കോൺഗ്രസ് ബന്ധം ആവാമോ? സി.പി.എമ്മിൽ ചർച്ച തുടങ്ങി
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനും തോൽപിക്കുന്നതിനും കോൺഗ്രസ് അടക്കമുള്ള ബൂർഷ്വാ പാർട്ടികളുമായി സഖ്യത്തിലേർപ്പെടണമോയെന്ന വിഷയത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം ചർച്ച ആരംഭിച്ചു. കോൺഗ്രസുമായുള്ള ബന്ധം പരിശോധിക്കുന്നതിനൊപ്പം നവ ഉദാരീകരണത്തിന് എതിരായ സമരത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നും പരിശോധിക്കാൻ വ്യാഴാഴ്ച അവസാനിച്ച രണ്ട് ദിവസത്തെ പി.ബിയിൽ ധാരണയായി. ബി.ജെ.പിയെ എതിർക്കുന്നതിൽ കോൺഗ്രസ് ഉൾപ്പെടെ മതേതര പാർട്ടികളുമായി കൂട്ടുചേരണമെന്ന നിലപാട് ബംഗാളിൽ നിന്നുള്ള നേതാക്കൾ സ്വീകരിച്ചു. എന്നാൽ ബി.ജെ.പിക്കൊപ്പം നവ ഉദാരീകരണ നയം പിന്തുടരുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും അവരുമായുള്ള ബന്ധം പുനഃപരിശോധിക്കുേമ്പാൾ സി.പി.എം ഇതുവരെ നവ ഉദാരീകരണ നയത്തിന് എതിരെ എടുത്ത നിലപാടും പരിശോധിക്കണമെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം തയാറാക്കുന്നതിനുള്ള രൂപരേഖയിന്മേലുള്ള ചർച്ചയിലാണ് ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് ബന്ധം ആകാമോയെന്നും ഒപ്പം നവ ഉദാരീകരണത്തിന് എതിരായ സമരത്തിെൻറ ഭാവിയും ചർച്ച ചെയ്യാൻ ധാരണയായത്. വിഷയം വീണ്ടും ചർച്ച ചെയ്യാൻ ഒക്ടോബർ രണ്ടിന് ചേരും.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിക്കും മോദി സർക്കാറിനും എതിരെ പോരാടുകയാണ് പാർട്ടിയുടെ മുഖ്യ കടമയെന്ന് 2015 ലെ 21 ാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരുന്നു. വർഗീയതയെയും നവ ഉദാരീകരണ നയങ്ങളെയും എതിർക്കണമെന്നും തീരുമാനിച്ചു. അതിനാൽ നവ ഉദാരീകരണ നയങ്ങൾ പിന്തുടരുന്ന കോൺഗ്രസുമായും സഖ്യം പാടില്ലെന്നും രാഷ്ട്രീയ പ്രമേയം അടിവരയിട്ട് പറഞ്ഞിരുന്നു. കൂടാതെ അവസരവാദപരമായ നിലപാട് സ്വീകരിക്കുന്ന പ്രാദേശിക കക്ഷികളുമായി ദേശീയ തലത്തിലുള്ള കൂട്ടുകെട്ടും കഴിഞ്ഞ പാർട്ടി കോൺഗ്രസ് തള്ളിയിരുന്നു.
പുതിയ സാഹചര്യത്തിൽ ബി.ജെ.പിയെ എതിർക്കാൻ മാർഗം എന്തെന്ന ചർച്ചയിലേക്കാണ് സി.പി.എം നീങ്ങുന്നത്. 2015ലെ പാർട്ടി കോൺഗ്രസ് ഇടതുപാർട്ടികളുടെ കൂട്ടായ്മ രൂപവത്കരിച്ച് മുന്നോട്ട് പോകണമെന്നാണ് നിർദേശിച്ചത്. ബി.ജെ.പിയെ നേരിടുന്നതിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഇനി പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം പാടില്ലെന്ന് രൂപരേഖ അവതരിപ്പിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ മുഖ്യശത്രുവായി കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചതാണ്. എന്നാൽ നിലവിലെ സവിശേഷ ദേശീയ രാഷ്ട്രീയ സാഹചര്യം ഉയർത്തി, ബി.ജെ.പിക്കൊപ്പം കോൺഗ്രസിനെയും രാഷ്ട്രീയ ശത്രുവായി കാണണമെന്ന 21ാം പാർട്ടി കോൺഗ്രസിെൻറ നിലപാട് തുടരണമോയെന്ന് പരിശോധിക്കണമെന്ന നിർദേശമാണ് യെച്ചൂരി മുന്നോട്ട് വെച്ചത്. നിലവിലെ സമൂർത്ത സാഹചര്യങ്ങൾ കഴിഞ്ഞ പാർട്ടി കോൺഗ്രസ് നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതാണ്.
ബി.ജെ.പിക്കും മോദി സർക്കാറിനും എതിരെ പോരാടുക എന്നതാണ് പാർട്ടിയുടെ മുഖ്യകടമയെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്ന് കോൺഗ്രസുമായുള്ള നീക്ക്പോക്കിനെതിരായ നേതാക്കൾ ചൂണ്ടിക്കാട്ടി. പക്ഷേ ബി.ജെ.പിയെ േനരിടുന്നതിൽ കോൺഗ്രസുമായി സഖ്യം ആവാമെന്ന് പറയുേമ്പാൾ നവഉദാരീകരണ നയങ്ങൾക്ക് എതിരെ സി.പി.എം ഇതുവരെ സ്വീകരിച്ച നിലപാടും പുനഃപരിശോധിക്കേണ്ടിവരുമെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം ചൂണ്ടിക്കാട്ടി. തൊഴിലാളിവര്ഗത്തിെൻറയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള വിശാല ഐക്യവേദിയാണ് കെട്ടിപ്പടുക്കേണ്ടത്. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ചുകൊണ്ട് ഇത് ചെയ്യാനാകില്ല. മോദി സര്‍ക്കാറിനെതിരായ സമരം മുന്നോട്ടുകൊണ്ടുപോകാൻ അവരുടെ നയങ്ങൾക്കും വര്ഗീയാതിക്രമങ്ങൾക്കും എതിരെ പൊരുതണം.
ഗൗരി ലേങ്കഷിെൻറ കൊലപാതക വിഷയം പരാമർശിച്ച് രാജ്യത്ത് ഫാഷിസ്റ്റ് പ്രവണത വർധിച്ചുവരുന്നതായി വേണം മനസ്സിലാക്കാനെന്ന് യെച്ചൂരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
