ബി.ജെ.പി മുഖ്യശത്രു, കോൺഗ്രസുമായി സഹകരിക്കാം –സി.പി.െഎ
text_fieldsകൊല്ലം: ബി.ജെ.പിയും അതിന് നേതൃത്വം നൽകുന്ന സംഘ്പരിവാറും തന്നെയാണ് മുഖ്യശത്രുവെന്നും ആ ശക്തികളെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി സഹകരണമാകാമെന്നും സി.പി.െഎ. 23ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് വ്യാഴാഴ്ച അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ ഇടത് മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ െഎക്യമാണ് വേണ്ടത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അതിനുള്ള ഒരുക്കങ്ങളാണുണ്ടാകേണ്ടത്. കോൺഗ്രസ് പോലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളെ മാറ്റിനിർത്തി സംഘ്പരിവാർ ശക്തികൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക അസാധ്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഒാരോ സംസ്ഥാനത്തെയും പ്രാദേശിക സ്വഭാവം കൂടി പരിഗണിച്ച് അതാതിടങ്ങളിൽ അതിനനുസരിച്ച രാഷ്ട്രീയ ബന്ധങ്ങളാകാം. അതിലും ഏറ്റവും പ്രധാനം ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്നതിനാകണം. ഇടതുപ്രസ്ഥാനങ്ങളുടെ െഎക്യം കൂടുതൽ ശക്തമാകണം.
ഒരുകാലത്ത് ഇടതുപ്രസ്ഥാനങ്ങളുടെ െഎക്യം രാജ്യത്ത് വലുതായിരുന്നു. എന്നാൽ, ഇപ്പോൾ സി.പി.െഎയും സി.പി.എമ്മും മാത്രമായി അത് ചുരുങ്ങി. ആ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്. എന്നാൽ മാത്രമേ വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ സ്വാധീനം രാജ്യത്ത് കുറയ്ക്കാൻ സാധിക്കൂ. ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, എസ്.യു.സി.െഎ പോലുള്ള ഇടതുപ്രസ്ഥാനങ്ങളുടെയും മതേതര ജനാധിപത്യ സ്വഭാവമുള്ള പ്രസ്ഥാനങ്ങളുടെയും െഎക്യമുണ്ടാകണം. ഇടതുപ്രസ്ഥാനങ്ങളുടെ െഎക്യത്തിനായി സി.പി.എമ്മും സി.പി.െഎയും മുൻകൈയെടുക്കണമെന്നും രാഷ്ട്രീയ പ്രേമയം ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പിയുടെ നയങ്ങൾ രാജ്യത്തെ നാശത്തിലേക്ക് നയിക്കുകയാണ്. അതിൽനിന്നുള്ള മോചനം എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. ആ സാഹചര്യത്തിൽ പ്രാദേശിക പ്രസ്ഥാനങ്ങളെ ഉൾപ്പെടെ കൂട്ടുപിടിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രതിരോധം ഉയർന്നുവരണമെന്നും സി.പി.െഎ ആഹ്വാനം ചെയ്യുന്നു. ഇൗ വിഷയങ്ങളെ ആധാരമാക്കിയുള്ള ചർച്ചകളാകും പ്രധാനമായും പാർട്ടി കോൺഗ്രസിലുണ്ടാവുക.
ദേശീയതലത്തിൽ കോൺഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് ചില സംസ്ഥാനങ്ങളിൽ സി.പി.െഎയിൽ അഭിപ്രായഭിന്നതയുണ്ട്. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലും ഇത്തരം പ്രമേയം അവതരിപ്പിക്കപ്പെെട്ടങ്കിലും അക്കാര്യം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഭേദഗതികളോടെയാണ് അംഗീകരിച്ചത്. ഹൈദരാബാദിൽ നടന്ന സി.പി.എം സമ്മേളനത്തിലും സമാനനിലപാട് സ്വീകരിക്കപ്പെട്ടത് സി.പി.െഎക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
