പോരാട്ട സ്മൃതികളുറങ്ങുന്ന മലപ്പുറത്ത് സമരജ്വാലയുമായി അവരെത്തി
text_fieldsമലപ്പുറം: ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടത്തിെൻറ ചോര വീണ് ചുവന്ന മലപ്പുറത്ത് നർമദയുടെ നായിക മേധ പട്കറും ജെ.എൻ.യു സമര നായകൻ കനയ്യ കുമാറും ഒഡിഷയിലെ പോസ്കോ വിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളിയായ അഭയ് സാഹുവും ഒത്തുചേർന്നപ്പോൾ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗൺ ഹാളിെൻറ മുറ്റത്ത് മറ്റൊരു സമര ചരിത്രം കൂടി പിറവിയെടുത്തു. സി.പി.െഎ സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സമരജ്വാല സംഗമത്തിലാണ് വീറുറ്റ പോരാട്ടങ്ങളുടെ ഉറവിടമായ മൂന്നു പേരും ഒത്തു ചേർന്നത്.
വൈകീട്ട് ഏഴോടെ ടൗൺഹാൾ മുറ്റത്തേക്ക് ഒഴുകിയെത്തിയ സദസ്സിനെ സാക്ഷി നിർത്തി മേധ പട്കർ സംഗമം ഉദ്ഘാടനം ചെയ്തു. ജനപക്ഷത്തു നിന്നുള്ള വികസനമാണ് നാടിനാവശ്യമെന്നും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്നും അവർ പറഞ്ഞു. ഭരണഘടനയെ എതിർക്കുന്ന, നെറികേടുകൊണ്ട് നിർവചിക്കപ്പെട്ട ദേശീയതയുടെ ആൾക്കൂട്ടമാണ് ഭരണത്തിലുള്ളത്. ഇതിനെതിരായി എല്ലാവരും രംഗത്തു വരണം. കേരളം അതിന് മികച്ച മാതൃകയാണെന്നും മേധ കൂട്ടിച്ചേർത്തു.
അതേസമയം, മൂലമ്പിള്ളി, ദേശീയപാത വികസനം, ഗെയിൽ പൈപ് ലൈൻ, പുതുവൈപ്പിൻ പ്ലാൻറ് തുടങ്ങിയ പദ്ധതികളെ വിമർശിക്കാനും മേധ തയാറായി. കേരളം പോലുള്ള സുന്ദരമായ സംസ്ഥാനത്ത് എന്തിനാണ് 45 മീറ്ററിൽ ദേശീയ പാതയെന്നും 30 മീറ്ററിലാക്കി കൂടെയെന്നും സി.പി.െഎ നേതാക്കളെ സാക്ഷി നിർത്തി ചോദിക്കാനും അവർ മറന്നില്ല. കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് സമര മുഖത്തേക്ക് വന്നതെന്ന് അഭയ് സാഹു പറഞ്ഞു. ജനകീയ സമരത്തിന് നേതൃത്വം നൽകിയതിന് മൂന്ന് തവണ അറസ്റ്റു ചെയ്യപ്പെട്ട തനിക്കെതിരെ 61 കേസുകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ജനാധിപത്യ വിരുദ്ധമായ കാഴ്ച്ചപ്പാടുകളുള്ള പാർട്ടിയാണ് ബി.ജെ.പിയെന്നും അതിന് നേതൃത്വം നൽകുന്നവരാണ് ആർ.എസ്.എസെന്നും കനയ്യ കുമാർ പറഞ്ഞു. ഇതിനെതിരെ ആരൊക്കെ ഒരുമിച്ചു നിൽക്കുമെന്നതാണ് പ്രധാന ചോദ്യമെന്നും എല്ലാ വിഭാഗം ജനങ്ങളും ഇൗ മുന്നണിയിൽ അണിചേരണമെന്നും കനയ്യ കൂട്ടിച്ചേർത്തു. സി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മഹേഷ് കക്കത്ത്, അഡ്വ. പി. വസന്തം, ശുഭേഷ് സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. പി.ടി. ഷറഫുദ്ദീൻ സ്വാഗതവും അഫ്സൽ പന്തല്ലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
