇടതുപക്ഷവുമാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കാഴ്‌ചക്കാരനായി നിന്നെങ്കില്‍ പ്രിയങ്കാ ഗാന്ധി സഭയില്‍ പോലും എത്തിയില്ല. നിയമം ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരരാക്കുമെന്ന് സി.പി.എം എം.പിമാര്‍ പാര്‍ലമെന്റില്‍ നിലപാടെടുത്തു.
മധുരയില്‍ സി.പി.എം പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത പാർട്ടി എം.പിമാരെ അടിയന്തരമായി പാര്‍ലമെന്റിലേക്ക് എത്തിച്ചാണ് അന്ന് നിയമഭേദഗതിക്കെതിരെ പ്രസംഗിച്ചത്. അത്രമാത്രം ഗൗരവമുണ്ട് ഈ വിഷയത്തില്‍ എന്ന് കണ്ടാണ് സി.പി.എം പാര്‍ലമെന്റില്‍ ശബ്ദിച്ചതും നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതും.
ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭേദഗതി ‘ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ്’ എന്ന പച്ചക്കള്ളമാണ് ബി.ജെ.പി പ്രചരിപ്പിച്ചത്. ന്യൂനപക്ഷങ്ങളെ സഹായിക്കലാണ് ലക്ഷ്യമെങ്കില്‍ ചുരുങ്ങിയത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പെങ്കിലും പുനഃസ്ഥാപിച്ചു കൂടെ? രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങള്‍ അവസാനിപ്പിച്ചുകൂടെ? ഈ ചോദ്യങ്ങള്‍ക്കൊന്നും ബി.ജെ.പി ഉത്തരം നല്‍കിയില്ല.
നിയമഭേദഗതി എന്തിനായിരുന്നുവെന്ന് മധ്യപ്രദേശില്‍ ബി.ജെ.പി നേതാവും, മന്ത്രിയുമായ സന്‍വാര്‍ പട്ടേലിനെ ചെയര്‍മാനാക്കി വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചതോടെ വ്യക്തമാവുകയും ചെയ്‌തു. ഈ യാഥാർഥ്യങ്ങള്‍ മുന്നിലുള്ളപ്പോഴാണ് യു.ഡി.എഫ് സര്‍ക്കാര്‍ യാതൊരു തത്വദീക്ഷയുമില്ലാതെ, ബി.ജെ.പിക്ക് വഴങ്ങി ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നത്. സംഘപരിവാര്‍ നിര്‍ദേശിക്കുന്ന ആളുകളെയാണോ വഖഫ് ബോര്‍ഡില്‍ നിയമിക്കാന്‍ പോകുന്നത് എന്നാണ് ഇനി അറിയാനുള്ളത്.
സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്നവരെ വൈസ് ചാന്‍സലര്‍മാരായും സിന്‍ഡിക്കേറ്റ് അംഗങ്ങളായും യു.ഡി.എഫ് സര്‍ക്കാര്‍ നിയമിക്കുന്നു. പി.എം ശ്രീയിലും ബി.ജെ.പിക്ക് വഴങ്ങുന്നു. ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യാനെന്ന പേരില്‍ ആർ.എസ്.എസുകാരനെ പ്ലീഡര്‍ ആക്കുന്നു. മറ്റ് നിയമകാര്യ തസ്‌തികകളിലും ബി.ജെ.പിക്കാര്‍ക്ക് യഥേഷ്ടം അവസരം നല്‍കുന്നു. ‘കേരളം ഭരിക്കുന്നത് ബി.ജെ.പിയാണോ’ എന്ന എ.ഐ.സി.സി നേതാവിന്റെ ചോദ്യം അനുദിനം അന്വര്‍ഥമാക്കുകയാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. വർഗീയതക്ക് സാഷ്ടാംഗം കീഴടങ്ങുന്ന യു.ഡി.എഫ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിലപാടിലൂടെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ തുറന്നുകാട്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

