ഇടത് ഇടങ്ങളില്‍ കെജ്രിവാള്‍; ഇടതുപക്ഷം വംശനാശത്തിന്‍െറ വക്കില്‍
text_fieldsകെജ്രിവാള്‍ ഡല്‍ഹിയില്‍ അദ്ഭുതം കാണിച്ചപ്പോള്‍ മൂക്കത്ത് വിരല്‍വെച്ചത് ഇന്ത്യയിലെ ഇടതുപക്ഷമാണ്. ജനപക്ഷ ബദല്‍ രാഷ്ട്രീയ അജണ്ടയുമായി കെജ്രിവാള്‍ ചൂലെടുത്ത് തുത്തൂവാരിയത് ഇടതുപക്ഷത്തിന്‍െറ ഇടമാണെന്ന് പാര്‍ട്ടി പിന്നീട് വിലയിരുത്തി. പഞ്ചാബില്‍ ഇക്കുറി ആവര്‍ത്തിക്കാന്‍ പോകുന്നതും മറ്റൊന്നല്ല.
കോണ്‍ഗ്രസിനും അകാലിദളിനുമിടയില്‍ മൂന്നാം ബദലായി ആം ആദ്മി പഞ്ചാബിന്‍െറ മണ്ണില്‍ ചുവടുറപ്പിക്കുമ്പോള്‍, സി.പി.എമ്മിന്‍െറ തലമുതിര്‍ന്ന നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍െറ നാട്ടില്‍ ഇടതുപക്ഷം വംശനാശത്തിന്‍െറ വക്കിലാണ്.
77ല്‍ 15 എം.എല്‍.എമാരെ നിയമസഭയിലത്തെിച്ച സി.പി.എമ്മും സി.പി.ഐയും ആര്‍.എം.പി.ഐയും ചേര്‍ന്ന ഇടതുമുന്നണിക്ക് ആകെയുള്ള 117 സീറ്റുകളില്‍ 52 എണ്ണത്തില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താനായത്. ഒരിടത്തുപോലും വിജയപ്രതീക്ഷയുമില്ല. ഇടതുപക്ഷ രാഷ്ട്രീയം പറയുക എന്നത് മാത്രമാണ് മത്സരത്തിന്‍െറ ലക്ഷ്യം. എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ ഇടതുപക്ഷത്തിന് ആളുമില്ല, അര്‍ഥവുമില്ല.
ചണ്ഡിഗഢിലെ സി.പി.എം പാര്‍ട്ടി ആസ്ഥാനം ബാബ കരംസിങ് ചീമ ഭവന്‍ വലിയ നാലുനില കെട്ടിടമാണ്. തെരഞ്ഞെടുപ്പിന്‍െറ പ്രചാരണ കോലാഹലത്തിനിടയിലും ആളും ആരവുമില്ല. രണ്ടാം നിലയില്‍ ഒറ്റക്ക് വായനയിലായിരുന്നു സംസ്ഥാന സെക്രട്ടറി ചരണ്‍ സിങ് വിര്‍ദി. കേരളത്തില്‍നിന്നുള്ള പത്രക്കാരനെന്ന് പരിചയപ്പെടുത്തിയപ്പോള്‍ കമ്യൂണിസ്റ്റ് ഭരണമുള്ള നാട്ടില്‍നിന്ന് അതിഥിയെ കിട്ടിയ സന്തോഷം.
പഞ്ചാബില്‍ സി.പി.എമ്മും സി.പി.ഐയുമെല്ലാം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണെന്ന് ചരണ്‍ സിങ് വിര്‍ദി തുറന്നുപറഞ്ഞു. ഭഗത് സിങ്ങിനെപ്പോലുള്ള വിപ്ളവകാരികളുടെ നാട്ടില്‍ ഇടതുരാഷ്ട്രീയത്തിന് വലിയ സാധ്യതകളുണ്ട്. സുര്‍ജിതിന്‍െറയും മറ്റും കാലത്ത് ആ നിലക്ക് ചെറുതെങ്കിലും മുന്നേറ്റുമുണ്ടായി. പക്ഷേ, പിന്നീട് പിറകോട്ടായി കുതിപ്പ്.
തോക്കെടുത്ത ഖാലിസ്ഥാന്‍ ഭീകരതയുടെ കാലത്ത് യുവാക്കള്‍ തീവ്രവിപ്ളവ പക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടു. 80കളില്‍ ചോര്‍ന്നുപോയ യുവാക്കളെ തിരിച്ചുപിടിക്കാന്‍ ഇടതുനേതൃത്വത്തിനായില്ളെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. ഇടതുപക്ഷത്തിന് ഇത്രയും കാലം പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയ സാധ്യതയാണ് പഞ്ചാബില്‍ ആം ആദ്മിക്ക് വളമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതേയെന്ന് മറുപടി. ഞങ്ങളും അത് തിരിച്ചറിയുന്നുണ്ട്. പക്ഷേ, കോണ്‍ഗ്രസിനും അകാലിദളിനുമെതിരായ ജനവികാരം ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ക്കായില്ല. കെജ്രിവാള്‍ അത് നന്നായി ചെയ്യുന്നുണ്ട്.
