ഫലം എന്തായാലും മൂന്ന് മുന്നണികൾക്കും നിർണായകം
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എക്കും നിർണായകം. കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങൾ അടയാളപ്പെടുത്തുന്നതായി ഫലം മാറുമെന്ന് മൂന്ന് മുന്നണികളും തിരിച്ചറിയുന്നതിനാൽ ജീവൻമരണ പോരാട്ടത്തിലാണ് നേതൃത്വം. ഇനിയുള്ള മൂന്ന് വർഷവും തെരഞ്ഞെടുപ്പുകളുടേത് കൂടിയാണെന്നതാണ് പ്രാധാന്യം വർധിപ്പിക്കുന്നത്. ചെങ്ങന്നൂരിന് പിന്നാലെ 2019ൽ പാർലമെൻറ് തെരഞ്ഞെടുപ്പും 2020ൽ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും 2021ൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ഇതിൽ വിജയിക്കുക എന്നത് എല്ലാവരുടെയും അഭിമാനപ്രശ്നമാണ്. അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയായതിന് പിന്നാലെ നടക്കുന്നു എന്നതിനാൽ എൽ.ഡി.എഫിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംബന്ധിച്ചും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിെൻറ വിലയിരുത്തൽ കൂടിയാണ്. വികസനമെന്ന വലിയ അജണ്ട മുന്നിൽവെച്ച ഇടത് സർക്കാറിെൻറ മാർക്കിടൽ കൂടിയായി ഫലം വിലയിരുത്തപ്പെടും. അതുകൊണ്ട് തന്നെ 11 റാലികളിൽ പെങ്കടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ചെങ്ങന്നൂരിലെ ഉൾപ്പെടെ വികസനനേട്ടങ്ങൾ എണ്ണിയാണ് വോട്ട് തേടിയത്. പ്രബല സമുദായ സംഘടനകളുടെ പ്രകടമായ എതിർപ്പ് സർക്കാറിനും സി.പി.എമ്മിനും എതിെര ഉണ്ടായില്ലെന്നത് അനുകൂലഘടകമായി.
ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരായ വികാരത്തെ വികസന അജണ്ട മറികടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണത്തെ വിജയ ശതമാനമായ 36.38 ഇത്തവണ 64 ശതമാനമായി വർധിപ്പിക്കുക ഇതിനായി പുതുതായി 20,000 വോട്ട് അധികം നേടുക എന്നതാണ് സി.പി.എം നേരിടുന്ന വെല്ലുവിളി. കഴിഞ്ഞതവണത്തെ 52,880 വോട്ട് എന്നത് 75,000 ആക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. തോൽവി ഭരണത്തിന് വെല്ലുവിളിയാവില്ലെങ്കിലും പ്രതിപക്ഷ ആരോപണത്തിെൻറ മൂർച്ച കൂടുകയും വികസന പരിപ്രേക്ഷ്യത്തെ ചോദ്യംചെയ്യാൻ മറ്റുള്ളവർക്ക് ശക്തിനൽകുകയും ചെയ്യുമെന്ന് സി.പി.എം തിരിച്ചറിയുന്നു. കോൺഗ്രസ് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കെ.എം. മാണിയുടെ മുന്നണയിലേക്കുള്ള തിരിച്ചുവരവ് നൽകിയ ആത്മവിശ്വാസമാണ് അതിലൊന്ന്. മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനും മേൽ നേടുന്ന രാഷ്ട്രീയ മേൽകൈ കൂടിയാവും വിജയമെന്നും തിരിച്ചറിയുന്നു. ഗ്രൂപ്പുകൾക്ക് അതീതമായ െഎക്യം മണ്ഡലത്തിൽ കാഴ്ചവെക്കാൻ കോൺഗ്രസിന് കഴിഞ്ഞു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലക്കും പ്രധാനമാണ്. തെൻറ പ്രവർത്തനമികവിെൻറ പരീക്ഷയായി വിലയിരുത്തപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാം. ദേശീയ രാഷ്ട്രീയത്തിലേക്ക് പൊടുന്നനെ ഉയർത്തപ്പെട്ട ഉമ്മൻ ചാണ്ടിക്ക് വിജയം സാമുദായിക ഘടകങ്ങളിലെ തെൻറ ശക്തിപ്രകടനം കൂടിയാവും.
എല്ലാവർക്കും പ്രതീക്ഷ നൽകി പഴയ ലാവണത്തിലേക്ക് തന്നെ മടങ്ങിയ കെ.എം. മാണിയെ സംബന്ധിച്ച് യു.ഡി.എഫിെൻറ തോൽവി കേരളാ കോൺഗ്രസിെൻറ അസ്തിത്വത്തെ തന്നെ ചോദ്യംചെയ്യുന്നതായി മാറും. പ്രചാരണത്തിെൻറ മൂർധന്യത്തിൽ അധ്യക്ഷൻ തന്നെ ഇല്ലാതായ ബി.ജെ.പിക്ക്, എൻ.ഡി.എ എന്ന നിലയിൽ മുന്നണിയുടെ നിലനിൽപ് തീരുമാനിക്കുന്നത് കൂടിയായി ഫലം മാറിയേക്കും. കഴിഞ്ഞതവണത്തെ വോട്ട് എങ്കിലും നേടിയില്ലെങ്കിൽ ഇപ്പോൾ മുഖംതിരിച്ച് നിൽക്കുന്ന ബി.ഡി.ജെ.എസും മറ്റ് ഘടകക്ഷികളും സ്വീകരിക്കുന്ന നിലപാട് എന്താവുമെന്നത് നേതൃത്വത്തിെൻറ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
മോദി സർക്കാറിെൻറ നയങ്ങളുടെയും രാഷ്ട്രീയത്തിെൻറയും വിലയിരുത്തൽ കൂടി ചെങ്ങന്നൂരിലെ വോട്ടർമാർ നടത്തുമെന്ന് ബി.ജെ.പിക്ക് അറിയാം. വോട്ട് കുറയുന്നത് പാർട്ടിക്കുള്ളിലെ ഗ്രൂപ് പോരിന് ആക്കംകൂട്ടുക മാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി തീർത്തും ദുർബലമാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
