മുകുന്ദപുരം മുഖം നോക്കും ചാലക്കുടി
text_fieldsതൃശൂർ: താരപ്രഭയാണ് ഇന്ന് ചാലക്കുടിയുടെ അടയാളം. എന്നാൽ, അതികായരെ അടിയറവ് പറയിച്ച ചരിത്രവും മണ്ഡലത്തിന് പറയാനുണ്ട്. എന്നും യു.ഡി.എഫിനോട് ചേർന്നുനിന്നിട്ടുള്ള പഴയ മുകുന്ദപുരം ലോക്സഭ മണ്ഡലമാണ് ചാലക്കുടിയായി പരിണമിച്ചത്. കൊടുങ്ങല്ലൂർ, കയ്പമംഗലം, ചാലക്കുടി, അങ്കമാലി, ആലുവ, കുന്നത്തുനാട്, പെരുമ്പാവൂർ എന്നിങ്ങനെ എറണാകുളം, തൃശൂർ ജില്ലകളിലായുള്ള ഏഴു നിയോജക മണ്ഡലങ്ങൾ ചേർന്നതാണ് ചാലക്കുടി. പേര് മാറിയെങ്കിലും മുകുന്ദപുരത്തിെൻറ രാഷ്ട്രീയ സ്വഭാവമാണ് ചാലക്കുടിയിലും നിഴലിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തോട് അല്പം കൂടുതല്‍ കൂറുപുലര്ത്തിയിട്ടുള്ള പഴയ മുകുന്ദപുരം ഇടക്ക് എൽ.ഡി.എഫിന് വൻ ഭൂരിപക്ഷം നൽകി വഴിമാറി നടക്കുകയും ചെയ്തിട്ടുണ്ട്.
സി.പി.എം താത്ത്വികാചാര്യൻ പി. ഗോവിന്ദപിള്ളയെയും ഇ.എം.എസിെൻറ മകന് ഇ.എം. ശ്രീധരനെയും വി. വിശ്വനാഥ മേനോനെയും തോൽപിച്ച മുകുന്ദപുരം, ലീഡർ കെ. കരുണാകരെൻറ മകൾ പത്മജയെ തോൽപിച്ചത് റെേക്കാഡ് വോട്ടിനായിരുന്നു. ഒരു ലക്ഷത്തില്‍പരം വോട്ടുകൾക്ക് വിജയിച്ച ഇടതിലെ ലോനപ്പന് നമ്പാടനായിരുന്നു മുകുന്ദപുരത്തിെൻറ അവസാനത്തെ എം.പിയെങ്കില്‍ കോണ്‍ഗ്രസിലെ കെ.പി. ധനപാലനായിരുന്നു ചാലക്കുടി മണ്ഡലത്തിലെ ആദ്യത്തെ എം.പി.
ഏറ്റത് എൽ.ഡി.എഫ് സാഹസികത
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ എൽ.ഡി.എഫും യു.ഡി.എഫും നടത്തിയത് അതിസാഹസമായിരുന്നു. എൽ.ഡി.എഫിെൻറ സാഹസികത ‘നിഷ്കളങ്കത’യോടെ ആയതിനാൽ ജയം ഇടതു സ്വതന്ത്രൻ ഇന്നസെൻറിനായി. തൃശൂരിൽ പി.സി. ചാക്കോയെ നിർത്തരുതെന്ന അതിരൂപതയുടെ താക്കീതിനെ തുടർന്നാണ് യു.ഡി.എഫ് സാഹസികതക്ക് ഒരുങ്ങിയത്. തൃശൂരിലെ അന്നത്തെ സിറ്റിങ് എം.പി പി.സി. ചാക്കോയെ ചാലക്കുടിയിലേക്കും ചാലക്കുടി എം.പി കെ.പി. ധനപാലനെ തൃശൂരിലേക്കും വെച്ചുമാറി. പേക്ഷ, വെച്ചുമാറ്റം രണ്ടു മണ്ഡലങ്ങളും യു.ഡി.എഫിന് നഷ്ടപ്പെടുത്തി. ചാലക്കുടിയിൽ ചാക്കോക്ക് എതിരാളിയായി സിനിമതാരം ഇന്നസെൻറിനെ ഇറക്കിയ ഇടതു നീക്കത്തിനെതിരെ സി.പി.എമ്മിന് പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഏറെ ആക്ഷേപം കേൾക്കേണ്ടിവന്നെങ്കിലും തെരഞ്ഞെടുപ്പിലെ ഇന്നസെൻറിെൻറ വിജയം എല്ലാ ആക്ഷേപങ്ങളും മായ്ച്ചുകളഞ്ഞു.
ഇടതുമുന്നണിയും കോൺഗ്രസും ഇൗ വിജയത്തിൽ ഒരുപോലെ ഞെട്ടിയെന്നതാണ് യാഥാർഥ്യം. മണ്ഡലത്തിൽ നിരവധി വികസനപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.പി. ധനപാലന് പകരം പി.സി. ചാക്കോയെ മത്സരിപ്പിച്ചതിലെ കലഹം ഇപ്പോഴും കോൺഗ്രസിൽ ഒടുങ്ങിയിട്ടില്ല. പി.സി. ചാക്കോയെ അട്ടിമറിച്ച് ഇന്നസെൻറ് 13,884 വോട്ടിെൻറ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. ബി.ജെ.പി മണ്ഡലത്തിലെ നിര്‍ണായക ശക്തിയാണ്. 2014ൽ 92,848 വോട്ടാണ് ബി.ജെ.പി നേടിയത്.
എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ, അങ്കമാലി മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് ആധിപത്യം. ക്രിസ്ത്യൻ-യാക്കോബായ വിഭാഗങ്ങളാണ് ഇവിടെ കൂടുതൽ. തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കയ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വലിയ മുന്‍തൂക്കമുണ്ട്. 15 വർഷം സാജു പോൾ നിലനിർത്തിയ പെരുമ്പാവൂർ, നിയമ വിദ്യാർഥിനിയുടെ കൊലപാതകത്തെതുടർന്നുള്ള വിവാദത്തിൽ കൈവിട്ടുപോവുകയായിരുന്നു. ഇവിടെ കോൺഗ്രസിലെ എൽദോസ് കുന്നപ്പിള്ളി 7088 വോട്ടിനാണ് ജയിച്ചത്.
ഇല്ലെന്ന് ഇന്നസെൻറ്
ഇത്തവണ മത്സരിക്കാനില്ലെന്ന് ഇന്നസെൻറ് സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം മുൻ ജില്ല സെക്രട്ടറിയുമായ പി. രാജീവിനെയാണ് സി.പി.എം ഇവിടേക്ക് പ്രധാനമായും പരിഗണിക്കുന്നത്. കോൺഗ്രസിലാവട്ടെ, അവകാശവാദങ്ങളും സമ്മർദങ്ങളും ആരംഭിച്ചുകഴിഞ്ഞു. എ.ഐ.സി.സി പ്രവർത്തക സമിതിയംഗം പി.സി.ചാക്കോ, തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, കെ.പി. ധനപാലൻ, യൂത്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എന്നിവരാണ് പ്രധാനമായും മുന്നിലുള്ളത്.
ചാലക്കുടി ലോക്സഭ (2014)
ഇന്നസെൻറ് (എൽ.ഡി.എഫ്- സ്വതന്ത്രൻ) -3,58,440
പി.സി. ചാക്കോ (കോൺഗ്രസ്) -3,44,556
ബി. ഗോപാലകൃഷ്ണൻ (ബി.ജെ.പി) -92,848
ഭൂരിപക്ഷം -13,884
നിയമസഭ (2016)
ചാലക്കുടി
ബി.ഡി. ദേവസി-സി.പി.എം-എൽ.ഡി.എഫ്-74,251
ടി.യു. രാധാകൃഷ്ണൻ -കോൺഗ്രസ്-യു.ഡി.എഫ് 47,603
കെ.എ. ഉണ്ണികൃഷ്ണൻ-ബി.ഡി.ജെ.എസ് -എൻ.ഡി.എ-26,229
ഭൂരിപക്ഷം-26,648
കയ്പമംഗലം
ഇ.ടി. ടൈസൺ- സി.പി.ഐ-എൽ.ഡി.എഫ് 66,824
എം.ടി. മുഹമ്മദ് നഹാസ്- ആർ.എസ്.പി-യു.ഡി.എഫ്-33,384
ഉണ്ണികൃഷ്ണൻ തഷ്ണാത്ത്-ബി.ഡി.ജെ.എസ്-എൻ.ഡി.എ-30,041
ഭൂരിപക്ഷം-33,440
കൊടുങ്ങല്ലൂർ
വി.ആർ. സുനിൽകുമാർ-സി.പി.ഐ-എൽ.ഡി.എഫ്-67,909
കെ.പി. ധനപാലൻ-കോൺഗ്രസ്-യു.ഡി.എഫ്-45,118
സംഗീത വിശ്വനാഥൻ-ബി.ഡി.ജെ.എസ്-എൻ.ഡി.എ-32,793
ഭൂരിപക്ഷം-22,791
കുന്നത്തുനാട്
വി.പി. സജീന്ദ്രൻ-കോൺഗ്രസ്-യു.ഡി.എഫ് -65,445
ഷിജി ശിവജി-സി.പി.എം-എൽ.ഡി.എഫ്-62,766
തുറവൂർ സുരേഷ്-ബി.ഡി.ജെ.എസ്-എൻ.ഡി.എ-16,459
ഭൂരിപക്ഷം-2679
പെരുമ്പാവൂർ
അഡ്വ. എൽദോസ് കുന്നപ്പിള്ളി-കോൺഗ്രസ്-യു.ഡി.എഫ് -64,285
സാജു പോൾ-സി.പി.എം-എൽ.ഡി.എഫ്-57,197
ഇ.എസ്. ബിജു-ബി.ജെ.പി-എൻ.ഡി.എ-19,731
ഭൂരിപക്ഷം-7088
അങ്കമാലി
റോജി എം. ജോൺ-കോൺഗ്രസ്-യു.ഡി.എഫ്-66,666
ബെന്നി മൂഞ്ഞേലി-ജെ.ഡി-എസ്-എൽ.ഡി.എഫ്-57,480
പി.ജെ. ബാബു-കേരള കോൺ. (പി.സി)-9014
ഭൂരിപക്ഷം- 9186
ആലുവ
അൻവർ സാദത്ത്-കോൺഗ്രസ്-യു.ഡി.എഫ്-69,568
അഡ്വ. വി. സലിം-സി.പി.എം-എൽ.ഡി.എഫ്-50,733
ലത ഗംഗാധരൻ-ബി.ജെ.പി-എൻ.ഡി.എ-19,349
ഭൂരിപക്ഷം-18,835
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
