കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സി.പി.ഐ നിൽക്കണം -എം.കെ. മുനീർ
text_fieldsചെന്നൈ: ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സി.പി.ഐ നിലകൊള്ളണമെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ. കേരളത്തിൽ സി.പി.ഐ യു.ഡി.എഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണം. ദേശീയതലത്തിൽ മതേതര ചേരിയുടെ പ്രാധാന്യം മാർക്സിസ്റ്റ് പാർട്ടി ഇപ്പോഴും മനസിലാക്കുന്നില്ലെന്നും മുനീർ പറഞ്ഞു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സി.പി.ഐ കശ്മീരിൽ പങ്കെടുത്തിട്ടുണ്ട്. മതേതര ചേരി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തും ഉണ്ട്. അവർ ഇനി തെരഞ്ഞെടുപ്പ് സമയത്ത് എങ്ങനെയാകും പ്രതികരിക്കുകയെന്ന് ഇപ്പോൾ പറയാൻ പറ്റില്ല.
മാർക്സിസ്റ്റ് പാർട്ടി ഇപ്പോഴും മതേതര ചേരിയുടെ പ്രാധാന്യം മനസിലാക്കുന്നില്ല. സി.പി.ഐക്ക് ഇടതുമുന്നണിക്ക് പുറത്തു വന്നും മത്സരിക്കാമല്ലോ. സി.പി.ഐ യു.ഡി.എഫിനെ സഹായിക്കുന്ന നിലപാട് കേരളത്തിൽ സ്വീകരിക്കണം. ജോഡോ യാത്ര നടന്ന സമയത്ത് രാഹുൽ ഗാന്ധിക്ക് കൈകൊടുത്തുകൊണ്ട് ജോഡോ യാത്രയുടെ സമയത്ത് അവർ സ്വീകരിച്ച നിലപാട് അതാണെന്നും എം.കെ. മുനീർ പറഞ്ഞു.

