You are here

ബംഗളൂരു എം.എൽ.എമാരെ അനുനയിപ്പിച്ചില്ലെങ്കിൽ കോൺഗ്രസിന് തിരിച്ചടി

00:29 AM
08/07/2019

ബംഗളൂരു: എം.എൽ.എമാരുടെ കൂട്ടരാജിയോടെ വീഴ്ചയുടെ വക്കിലെത്തിയ സഖ്യസർക്കാറിലെ പ്രതിസന്ധിയിൽ ബംഗളൂരുവിലെ നാടകീയ നീക്കങ്ങൾക്കും അവസാനമില്ല. നാടകീയനീക്കങ്ങളും ചർച്ചകളും പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി അവധി ദിവസമായ ഞായറാഴ്ചയും കർണാടക കലങ്ങിമറിയുകയായിരുന്നു.

ബംഗളൂരുവിലെ സിദ്ധരാമയ്യയുടെ വസതിയായ കാവേരിയും ഐ.ടി.സി ഹോട്ടലും ദേവഗൗഡയുടെ വസതിയുമാണ് ഞായറാഴ്ച ശ്രദ്ധാേകന്ദ്രമായത്. ബംഗളൂരുവിലെ കോൺഗ്രസി​െൻറ മുഖമായ രാമലിംഗ റെഡ്​ഡിയെയും ബംഗളൂരു നഗര മണ്ഡലങ്ങളിലെ മറ്റു മൂന്ന്​ എം.എൽ.എമാരെയും അനുനയിപ്പിക്കാനായില്ലെങ്കിൽ കോൺഗ്രസിന് കനത്തതിരിച്ചടിയാകും. രാമലിംഗ റെഡ്​ഡി തീരുമാനം പിൻവലിച്ചില്ലെങ്കിൽ നഗരത്തിൽ കോൺഗ്രസ് ദുർബലമാകും.

ബംഗളൂരു കോർപറേഷനൊപ്പം നഗരത്തിൽതന്നെ കോൺഗ്രസി​െൻറ വിലാസം നഷ്​​ടപ്പെടും. നാലുപേരെ അനുനയിപ്പിച്ചില്ലെങ്കിൽ കോൺഗ്രസി​െൻറ പിളർപ്പിലേക്കും അതു നയിക്കും. ഇതൊഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം. സർക്കാറിലും നേതൃത്വത്തിലുമുള്ള അതൃപ്തിയാണ് ഇൗ നാലുപേരുടെ രാജിയിലേക്ക്​ നയിച്ചത്​.  ഇവരുടെ കാര്യത്തിൽ ബി.ജെ.പി ഇടപെടൽ ഇല്ലാത്തതിനാൽ അനുനയിപ്പിക്കാമെന്നാണ് പ്രതീക്ഷ. ബി.ജെ.പി സർക്കാർ രൂപവത്കരിക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടത്തുന്നുവെന്ന അഭ്യൂഹം ശക്തമായിരിക്കെ എം.എൽ.എമാരിൽ കഴിയുന്നത്രപേരെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ജെ.ഡി.എസും. ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ പ്രതിസന്ധിക്ക് ഞായറാഴ്ചയും അയവില്ല.

ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി.എസ് ആസ്ഥാനങ്ങളിലും വിധാൻ സൗദയിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒൗദ്യോഗിക വസതികളിലും കനത്തസുരക്ഷയാണ് ഞായറാഴ്ച ഏർപ്പെടുത്തിയത്. കോൺഗ്രസിലും ജെ.ഡി.എസിലും ഇപ്പോഴും അപ്രതീക്ഷിത തിരിച്ചടിയുടെ അങ്കലാപ്പ് മാറിയിട്ടില്ല. എം.എൽ.എമാരുടെ രാജിക്കു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെട്ട ബി.ജെ.പി കേന്ദ്രനേതൃത്വമാണെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ സിദ്ധരാമയ്യയാണ് വിമതർക്ക് പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഞായറാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിൽ കെ.സി. വേണുഗോപാൽ ഉൾപ്പെടെ നേതാക്കൾ നടത്തിയ ചർച്ച മണിക്കൂറുകൾ നീണ്ടു.

പിന്നീട് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടന്നു. ഐ.ടി.സി വിൻഡ്സർ ഹോട്ടലിലും നേതാക്കൾ യോഗംചേർന്നു.  എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഏകോപന സമിതി അധ്യക്ഷൻ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ കോൺഗ്രസ് േനതാക്കളുമായും മന്ത്രിമാരുമായും വെവ്വേറെ കൂടിക്കാഴ്​ച നടത്തി.

