ഗാന്ധിചിത്രം തകര്‍ത്ത പോലീസ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചന- കെ.സുധാകരന്‍ എം.പി
text_fieldsകോഴിക്കോട് : വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത എസ്.എഫ്.ഐക്കാരെ മഹത്വവൽക്കരിക്കുന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സി.പി.എമ്മിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് മാത്രം കേസ് അന്വേഷിക്കുന്ന കേരള പോലീസിന്റെ വിധേയത്വമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്.
ഓഫീസ് അക്രമികപ്പെടുമ്പോള്‍ പോലീസ് സാന്നിധ്യം ഇല്ലായിരുന്നു. പോലീസിന്റെ മുഖം കൂടി രക്ഷിക്കുന്നതിനാണ് ഇത്തരം ഒരു അവാസ്തവമായ റിപ്പോര്‍ട്ട് പോലീസ് തയ്യാറാക്കിയത്. സത്യസന്ധമല്ലാത്ത റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനുള്ള മാന്യതയും അന്തസ്സും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ടോയെന്നും സുധാകരന്‍ പറഞ്ഞു.
അക്രമം നടന്ന് 4.45വരെ അക്രമികള്‍ ഓഫീസിനും ചുറ്റും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ തന്നെ സാക്ഷ്യപ്പെടുത്തി. ഇതൊന്നും പരിശോധിക്കാതെ ഉന്നതങ്ങളിലെ നിര്‍ദ്ദേശാനുസരണം പോലീസ് തയാറാക്കിയ തിരക്കഥയാണ് ഗാന്ധിചിത്രം തകര്‍ത്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലുള്ളത്. ഓഫീസ് അക്രമിക്കാനെത്തിയ എസ്.എഫ്.ഐ അക്രമികളുടെ തോളില്‍ത്തട്ടി പ്രോത്സാഹിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു.
അതുകൊണ്ട് തന്നെ ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടതില്‍ പോലീസിലെ ചിലരുടെയെങ്കിലും സഹായമോ പങ്കോ ഉണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്തുകൊണ്ട് സി.പി.എമ്മുകാര്‍ക്ക് ഗോഡ്‌സെയോടുള്ള മമത പ്രകടിപ്പിച്ചത് നമുക്ക് വിസ്മരിക്കാനാവില്ല. ഗാന്ധി ചിത്രം തകര്‍ത്ത ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെയ്ച്ച് തടിയൂരാനുള്ള പാഴ് ശ്രമമാണ് പോലീസും സര്‍ക്കാരും നടത്തുന്നത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്.എഫ്.ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ചത്. അക്രമത്തെ പരസ്യമായി തള്ളിപ്പറയാന്‍ നിര്‍ബന്ധിതനായിയെങ്കിലും ഗാന്ധി ചിത്രം ഉയര്‍ത്തികാട്ടി മുഖ്യമന്ത്രി എസ്.എഫ്.ഐക്കാരെ ന്യായീകരിച്ചിരുന്നു. എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരായ പോലീസ് നടപടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പരസ്യമായി രംഗത്ത് വരുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചപ്പോള്‍ കൈയും കെട്ടി നോക്കിനിന്ന പോലീസാണ് എസ്.എഫ്.ഐക്കാരെ വെള്ളപൂശിയ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നത് ചിന്തിക്കുന്ന എല്ലാവര്‍ക്കും മനസിലാകുമെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

