Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസാമുദായിക രാഷ്ട്രീയ...

സാമുദായിക രാഷ്ട്രീയ കളത്തില്‍ വിയര്‍ത്ത് അകാലിദള്‍

text_fields
bookmark_border
സാമുദായിക രാഷ്ട്രീയ കളത്തില്‍ വിയര്‍ത്ത് അകാലിദള്‍
cancel

ഭട്ടിന്‍ഡ നഗരത്തിന്‍െറ പ്രാന്തപ്രദേശത്ത് ഗോതമ്പുപാടങ്ങളുടെ നടുവിലെ മൈതാനം. അകാലിദളിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനത്തെിയ ജനക്കൂട്ടം കാത്തിരിപ്പ് തുടങ്ങിയിട്ട് മണിക്കൂര്‍ മൂന്നായി. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ കാത്തിരിക്കുന്ന ജനക്കൂട്ടത്തിന് പക്ഷേ, മുഷിപ്പിന്‍െറ അസ്വസ്ഥത ഒന്നുമില്ല. കാരണം, വേദിയില്‍നിന്നുയര്‍ന്നു കേള്‍ക്കുന്നത് ഗുരു ഹര്‍ഗോവിന്ദ് സിങ്ങിന്‍െറയും മറ്റും പുണ്യകഥകളാണ്.  പാട്ടും പറച്ചിലുമായി കഥാപ്രസംഗകന്‍ അരങ്ങുതകര്‍ക്കുമ്പോള്‍  ജനക്കൂട്ടം ഭക്തിനിര്‍വൃതിയിലാണ്.  

സിഖ് ഗുരുക്കന്മാര്‍ക്കൊപ്പം ബാദലിനെയും ചേര്‍ത്തുപറയുന്നു കഥാപ്രസംഗകന്‍. അപ്പോഴൊക്കെ സദസ്സില്‍നിന്ന് ‘സത്ശ്രീ അകാല്‍...’ വിളികള്‍ ആവര്‍ത്തിച്ച് ഉയര്‍ന്നുകേട്ടു. കഥാപ്രസംഗകന് ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയുടെ പേരില്‍ സദസ്സില്‍നിന്ന് നോട്ട് എറിഞ്ഞുനല്‍കുന്നു. അത് മൈക്കില്‍ വിളിച്ചുപറയുന്നുമുണ്ട്. രാഷ്ട്രീയ യോഗമോ, ഗുരുദ്വാരയിലെ പ്രാര്‍ഥനാ സദസ്സോയെന്ന് തിരിച്ചറിയുക പ്രയാസം.  സിഖ് സാമുദായിക രാഷ്ട്രീയമാണ്  ശിരോമണി അകാലിദളിന്‍െറ കളം. പിറവി കൊണ്ടിട്ട് ഒരു നൂറ്റാണ്ട് തികയുമ്പോഴും അതിന് മാറ്റമില്ല. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്ന സുപ്രീംകോടതിയുടെ വിധിയൊന്നും ഇവിടെ വിഷയമാകുന്നില്ല.

