സമീക്ഷയുടെ രാജിയിലെ കോണ്‍ഗ്രസ് പ്രതീക്ഷ
text_fieldsഗ്വാളിയോര്‍ മേയറായിരുന്ന സമീക്ഷ ഗുപ്തയെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ അവസാന നിമിഷം വരെ ബി.ജെ.പി നടത്തിയ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തിയായിരുന്നു ചൊവ്വാഴ്ച വൈകീട്ട് അവരുടെ രാജിപ്രഖ്യാപനം. ഗ്വാളിയോറില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുക്കാന്‍ ഏല്പിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന് പുറമെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ പ്രഭാത് ഝായും സമീക്ഷയോട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ബുധനാഴ്ച താന്‍ പിന്മാറില്ലെന്നും സ്വതന്ത്രയായി മത്സരരംഗത്തുണ്ടാകുമെന്നും വാര്‍ത്തസമ്മേളനത്തില്‍ സമീക്ഷ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി തോമര്‍ തെൻറ മണ്ഡലത്തിലേക്ക് വിളിച്ചുവരുത്തിയശേഷമായിരുന്നു ഇത്. ഗ്വാളിയോര്‍ മേയര്‍ വിവേക് ഷെവല്കറും ആർ.എസ്.എസ് നിയോഗിച്ച സംഘടന സെക്രട്ടറി ശൈലേന്ദ്ര ബറുവയും സമീക്ഷയെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ദേശീയ നേതൃത്വം ഇടപെട്ടത്.
സമീക്ഷ ചോദിച്ച ഗ്വാളിയോര്‍ സൗത്ത് സീറ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിങ് എം.എൽ.എയുമായ നാരായണ്‍ സിങ് കുഷ്വാഹ മുന്‍ മേയറുടെ ഭര്‍ത്താവിനെയും ഭാര്യാപിതാവിനെയും കണ്ട് സ്വാധീനിക്കാന്‍ നടത്തിയ ശ്രമവും ഫലംകണ്ടില്ല.
കോണ്‍ഗ്രസിെൻറ ഗ്വാളിേയാര്‍ ജില്ല കാര്യാലയത്തിലെത്തുമ്പോള്‍ സമീക്ഷയുടെ രാജി നല്കിയ ആത്മവിശ്വാസത്തിലാണ് ഗ്വാളിയോര്‍ സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രവീൺ പാഠക്. വീണുകിട്ടിയ പ്രതീക്ഷയുടെ ആവേശത്തില്‍ തനിക്ക് ജയത്തിനുള്ള വഴി തുറന്നിരിക്കുന്നുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോടു പറഞ്ഞു.
സൗത്തിനും ഈസ്റ്റിനും പുറമെ ഗ്വാളിയോർ, ഗ്വാളിയോര്‍ റൂറൽ, ധാബ്ര (എസ്.സി സംവരണ മണ്ഡലം), ഭിത്രവാഡ് എന്നീ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ബി.ജെ.പി നേരിട്ടുള്ള മത്സരമാണ്, ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടിയും എല്ലായിടത്തുമുണ്ടെങ്കിലും.
ഇതുവരെയും തന്നെ ഗൗനിക്കാതിരുന്നവർ താന്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നുവെന്ന് കഴിഞ്ഞ നാലു ദിവസമായി പറയുന്നുണ്ടെന്ന് ഗ്വാളിയോര്‍ ഈസ്റ്റിലെ ആം ആദ്മി പാര്‍ട്ടിയുടെ മനീഷ സിങ് തോമര്‍ പറയുന്നത് നിഷ്കളങ്കമായി കരുതാന്‍ വയ്യാത്തതും ഇതുകൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
