മുസ്ലിം ലീഗ് നേതൃയോഗത്തിൽ മുതിർന്ന നേതാക്കൾ തമ്മിൽ വാക്പോര്
text_fieldsകോഴിക്കോട്: ബുധാഴ്ച ലീഗ് ഹൗസിൽ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.പി-എൽ.എ.മാരുടെയും യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോര്. ന്യൂനപക്ഷവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുന്ന ബി.ജെ.പി സർക്കാറിെൻറ നിലപാടുകളെ പ്രതിരോധിക്കുന്നതിൽ പാർലമെൻറ് അംഗങ്ങൾ തീർത്തും പരാജയമാണെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു. ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എം.ഷാജി, കെ.എസ്.ഹംസ എന്നിവരാണ് എം.പിമാരെ കടന്നാക്രമിച്ചത്.
കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് ചേർന്ന പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയിലെ തീരുമാനങ്ങളും തർക്കത്തിനു കാരണമായി. ഭരണഘടന സാധുതയില്ലാതെ പാർട്ടി ദേശീയ ഭാരവാഹികളെ മാറ്റി പ്രതിഷ്ഠിച്ചതും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതും യോഗത്തിൽ ചൂടേറിയ തർക്കങ്ങൾക്കു കാരണമായി. ദേശീയ പ്രസിഡൻറിനെ നോക്കുകുത്തിയാക്കി സംസ്ഥാന പ്രസിഡൻറാണ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
അസം-കാശ്മീർ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മുസ്ലിം ലീഗ് കോഴിക്കോട്ട് ഫാഷിസ്റ്റ്വിരുദ്ധ റാലി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ‘ഭയരഹിത ഇന്ത്യ എല്ലാവർക്കും ഉള്ള ഇന്ത്യ’ മുദ്രാവാക്യവുമായി മുസ്ലിം ലീഗ് ആരംഭിക്കുന്ന ദേശിയ കാമ്പയിെൻറ ഭാഗമായാണ് റാലി.
മുസ്ലിം ലീഗ് പോഷക സംഘടനയായ ദുബൈ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയിലെ വിഭാഗീയത പരിഹരിക്കുന്നതിനായി പാണക്കാട് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തി.
ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് സ്വാഗതം പറഞ്ഞു. ദേശീയഭാരവാഹികളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, സംസ്ഥാന ഭാരവാഹിയായ എം.സി. മായിൻഹാജി, വി.കെ. അബ്ദുൽ ഖാദർ. അബ്ദുറഹ്മാൻ കല്ലായി, വി.കെ. ഇബ്രാഹിം കുഞ്ഞ്, എം.കെ. മുനീർ തുടങ്ങിയവർ പങ്കെടുത്തു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ ഒമ്പത് എം.എൽ.എമാരെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
