You are here
നേതൃത്വത്തിലേക്ക് രാഹുലിെൻറ മടങ്ങിവരവ് സൂചിപ്പിച്ച് ആൻറണി
തിരുവനന്തപുരം: ദേശീയതലത്തിൽ കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധി മടങ്ങിവരുമെന്ന വ്യക്തമായ സൂചനയുമായി പാർട്ടി പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. കേന്ദ്ര സർക്കാറിനെതിരെ ദേശീയതലത്തിൽ പാർട്ടി നടത്താൻ പോകുന്ന പ്രക്ഷോഭത്തെപ്പറ്റി വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിലാണ് രാഹുലിെൻറ മടങ്ങിവരവ് വ്യക്തമാക്കിയത്. ഇപ്പോൾ സോണിയ ഗാന്ധി പാർട്ടി നേതൃത്വത്തിലുണ്ട്.
അത് കഴിയുേമ്പാൾ രാഹുൽ അതിശക്തമായി നേതൃത്വത്തിലേക്ക് തിരിച്ചുവരും. രാഹുൽ ഒാടിയൊളിക്കുന്ന നേതാവാണെന്ന തോന്നൽ തങ്ങൾക്കാർക്കുമില്ല. ബി.ജെ.പി സർക്കാറിെൻറ തെറ്റായ നയങ്ങൾക്കും പ്രവർത്തനങ്ങൾക്കും എതിരായ പോരാട്ടത്തിന് മുന്നിൽ അദ്ദേഹമുണ്ടാകും. പാർട്ടി നേതൃത്വത്തിൽനിന്ന് രാഹുൽ പിന്നോട്ടുപോയതല്ല. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വഴി കോൺഗ്രസിനെ നശിപ്പിക്കാൻ ആവില്ല.
ജീവിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കൾ എപ്പോഴും വിമർശിക്കപ്പെടാറുണ്ട്. ഇപ്പോൾ ഇന്ദിരയും രാജീവ് ഗാന്ധിയും മാതൃക നേതാക്കളാണ്. ഇതേപോലെ സോണിയെയയും രാഹുലിനെയും പോലുള്ള നേതാക്കൾ വേണ്ടേയെന്ന് വരുംകാലത്ത് ചോദിക്കും. പിണറായി വിജയെൻറ നേതൃത്വത്തിലുള്ളത് കെയർടേക്കർ സർക്കാറാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു -ആൻറണി പറഞ്ഞു.