ഗുജറാത്തിൽ ബി.ജെ.പിക്കുമേൽ ജാതിക്കുരുക്ക് മുറുകുന്നു
text_fieldsഅഹ്മദാബാദ്: തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ ഗുജറാത്തിൽ ബി.ജെ.പിക്ക് മുന്നിൽ വെല്ലുവിളികൾ പെരുകുന്നു. ജാതി, സമുദായ സംഘടനകളാണ് മുമ്പില്ലാത്തവിധം പാർട്ടിയുടെ ഉറക്കം കെടുത്തുന്നത്. പട്ടീദാർ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പേട്ടൽ, പിന്നാക്ക ജാതി നേതാവ് അൽപേഷ് ഠാകുർ, ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി എന്നിവർ ഉയർത്തുന്ന വെല്ലുവിളിക്ക് പുറമേ കാരഡിയ രജപുത്ര സമുദായവും ബി.ജെ.പിക്കെതിരെ രംഗത്തെത്തി. സൗരാഷ്ട്ര മേഖലയിലെ 35 നിയോജക മണ്ഡലങ്ങളിൽ രജപുത്രർക്ക് നിർണായക ശക്തിയുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ ജിത്തു വഖാനി രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. ഭാവ്നഗർ വെസ്റ്റ് മണ്ഡലത്തിൽനിന്ന് വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന വഖാനി പട്ടീദാർ സമുദായാംഗമാണ്.
കാരഡിയ രജപുത്ര വിഭാഗക്കാരനും മുൻ ബുധേൽ ഗ്രാമമുഖ്യനുമായ ദശാങ് മോരിക്കെതിരെ നാല് ക്രിമിനൽ കേസുകളെടുത്തതാണ് സമുദായത്തെ പ്രകോപിപ്പിച്ചത്. വഖാനിയുടെ നിർദേശപ്രകാരമാണ് കേസെടുത്തതെന്ന് രജപുത്രർ ആരോപിക്കുന്നു. ഇതേതുടർന്ന് രാജ്കോട്ടിൽ സ്ഥാപിച്ച പരസ്യ ബോർഡിലെ വഖാനിയുടെ ചിത്രം പ്രതിഷേധക്കാർ വികൃതമാക്കി. ബോർഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും ചിത്രങ്ങളുണ്ടായിരുന്നു. അമിത് ഷായുടെ രാജ്കോട്ട് സന്ദർശനത്തിന് മണിക്കൂറുകൾ മുമ്പായിരുന്നു സംഭവം.
ബുധേൽ ഗ്രാമത്തിലെ മേച്ചിൽ സ്ഥലത്ത് വഖാനിയും കച്ചവട പങ്കാളികളും ചേർന്ന് കെട്ടിടം പണിയുന്നത് മോരിയുടെ നേതൃത്വത്തിൽ ഗ്രാമീണർ തടഞ്ഞിരുന്നു. തുടർന്ന് മോരിയെ ഗ്രാമമുഖ്യൻ സ്ഥാനത്തുനിന്ന് പുറത്താക്കിയ വഖാനി സ്ഥലം കൈവശപ്പെടുത്തി കെട്ടിടം നിർമിച്ചത്രെ. പിന്നീട് മോരിക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യിച്ചെന്നുമാണ് ആരോപണം. വഖാനി രാജിവെക്കണമെന്നും മോരിക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും രജപുത്ര നേതാവ് കൻബ ഗോഹിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സൗരാഷ്ട്ര മേഖലയിലെ 25 മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്നാണ് ഭീഷണി.
സമുദായ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം, ആക്ഷേപങ്ങൾ നിഷേധിച്ച പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ െഎ.കെ. ജദേജ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് പ്രതികരിച്ചു. എന്നാൽ, രജപുത്രർ പ്രക്ഷോഭവുമായി മുന്നോട്ടുപോവുകയാണ്. രജപുത്രർകൂടി എതിരായാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കടുത്ത തിരിച്ചടിയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
