ശശീന്ദ്രനെ മന്ത്രിസഭയിൽ തിരികെ എടുക്കണമെന്ന് എൻ.സി.പി ആവശ്യപ്പെടും
text_fieldsന്യൂഡൽഹി: ഫോൺ കെണി വിവാദത്തിൽ രാജിവെക്കേണ്ടി വന്ന എ.കെ. ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരികെ വരുന്നു. എൻ.സി.പി ദേശീയ നിർവാഹകസമിതി യോഗ ശേഷം ദേശീയ പ്രസിഡൻറ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. എൻ.സി.പിയിലേക്ക് ആർ. ബാലകൃഷ്ണപിള്ളയെ കൊണ്ടുവരാനുള്ള ചർച്ചകൾ നിർത്തിവെക്കാനും സംസ്ഥാനനേതൃത്വം തീരുമാനിച്ചു.
ശശീന്ദ്രെനതിരെ കോടതിയിൽ നിലവിലുണ്ടായിരുന്ന കേസ് അവസാനിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ തിരികെ എടുക്കണമെന്ന് എൻ.സി.പി സംസ്ഥാനനേതൃത്വം മുഖ്യമന്ത്രിയോടും എൽ.ഡി.എഫ് നേതൃത്വത്തോടും ആവശ്യപ്പെടും. എൻ.സി.പി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ടി.പി. പീതാംബരൻ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പാർട്ടിതീരുമാനം അറിയിക്കും. എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനും ചൊവ്വാഴ്ച കത്ത് നൽകും. നേരേത്ത അദ്ദേഹം ചുമതല വഹിച്ചിരുന്ന ഗതാഗതവകുപ്പ് തന്നെയാവും ലഭിക്കുകയെന്നാണ് സൂചന. സത്യപ്രതിജ്ഞയുടെ കാര്യം മുഖ്യമന്ത്രിയാവും തീരുമാനിക്കുക.
ചാനൽ ലേഖികയുമായി ബന്ധപ്പെട്ട ഫോൺവിവാദത്തിൽ അകെപ്പട്ടതിനെ തുടർന്ന് 2017 മാർച്ച് 26 നാണ് എ.കെ. ശശീന്ദ്രൻ രാജിവെച്ചത്. സർക്കാർ നിയോഗിച്ച ജസ്റ്റിസ് പി.എസ്. ആൻറണി കമീഷൻ റിപ്പോർട്ട് നേരേത്ത ശശീന്ദ്രന് അനുകൂലമായിരുന്നു. പിന്നാലെയാണ് കേസ് നിലനിന്ന കീഴ്കോടതിയിൽ പരാതിക്കാരി അദ്ദേഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതി നിലപാട് അനുകൂലമായതോടെ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.െഎ നേതൃത്വവും ശശീന്ദ്രെൻറ മടങ്ങിവരവിന് പച്ചക്കൊടി കാട്ടി. കായൽ കൈേയറ്റ വിവാദത്തിൽപെട്ട് രാജിവെച്ച തോമസ് ചാണ്ടിയുമായി രൂക്ഷമായ രാഷ്ട്രീയ ഏറ്റുമുട്ടലിലായ സി.പി.െഎ നേതൃത്വത്തിന് ശശീന്ദ്രെൻറ മടങ്ങിവരവിനോടാണ് താൽപര്യമേറെ.
തോമസ് ചാണ്ടി കൂടി രാജിവെച്ചതോടെ ഇരുവരിൽ ആരാണോ ആദ്യം കുറ്റമുക്തനായി തിരികെ എത്തുന്നത് അവർക്ക് മന്ത്രിസ്ഥാനം നൽകുമെന്നായിരുന്നു എൻ.സി.പി സംസ്ഥാനനേതൃത്വത്തിലുണ്ടായ ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
