പിണറായിക്കെതിരായ അന്വേഷണത്തിൽ പ്രത്യാക്രമണത്തിന് സി.പി.എം; ഒപ്പം കൂടാതെ സി.പി.ഐ
text_fieldsഎം.വി. ഗോവിന്ദൻ, ബിനോയ് വിശ്വം
തിരുവനന്തപുരം: പിണറായി വിജയനെതിരായ സംസ്ഥാന സർക്കാറിന്റെ അന്വേഷണ പ്രഖ്യാപനം ‘ഇ.ഡിയും വി.ഡിയും മോഡി’യും ചേർന്നുള്ള രാഷ്ട്രീയ വേട്ടയെന്നാരോപിച്ച് സി.പി.എം പ്രത്യാക്രമണത്തിനിറങ്ങുമ്പോൾ പ്രതികരിക്കാതെയും ഒപ്പം കൂടാതെയും തന്ത്രപരമായ മൗനത്തിൽ സി.പി.ഐ. വ്യക്തികളെയല്ല, പാർട്ടിയെ ഉന്നമിടുള്ള രാഷ്ട്രീയ നീക്കമാണ് ഇ.ഡിയുടേതെന്ന് സി.പി.എം നേതാക്കൾ ആവർത്തിക്കുമ്പോഴും ‘നേരത്തെ പറഞ്ഞതിൽ നിന്ന് ഒന്നും അധികമായി പറയാനില്ലെന്നതാണ്’ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്.
എക്സാലോജിക് കേസും ഇടതുപക്ഷ രാഷ്ട്രീയവും രണ്ടും രണ്ടാണെന്നതാണ് ഇക്കാര്യത്തിൽ ബിനോയ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിച്ചാൽ എൽ.ഡി.എഫ് അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് പറയുമ്പോഴും വ്യക്തിപരമായ സാമ്പത്തിക ആരോപണങ്ങളുടെ ഭാരം സി.പി.ഐ ഏറ്റെടുക്കില്ല എന്ന കൃത്യമായ അതിർവരമ്പും ബിനോയ് വരച്ചിടുന്നു.
പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രസ്താവനക്ക് പോലും തയാറാകാത്തതിലൂടെ ഇതൊന്നും രാഷ്ട്രീയനീക്കമാണെന്ന വാദം തങ്ങൾക്കില്ലെന്നാണ് സി.പി.ഐ പറയാതെ പറയുന്നതും. ഫലത്തിൽ സി.പി.എമ്മിന്റെ ‘രാഷ്ട്രീയവേട്ട’ വാദങ്ങൾക്ക് മുന്നണിക്കുള്ളിൽ പോലും പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വെളിപ്പെടുന്നത്.
വിവാദങ്ങളിൽ നിന്ന് തങ്ങളെ സ്വയം മാറ്റിനിർത്തുന്നതിനൊപ്പം എക്സാലോജിക് കേസ് പ്രതിപക്ഷ നേതാവിന്റെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടായതിനാൽ, അതിൽ പാർട്ടിയോ മുന്നണിയോ പൂർണമായി പ്രതിരോധിക്കേണ്ടതില്ലെന്ന സന്ദേശവും സി.പി.ഐ നൽകുന്നു. ഇടതുപക്ഷ രാഷ്ട്രീയവും കോർപ്പറേറ്റ് ബിസിനസും തമ്മിൽ പുലർത്തേണ്ട അടിസ്ഥാനപരമായ അകലം ബിനോയ് വിശ്വം ഓർമിപ്പിക്കുന്നതിനും കാര്യമിതാണ്.
കേസിന്റെ മെറിറ്റ് പരിശോധിക്കാതെയും തെളിവുകൾ എന്തൊക്കെയെന്ന് പഠിക്കാതെയും അന്ധമായി പിണറായി വിജയനോ സി.പി.എമ്മിനോ പിന്തുണ നൽകേണ്ടതില്ലെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ പൊതുസമീപനം. ഇ.ഡി കേസിൽ വിശദാംശങ്ങൾ അറിഞ്ഞശേഷം മാത്രം നിലപാട് നിലപാട് സ്വീകരിച്ചാൽ മതിയെന്ന് കഴിഞ്ഞയാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചിരുന്നു.
മറുഭാഗത്ത് എസ്.ഐ.ടി വിമർശിക്കാൻ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ തയാറാകാത്തത് സി.പി.എമ്മിനെ പ്രതിരോധത്തിലുമാകുന്നുണ്ട്. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സി.പി.ഐയുടെ രാഷ്ട്രീയ അസ്തിത്വത്തെ പോലും ചോദ്യം ചെയ്യും വിധത്തിൽ പ്രതിപക്ഷ നേതാവ് സ്വീകരിച്ച് സമീപനങ്ങളിൽ സി.പി.ഐക്ക് പൊതുവിൽ അമർഷമുണ്ട്. ഇതിന്റെയെല്ലാം സ്വാഭാവിക പ്രതിഫലനവും മാസപ്പടി നിലപാടിൽ പ്രകടമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