ഇതിനിടെ ബി.ജെ.പിയുടെ നീക്കത്തിനെതിരെയും കോൺഗ്രസ് എം.എൽ.എമാരുടെ രാജിയിലും പ്രതിഷേധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. എം.എൽ.എമാർ രാജി പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. കോൺഗ്രസി​െൻറയും ജെ.ഡി.എസി​െൻറയും േയാഗങ്ങൾക്കുശേഷം ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മന്ത്രി എച്ച്. രേവണ്ണ, ഡി. കുപേന്ദ്ര റെഡ്​ഡി, എച്ച്.കെ. കുമാരസ്വാമി, ഡി.സി തമണ്ണ, മന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു. 

സ്പീക്കറുടെ തീരുമാനം കാക്കുന്നെന്ന് യെദിയൂരപ്പ
എം.എൽ.എമാരുടെ കൂട്ടരാജിയിൽ സ്പീക്കറുടെ തീരുമാനം കാക്കുകയാണെന്നും അതിനുശേഷം പാർട്ടി നേതാക്കൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ബി.എസ്. യെദിയൂരപ്പ പ്രതികരിച്ചു. സഖ്യസർക്കാർ താഴെവീഴുമെന്നും കാത്തിരുന്ന് കാണാമെന്നും ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ 105 എം.എൽ.എമാരും ഒറ്റക്കെട്ടാണെന്നും ആരെയും സ്വാധീനിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി മറികടക്കുമെന്ന്​ ഡി.കെ. ശിവകുമാർ
ചർച്ചകൾ നടക്കുകയാണെന്നും പ്രശ്നപരിഹാര മരുന്ന് തേടുകയാണെന്നും പ്രതിസന്ധി മറികടക്കുമെന്നും മന്ത്രി ഡി.കെ. ശിവകുമാർ. സർക്കാറിനെയും പാർട്ടിയെയും സംരക്ഷിക്കാൻ എന്തു വിട്ടുവീഴ്ചക്കും തയാറാണെന്ന്​ അദ്ദേഹം പറഞ്ഞു. 

ജെ.ഡി.എസ് എം.എൽ.എമാരെ അനുനയിപ്പിക്കും -എച്ച്.കെ. കുമാരസ്വാമി
ഇപ്പോഴത്തെ എല്ലാ സാഹചര്യവും ചർച്ച ചെയ്യുമെന്നും രാജി നൽകിയ ജെ.ഡി.എസി​െൻറ മൂന്നു എം.എൽ.എമാരെയും അനുനയിപ്പിക്കുമെന്നും ജെ.ഡി.എസ് സംസ്ഥാന പ്രസിഡൻറ് എച്ച്.കെ. കുമാരസ്വാമി. ദേവഗൗഡയുമായി ചർച്ച നടത്തിയെന്ന്​ അദ്ദേഹം പറഞ്ഞു.

ഒാപറേഷൻ താമരതന്നെ -സിദ്ധരാമയ്യ
ഇപ്പോഴത്തെ എം.എൽ.എമാരുടെ രാജിക്കു പിന്നിൽ ബി.ജെ.പിതന്നെയെന്ന് വ്യക്തമാണെന്ന് സിദ്ധരാമയ്യ. ഒാപറേഷൻ താമരയാണ് നടന്നത്. എന്നാൽ, എല്ലാം ശരിയാകും. ആശങ്കപ്പെടേണ്ട. സർക്കാർ നിലനിൽക്കും. ഭീഷണിയില്ല -അദ്ദേഹം പറഞ്ഞു.

കൈവിട്ടിട്ടില്ലെന്ന് വേണുഗോപാൽ
ചർച്ചകൾ നടക്കുകയാണെന്നും അനുനയിപ്പിക്കാനാകുമെന്നും കാര്യങ്ങൾ കൈവിട്ടിട്ടില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സഖ്യസർക്കാറിലെ പ്രതിസന്ധി പരിഹരിക്കും. അതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നിപ്പിക്കാൻ ശ്രമമെന്ന് ഖാർഗെ
ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിൽ ബി.ജെ.പി ആണെന്നും സാഹചര്യം ചൂഷണം ചെയ്യുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. സഖ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പുറത്തുവരുന്ന വാർത്തകൾ വെറും ഊഹാപോഹമാണെന്നും അദ്ദേഹം പറഞ്ഞു.

നാടകമെന്ന് പ്രഹ്ലാദ് ജോഷി
എം.എൽ.എമാരുടെ രാജിക്ക് പിന്നിൽ ബി.ജെ.പിയാണെന്നത് അസംബന്ധമാണെന്നും സിദ്ധരാമയ്യക്കുവേണ്ടി കോൺഗ്രസ് നടപ്പാക്കുന്ന നാടകമാണിതെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ പുറത്താക്കാൻ കോൺഗ്രസും സിദ്ധരാമയ്യയും നീക്കം നടത്തുകയാണ്​. നേതൃത്വമില്ലാത്ത കോൺഗ്രസിൽ ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ്​.

Loading...
COMMENTS