അകാലി രാഷ്ട്രീയം ഇപ്പോള്‍ ബാദല്‍ കുടുംബത്തിന്‍െറ പിടിയിലാണ്. സാമുദായിക രാഷ്ട്രീയത്തിനൊപ്പം കച്ചവടവും കൂട്ടിയിണക്കിയാണ് ബാദല്‍ അകാലി നേതൃത്വം കൈയടിക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്‍െറ തട്ടകമായ ഭട്ടിന്‍ഡയില്‍ അകാലിദള്‍ ഓഫിസ് അന്വേഷിച്ചപ്പോള്‍ എത്തിപ്പെട്ടത് ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി ഗാരേജിലാണ്. പഞ്ചാബിലെയും അയല്‍സംസ്ഥാനങ്ങളിലെയും ചരക്കുകടത്തിലെ കുത്തകക്കാരായ ട്രാന്‍സ്പോര്‍ട്ട് കമ്പനി ബാദല്‍ കുടുംബം വകയാണ്. ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ മാനേജര്‍ ഗുര്‍ദര്‍ സിങ്ങാണ് മേഖലയിലെ അകാലിദളിന്‍െറ കാര്യക്കാരന്‍. സംസാരത്തിനിടെ, വഴിത്തര്‍ക്കത്തില്‍ സഹായംതേടി ഏതാനും കര്‍ഷകരത്തെി. സര്‍പഞ്ചിനെ ഫോണില്‍ വിളിച്ച് ഭീഷണി സ്വരത്തില്‍ സംസാരിച്ച ഗുര്‍ദര്‍ സിങ് മിനിറ്റുകള്‍ക്കകം കാര്യം തീര്‍പ്പാക്കി. ഇതാണ് അകാലികളുടെ  പ്രവര്‍ത്തനശൈലി.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ സര്‍ക്കാറിനെ മാറ്റുന്ന മലയാളികളുടെ ശീലം പഞ്ചാബികള്‍ക്കുമുണ്ട്.  2012ല്‍ ഭരണം നിലനിര്‍ത്തിയ പ്രകാശ് സിങ് ബാദല്‍ മാത്രമാണ് അതിന് അപവാദം. ഭരണം നിലനിര്‍ത്തി ചരിത്രംകുറിച്ച മുഖ്യമന്ത്രി പക്ഷേ, പത്തു വര്‍ഷം തികക്കുമ്പോള്‍ പഴയ തിളക്കമില്ളെന്ന് മാത്രമല്ല, പരുങ്ങലിലുമാണ്. പ്രചാരണറാലിയിലും മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴും സദസ്സിന് കാഴ്ച മറക്കുംവിധം നാലു ചുറ്റിലും സുരക്ഷ ഉദ്യോഗസ്ഥരാണ്.

ഏതു നിമിഷവും പറന്നുവന്നേക്കാവുന്ന ചെരിപ്പ് പ്രതീക്ഷിച്ചാണ് നില്‍പ്. ഇതിനകം മൂന്നുതവണയാണ് ബാദലിനുനേരെ ചെരിപ്പേറുണ്ടായത്. അതിലൊന്ന് ബാദലിന്‍െറ സ്വന്തം തട്ടകമായ ലംബിയിലായിരുന്നു. 

പ്രകാശ് സിങ് ബാദല്‍ മുഖ്യമന്ത്രി. മകന്‍ ബാദല്‍ ഉപമുഖ്യമന്ത്രി. മകന്‍െറ ഭാര്യ ഹര്‍സിമ്രത് കൗര്‍ കേന്ദ്രത്തില്‍ കാബിനറ്റ് മന്ത്രി,  സംസ്ഥാന മന്ത്രിസഭയിലും നിയമസഭയിലും വേറെയുമുണ്ട് ബാദല്‍ കുടുംബാംഗങ്ങള്‍. മാത്രമല്ല,  സംസ്ഥാനമാകെ പരന്നുകിടക്കുന്ന വ്യവസായ സാമ്രാജ്യത്തിലെ തൊഴിലാളികളെ മുന്‍നിര്‍ത്തിയുള്ള മസില്‍പവര്‍ രാഷ്ട്രീയമാണ് ബാദലിന്‍േറത്. ഇതൊക്കെ ചേര്‍ന്നുണ്ടാക്കിയ ഭരണവിരുദ്ധ വികാരം ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും മുതലെടുക്കുമ്പോള്‍ ബാദല്‍ കോട്ടക്ക് ഇളക്കമുണ്ട്.  ഇത് തിരിച്ചറിഞ്ഞാണ് 90 കഴിഞ്ഞ ബാദല്‍ സംസ്ഥാനമാകെ സഞ്ചരിച്ച്  ദിവസവും മൂന്നും നാലും റാലികളില്‍ പ്രത്യക്ഷപ്പെടുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panjabprakash singh badal
News Summary - akalidal swets in caste politics
Next Story