കടുപ്പിച്ച് സി.പി.ഐ; പ്രതിപക്ഷ ഉപനേതൃപദവി നൽകിയില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ ‘താനൊരു കത്ത് കൊടുത്താൽ തീരുന്ന കാര്യ’മെന്ന് നിസാരവത്കരിച്ച പിണറായി വിജയന്റെ പരാമർശത്തിൽ അപമാനിക്കപ്പെട്ടുവെന്ന പൊതുവികാരത്തിലും അമർഷത്തിലും സി.പി.ഐ. മാസപ്പടിക്കേസിലെ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന സി.പി.എം വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായി ബിസിനസും ഇടതു രാഷ്ട്രീയവും രണ്ടെന്ന ബിനോയ് വിശ്വത്തിന്റെ പ്രതികരണമാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണമെന്നാണ് സി.പി.ഐ കരുതുന്നത്.
മുന്നണിയുടെ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നത് മുതൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് വരെയുള്ള കാര്യങ്ങൾ സി.പി.ഐയുടെ സജീവ പരിഗണനയിലാണ്. ഇനി സെപ്റ്റംബർ പത്തിനാണ് സെക്രട്ടറിയേറ്റ് യോഗം. ഇതിന് മുമ്പ് അടിയന്തര നേതൃയോഗം വിളിക്കാനും ആലോചനയുണ്ട്. ഓണക്കാലവും കൂടാതെ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിനുമുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണ് പാർട്ടി. ഡൽഹിയിൽ നേതാക്കളെല്ലാം എത്തുന്ന സാഹചര്യത്തിൽ സമരത്തിന് ശേഷം അവിടെ അടിയന്തര യോഗം ചേർന്നേക്കും.
പ്രതിപക്ഷ നേതാവിന്റേത് ധിക്കാരപരമായ നിലപാടാണെന്നും ഉപനേതൃപദവിയിൽ ഇനി വിട്ടുവീഴ്ചക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് സി.പി.ഐ. ‘ഈ ധിക്കാരമാണ് തെരഞ്ഞെടുപ്പിൽ മുന്നണിയെ പരാജയപ്പെടുത്തിയതെന്നും ഏകപക്ഷീയ നിലപാട് സി.പി.എമ്മിനുള്ളിൽ മതി, സി.പി.ഐക്ക് മേലെ വേണ്ടെന്നുമാണ്’ ഒരു മുതിർന്ന നേതാവ് ‘മാധ്യമ’ത്തോട് പ്രതികരിച്ചത്.
ഇതിനിടെ സി.പി.ഐയുടെ അവകാശവാദങ്ങൾക്ക് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് വിയോജിപ്പുള്ള സി.പി.എമ്മിലെ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടെന്നും സംശയിക്കുന്നു. ഉപനേതൃപദവിയിൽ സി.പി.എം സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടുകളിലുള്ള അതൃപ്തിയും അമർഷവും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയെ അറിയിക്കണമെന്ന് സംസ്ഥാന നേതാക്കളുടെ നിലപാട്.
മുതിർന്ന നേതാക്കളുടെ പരിധിവിട്ടുള്ള കൊമ്പുകോർക്കലോടെ ‘പദവി കിട്ടുമോ ഇല്ലയോ’ എന്നതിനപ്പുറം രണ്ട് പാർട്ടികളുടെയും അഭിമാന പ്രശ്നമായി വിവാദം മാറിയെന്നതാണ് പുതിയ സാഹചര്യം. ഒത്തുതീർപ്പിന് ഇനി ഫോർമുലയൊന്നും മുന്നോട്ടുവെക്കാനാകാത്ത വിധം നേർക്കുനേർ തർക്കമാണ് മുന്നണിയിലുള്ളത്. സമവായത്തിനുള്ള സാധ്യതകൾക്കപ്പുറം ഏകപക്ഷീയമായ പ്രഖ്യാപനങ്ങൾ വന്നതോടെ മധ്യസ്ഥ ശ്രമങ്ങളുടെയും വഴിയടയുകയാണ്. പി.എം ശ്രീയിൽ സർക്കാറിനെയും മുന്നണിയെയും പ്രതിരോധത്തിലാക്കിയതിന് സമാനമുള്ള സി.പി.ഐയുടെ കാർക്കശ്യം ഇനി വകവെച്ച് നൽകേണ്ടെന്ന നിലപാടിലാണ് സി.പി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

