പിടിച്ചുനിൽക്കാൻ വഴി തേടി ബി.ജെ.പി നിർവാഹക സമിതി യോഗം
text_fieldsന്യൂഡൽഹി: രാജ്യത്ത് വിപ്ലവം പ്രഖ്യാപിച്ച് മോദിസർക്കാർ അവതരിപ്പിച്ച വൻ പദ്ധതികളൊക്കെയും പരാജയമായതിെൻറ ക്ഷീണം മറികടക്കാൻ വഴികൾ തേടി ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിന് തുടക്കം. ലക്ഷ്യം പാളിപ്പോയ നോട്ട് നിരോധനം, ഉത്തേജക പദ്ധതികളുടെ താങ്ങുണ്ടായിട്ടും കുത്തനെ ഇടിയുന്ന സാമ്പത്തിക വളർച്ചനിരക്ക്, കൊട്ടിഗ്ഘോഷിച്ച തൊഴിൽ അവസരങ്ങളുടെ കുറവ് തുടങ്ങി പഴികേൾക്കാൻ വിഷയങ്ങൾ ഏറെ മുന്നിൽ കിടക്കുന്നതിനിടെയാണ് കൂടുതൽ അംഗങ്ങളെ പെങ്കടുപ്പിച്ച് നിർവാഹക സമിതി ഡൽഹിയിൽ ഇന്നലെ ആരംഭിച്ചത്.
ദേശീയ നിർവാഹക സമിതിയംഗങ്ങൾക്കു പുറമെ പതിവിൽനിന്ന് വ്യത്യസ്തമായി പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട 1400 എം.എൽ.എമാർ, 337 എം.പിമാർ, എം.എൽ.സിമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, കോർ ഗ്രൂപ് അംഗങ്ങൾ എന്നിവർകൂടി യോഗത്തിൽ സംബന്ധിക്കും. ഒരു വർഷം നീണ്ട ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷത്തിെൻറ സമാപനത്തോടനുബന്ധിച്ചാണ് ഇൗ വിസ്തൃത യോഗം. ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ 2,000ത്തിൽ പരം അംഗങ്ങൾ പെങ്കടുക്കുന്ന യോഗത്തിെൻറ സമാപന പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിർവഹിക്കും. ടെലിവിഷനിലൂടെ പരിപാടിയുടെ നടപടികൾ മുഴുവൻ സംപ്രേഷണം ചെയ്യുന്നതരത്തിലാണ് യോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്നത്തെ യോഗത്തിന് മുന്നോടിയായി ദേശീയ പ്രസിഡൻറ് ഞായറാഴ്ച ഭാരവാഹികളുമായി ചർച്ച നടത്തി.
ആഭ്യന്തര വളർച്ചയിലെ ഇടിവും നോട്ട് നിരോധന പരാജയവും ജനാധിപത്യവിരുദ്ധ നടപടികളും ഉയർത്തി പ്രതിപക്ഷം മോദിക്കും കേന്ദ്ര സർക്കാറിനും എതിരെ കടുത്ത കടന്നാക്രമണമാണ് നടത്തുന്നത്. ചൈനയുമായുള്ള അതിർത്തി തർക്കം കൈകാര്യം ചെയ്തതിലടക്കം വേണ്ടത്ര കരുതലില്ലാതെ പോയതിന് പുറമെ രാജ്യത്തിെൻറ ആഭ്യന്തര വളർച്ചയും തൊഴിലില്ലായ്മയും സാധാരണ ജനങ്ങൾക്കിടയിൽ തന്നെ കടുത്ത അതൃപ്തിക്കിടയാക്കി. ആസൂത്രണ കമീഷനു പകരം കൊണ്ടുവന്ന നിതി ആയോഗിനെതിരെ സംഘ്പരിവാർ സംഘടനകൾ നേരത്തേ വിമർശനവുമായി രംഗത്തുവന്നിരുന്നു. ബി.എം.എസ് ആകെട്ട ഒരുപടികൂടി കടന്ന് നിതി ആയോഗ് പിരിച്ചുവിടണമെന്നാണ് ആവശ്യപ്പെട്ടത്.
സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും ജനങ്ങളുടെ ഇടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വാരാണസിയിൽ ചേർന്ന ആർ.എസ്.എസ് നേതൃയോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. മോദിയുടെ തട്ടകമായ ഗുജറാത്തിലും കർണാടക, മിസോറം, ത്രിപുര, ഹിമാചൽപ്രദേശ്, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും അടുത്ത വർഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനവികാരം എതിരാവുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതിനാൽ പാർട്ടി അണികളുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്ന ഒന്നോ രണ്ടോ പ്രമേയങ്ങൾ യോഗം പാസാക്കുമെന്നാണ് സൂചന. മാത്രമല്ല, പ്രധാനമന്ത്രിയുടെ അഭിസംബോധന രാഷ്ട്രീയ എതിരാളികൾക്ക് മറുപടിയും ജനവിശ്വാസം തകരാതിരിക്കാനും ലക്ഷ്യമിട്ടായിരിക്കും. ദേശീയ പ്രതിച്ഛായക്ക് ഏറ്റ തിരിച്ചടിയുടെ പ്രതിഫലനമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയിൽ നിന്നുണ്ടായ നടപടികളെന്നും വിലയിരുത്തുന്നു. സുപ്രീംകോടതി വിധിയുടെ മറവിൽ പുനരധിവാസം പൂർത്തീകരിക്കാതെ സർദാർ സരോവർ അണക്കെട്ടിെൻറ ഷട്ടർ അടച്ചതും ജപ്പാൻ പ്രധാനമന്ത്രിയെ അഹ്മദാബാദിൽ സ്വീകരിച്ചതും മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായിരുന്നു.
മോദിയെന്ന ദേശീയ നേതാവിൽനിന്ന് ഗുജറാത്ത് മഹിമയിലേക്കുള്ള തിരിച്ചുപോക്കിലേക്ക് മോദിയും ബി.ജെ.പിയും നിർബന്ധിതരായിരിക്കുന്നതിെൻറ തെളിവാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
