കുമാരസ്വാമിയുടെ തുറന്നുപറച്ചിൽ: കർണാടകയിൽ വീണ്ടും പ്രതിസന്ധി
text_fieldsബംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ തുറന്നുപറച്ചിൽ കർണാടകയിലെ ജെ.ഡി.എസ്- കോൺഗ്രസ് സഖ്യസർക്കാറിനെ പ്രതിസന്ധിയിലാക്കുന്നു. സർക്കാർ രൂപവത്കരിച്ചതിനുശേഷം മന്ത്രിസഭ വിപുലീകരണം, വകുപ്പ് വിഭജനം, ബജറ്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾ തമ്മിലുള്ള തർക്കം ഭരണപ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. ഇതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് മുഖ്യമന്ത്രിപദവി രാജിവെക്കാൻപോലും തയാറാണെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞത്.
സഖ്യസർക്കാറിൽ അതൃപ്തരായ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളും കുമാരസ്വാമിയെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസിൽനിന്നുള്ള സമ്മർദം വന്നപ്പോഴോക്കെ ഇത്തരത്തിൽ കുമാരസ്വാമി പ്രതികരിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനത്ത് താൻ സന്തുഷ്ടനല്ലെന്നും സഖ്യസർക്കാറിെൻറ വിഷം കഴിച്ച അവസ്ഥയിലാണെന്നുമുള്ള വൈകാരിക പ്രസംഗം കോൺഗ്രസ് നേതാക്കളെയും അങ്കലാപ്പിലാക്കി.
മുഖ്യമന്ത്രിസ്ഥാനത്തിലൂടെ കുമാരസ്വാമിക്ക് വിഷമല്ല, അമൃതാണ് കോൺഗ്രസ് നൽകിയതെന്നാണ് േകാൺഗ്രസ് എം.എൽ.എ ഡോ. സുധാകർ പ്രതികരിച്ചത്. സ്വയം കരയുന്നതിനുപകരം സാധാരണക്കാരുടെ കണ്ണീരൊപ്പാനാണ് കുമാരസ്വാമി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുമാരസ്വാമിയോട് വിഷം കുടിക്കാൻ തങ്ങളല്ല ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് എ. മഞ്ജു വിമർശിച്ചു. ചില കോൺഗ്രസ് നേതാക്കളാണ് സഖ്യസർക്കാറിന് പ്രതിസന്ധി സൃഷ്ടിച്ചതെന്നും കുമാരസ്വാമിയെ ഭരിക്കാൻ അനുവദിക്കണമെന്നുമാണ് കോൺഗ്രസ് നേതാവ് കെ.ബി. കോലിവാദ് പ്രതികരിച്ചത്.
കാർഷിക വായ്പ എഴുതിത്തള്ളാനുള്ള തുക കണ്ടെത്തുന്നതിനായി പെട്രോൾ, ഡീസൽ നികുതി വർധിപ്പിച്ചതും അന്നഭാഗ്യ പദ്ധതിയിൽ ബി.പി.എൽ വിഭാഗക്കാർക്കുള്ള അരി ഏഴു കിലോയിൽനിന്നും അഞ്ചുകിലോ ആക്കി കുറച്ചതും കോൺഗ്രസ് വിമർശിച്ചിരുന്നു. ഫണ്ട് കണ്ടെത്താനുള്ള തീരുമാനങ്ങളെ എതിർക്കുന്നതിൽ അതൃപ്തനായ കുമാരസ്വാമി ക്ഷമകെട്ടാണ് തുറന്നുപറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