കെജ്രിവാളിന്‍െറ തള്ളിക്കയറ്റത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഇപ്പോഴുള്ള സാന്നിധ്യവും നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ഇടതു നേതൃത്വം. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മൗനമായിരുന്നു വിര്‍ദിയുടെ ഉത്തരം. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞു. ‘‘ ഇക്കുറി ഞങ്ങള്‍ സാധ്യമായതൊക്കെ ചെയ്യുന്നു. എന്തു ഫലമാണ് ഉണ്ടാവുകയെന്ന് നോക്കാം.’’ -പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുകളില്‍ ശുഭാപ്തിയില്ല.
കൗതുകമായി സി.പി.എം-ആര്‍.എം.പി സഖ്യം
പഞ്ചാബിലെ തെരഞ്ഞെടുപ്പ് പോരില്‍ സി.പി.എം-ആര്‍.എം.പി സഖ്യം കേരളത്തിന് കൗതുകമാവുന്നു. കേരളത്തിലെ ബദ്ധവൈരികള്‍ ഇവിടെ തോളോടു തോള്‍ചേര്‍ന്നാണ് പ്രചാരണം നടത്തുന്നത്. സി.പി.എം വിമതര്‍ ചേര്‍ന്നുണ്ടാക്കിയ ദേശീയ പാര്‍ട്ടിയാണ് ആര്‍.എം.പി.ഐ അഥവാ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ.
പിണറായിയുമായി ഉടക്കി ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്‍ രൂപവത്കരിച്ച കേരളത്തിലെ ആര്‍.എം.പിയും സുര്‍ജിതിനെ വെല്ലുവിളിച്ച് പുറത്തുപോയി മംഗത് റാം പസ്ല 2001ല്‍ ഉണ്ടാക്കിയ സി.പി.എം പഞ്ചാബ് തുടങ്ങിയ പാര്‍ട്ടികളും ചേര്‍ന്നാണ് ആര്‍.എം.പി.ഐ എന്ന അഖിലേന്ത്യാ പാര്‍ട്ടിയായി മാറിയത്. ഭിന്നിച്ചുനില്‍ക്കുന്നത് ഇപ്പോഴുള്ള നിലയും ഇല്ലാതാക്കുമെന്ന തിരിച്ചറിവാണ് ഇടതുമുന്നണിയുടെ പിറവി.
സി.പി.എം 14 സീറ്റിലും സി.പി.ഐ 25 സീറ്റിലും ആര്‍.എം.പി.ഐ 13 സീറ്റിലും മത്സരിക്കുന്നു. പാക് അതിര്‍ത്തി പ്രദേശങ്ങളായ പത്താന്‍കോട്ട്, ഫിറോസ്പൂര്‍, ഫസീല്‍ക മേഖലകളിലെ മണ്ഡലങ്ങളിലാണ് ഇടതുപാര്‍ട്ടികള്‍ക്ക് പറയാവുന്ന സാന്നിധ്യമുള്ളത്. സി.പി.എം സ്ഥാനാര്‍ഥിക്ക് ആര്‍.എം.പിയും ആര്‍.എം.പി സ്ഥാനാര്‍ഥിക്ക് സി.പി.എമ്മും വോട്ട് ചോദിക്കുന്നത് കേരളത്തില്‍നിന്ന് നോക്കുമ്പോള്‍ കൗതുകമുള്ള കാഴ്ചതന്നെ.
ഇവിടത്തെ സാഹചര്യമനുസരിച്ചുള്ള തെരഞ്ഞെടുപ്പ് സഖ്യം മാത്രമാണിതെന്നും അത് കേരളവുമായി കൂട്ടിക്കുഴക്കേണ്ടെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. സഖ്യം പഞ്ചാബില്‍ മാത്രമുള്ളതാണെന്നും കേരളത്തില്‍ ബാധകമല്ളെന്നും ആര്‍.എം.പി.ഐ ജനറല്‍ സെക്രട്ടറി മംഗത് റാം പസ്ല പറഞ്ഞു. പഞ്ചാബില്‍ ആര്‍.എം.പി.ഐയാണ് വലിയ ഇടതുപാര്‍ട്ടിയെന്നും രണ്ടു സുജന്‍പൂര്‍, ഭോവ മണ്ഡലങ്ങളില്‍ ഇക്കുറി വിജയ പ്രതീക്ഷയുണ്ടെന്നും പസ്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
