സി.പി.എമ്മിൽ ഇനി വിശാല ജില്ല സമിതി; യോഗ തീയതി നിശ്ചയിക്കാൻ ആദ്യ ജില്ല സെക്രട്ടേറിയറ്റ് ഇന്ന് കണ്ണൂരിൽ
text_fieldsകണ്ണൂർ: കോഴിക്കോട്ട് സമാപിച്ച വിശാല സംസ്ഥാന സമിതി യോഗത്തിനു പിന്നാലെ വിശാല ജില്ല സമിതികൾക്ക് ഒരുങ്ങി സി.പി.എം. ഒക്ടോബർ രണ്ടാം വാരത്തോടെ അവസാനിക്കുന്ന വിശാല ജില്ല സമിതി യോഗങ്ങൾ തീപാറും ചർച്ചകൾക്ക് വേദിയാകും. കണ്ണൂരിൽ വിശാല ജില്ല സമിതിയോഗം തീരുമാനിക്കുന്നതിന് ജില്ല സെക്രട്ടേറിയറ്റ് വ്യാഴാഴ്ച ചേരും. മറ്റു ജില്ലകളിലും സെക്രട്ടേറിയറ്റ് യോഗം അടുത്ത ദിവസങ്ങളിലുണ്ടാകും.
വിശാല ജില്ല സമിതിയിൽ വെക്കുന്ന റിപ്പോർട്ടിന് ജില്ല കമ്മിറ്റി അംഗീകാരം നേടിയിരിക്കണം. സ്വാഭാവികമായും വിശാല ജില്ല സമിതിയിൽ ജില്ല കമ്മിറ്റിയംഗങ്ങൾക്ക് ചർച്ചക്ക് അവസരമില്ല.
ഏരിയ സെക്രട്ടറിമാരും ഏരിയയിലെ മൂന്ന് മുതിർന്ന അംഗങ്ങളും വർഗ-ബഹുജന സംഘടന ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുക്കുക. പൊതുവായ കാര്യങ്ങളിൽ സംസ്ഥാന സെക്രട്ടറിയോ ചുമതലയുള്ളയാളോ മറുപടി പറയും. ജില്ല സെക്രട്ടറിയേറ്റും സംസ്ഥാന ചുമതലയുള്ളവരും ഇരുന്ന ശേഷം ശാസന ഉൾപ്പെടെയുള്ള നടപടികൾ തീരുമാനിക്കും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ശാസന ഉൾപ്പെടെ സംസ്ഥാന സമിതി തീരുമാനങ്ങൾ വിശാല ജില്ല സമിതികളിൽ റിപ്പോർട്ട് ചെയ്യും. വിശാല സംസ്ഥാന സമിതി മാതൃകയിൽ പൊതുസമ്മേളനത്തോടെ സമാപിക്കുന്ന വിധമാണ് ജില്ല യോഗങ്ങളും സമാപിക്കുക.
എം.വി. ഗോവിന്ദന് ശാസനക്ക് കാരണമായ തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയ പ്രശ്നങ്ങൾ കണ്ണൂരിലും വലിയ ചർച്ചകൾക്ക് വഴിവെക്കും. തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ പേര് നിർദേശിച്ച ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന് നേരെയാകും കടുത്ത വിമർശനമുയരുക. തളിപ്പറമ്പിൽ ഒരുവനിത ആയിരിക്കണം സ്ഥാനാർഥിയെന്ന് എം.വി. ഗോവിന്ദൻ നിർദേശിച്ചത് ഭാര്യക്ക് വേണ്ടിയാണെന്ന ആരോപണം ശക്തമാണ്.
48പേർ പങ്കെടുത്ത സി.പി.എം തളിപ്പറമ്പ് മണ്ഡലം യോഗത്തിൽ ഭൂരിപക്ഷംപേരും ശ്യാമള വേണ്ടെന്ന് നിർദേശിച്ചു. ശ്യാമള വേണ്ടെന്നും വനിതയാണെങ്കിൽ എൻ. സുകന്യ ആകട്ടെയെന്നും ജില്ല സെക്രട്ടേറിയറ്റിലും നിർദേശമുയർന്നു. ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽനിന്ന് സുകന്യയെ വെട്ടിയത് പിണറായിയുടെ അറിവോടെ എം.വി. ഗോവിന്ദനാണെന്നാണ് പ്രധാന ആരോപണം.
പയ്യന്നൂരിലെ സ്ഥാനാർഥി നിർണയത്തിലും പിണറായി-ഗോവിന്ദൻ-കെ.കെ. രാഗേഷ് ത്രയത്തിനു പുറമെ ഇ.പി. ജയരാജനുനേരെയും വിമർശനമുണ്ട്. ഇതെല്ലാം വിശാല ജില്ല സമിതി യോഗത്തിൽ തീപാറും ചർച്ചകൾക്ക് ഇടയാക്കും. ജില്ല സെക്രട്ടേറിയറ്റ്-സമിതിയിലെ ഒഴിവുകൾ നികത്തി ഏതാനുംപേരെ ഉൾപ്പെടുത്തും.
പി. ജയരാജന്റെ വരവോടെ കണ്ണൂർ സമവാക്യം മാറും
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി. ജയരാജൻ എത്തിയതോടെ കണ്ണൂർ പാർട്ടിയിലെ സമവാക്യങ്ങളിൽ മാറ്റം വരും. പിണറായി വിജയനും എം.വി. ഗോവിന്ദനും കഴിഞ്ഞാൽ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എം.വി. ജയരാജൻ എന്ന സ്ഥിതി മാറി പി. ജയരാജനും കെ.കെ. ശൈലജയും എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് വിലയിരുത്തൽ.
അടുത്തകാലംവരെ വലിയ ഒതുക്കൽ നേരിട്ട പി. ജയരാജനും ശൈലജയും മുൻനിരയിലേക്ക് എത്തുമെന്നാണ് വിശാല സംസ്ഥാന സമിതി യോഗത്തിനുശേഷം ലഭിക്കുന്ന സൂചന. സംസ്ഥാന സെക്രട്ടേറിയറ്റിലും പി. ജയരാജന് നേരിയ മേൽക്കൈ സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.
കണ്ണൂരിലെ വിശാല ജില്ല സമിതി യോഗത്തിലെ ചർച്ചകൾക്കുശേഷം മറുപടി പറയാൻ ജില്ല സെക്രട്ടേറിയറ്റും സംസ്ഥാന ചുമതലയുള്ളവരും ഇരിക്കുന്ന യോഗവും നിർണായകമാണ്. സംസ്ഥാന നേതാക്കളായി പി. ജയരാജൻ, എൻ. സുകന്യ എന്നിവരാണെങ്കിൽ ശാസന ഉൾപ്പെടെയുള്ള നടപടികളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

