മുഖ്യമന്ത്രിയെ ‘കോര്‍ണര്‍’ ചെയ്ത് ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്
text_fieldsതിരുവനന്തപുരം: സ്വാശ്രയ സമരം നല്‍കിയ വര്‍ധിതാവേശം മുന്‍നിര്‍ത്തി, സി.പി.എം പ്രചാരണത്തിലെ കാപട്യം തുറന്നുകാട്ടി യു.ഡി.എഫില്‍നിന്ന് അകന്ന ന്യൂനപക്ഷ വിഭാഗങ്ങളെ മടക്കിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം. ഇക്കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് രാഷ്ട്രീയമായി ആക്രമിക്കാനാണ് കെ.പി.സി.സി തയാറെടുക്കുന്നത്. പിണറായിയുടെ ഏകപക്ഷീയ സമീപനത്തോട് എതിര്‍പ്പുള്ള സി.പി.എമ്മിലെയും എല്‍.ഡി.എഫിലെയും നേതാക്കളുടെ പരോക്ഷ പിന്തുണയും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളി അതേ നാണയത്തില്‍ നേരിട്ട്, ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കുന്നത് തങ്ങള്‍ക്കുമാത്രമാണെന്ന് സി.പി.എം പ്രചരിപ്പിച്ചത് കഴിഞ്ഞ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ഏറെ സഹായകമായി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച അയഞ്ഞ സമീപനം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അതിലൂടെ നേട്ടമുണ്ടാക്കാനും സി.പി.എമ്മിന് സാധിച്ചിരുന്നു.
ഇതിനു മാറ്റംവരുത്താന്‍ ചില ശ്രമങ്ങള്‍ കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയെങ്കിലും പൂര്‍ണമായി വിജയംകണ്ടിട്ടില്ല. അതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം രംഗത്തത്തെിയത്. ഈ പ്രസ്താവന സി.പി.എമ്മിനെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതിലൂടെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി നഷ്ടപ്പെട്ട ന്യൂനപക്ഷവിശ്വാസം തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇതിന്‍െറ ഭാഗമായാണ് മുഖ്യമന്ത്രിയുടെ മോദിസ്തുതിയെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ രംഗത്തുവന്നത്. കോണ്‍ഗ്രസിലെ മറ്റുനേതാക്കളും വരുംദിവസങ്ങളില്‍ രംഗത്തത്തെുമെന്നാണ് സൂചന. സ്വാശ്രയ സമരത്തില്‍ നിയമസഭയിലെ ബി.ജെ.പി എം.എല്‍.എ സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല സമീപനവും ഇതോടൊപ്പം ചര്‍ച്ചയാക്കും.
ടി.പി. സെന്‍കുമാറിനെ ഒഴിവാക്കി പൊലീസ് തലപ്പത്ത് ലോക്നാഥ് ബെഹ്റയെ കൊണ്ടുവന്നതിനുപിന്നില്‍ പ്രധാനമന്ത്രിയുടെ താല്‍പര്യമാണെന്ന വാദവും ആയുധമാക്കും. ഭരണം കിട്ടിയതോടെ സി.പി.എമ്മിനുണ്ടായ നിറംമാറ്റമാണ് മുഖ്യമന്ത്രിയുടെ പുകഴ്ത്തലിലൂടെ വ്യക്തമാകുന്നതെന്നാണ് കെ.പി.സി.സിയുടെ അഭിപ്രായം. മാനേജ്മെന്‍റുകള്‍ സമ്മതിച്ചിട്ടും സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറയ്ക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ കടുംപിടിത്തം മൂലമാണെന്ന് വരുത്താന്‍ സാധിച്ചതുപോലെ ഇക്കാര്യത്തിലും മുഖ്യമന്ത്രിയെ ‘കോര്‍ണര്‍’ചെയ്യാനാണ് കോണ്‍ഗ്രസിന്‍െറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
