ജയ ജയഹേ
text_fieldsചെന്നൈ: ചരിത്രത്തിന്‍െറ ആവര്‍ത്തനവുമായി തമിഴ്നാട്ടില്‍ ജയലളിതയുടെ അണ്ണാ ഡി.എം.കെക്ക് ഭരണത്തുടര്‍ച്ച. വോട്ടെടുപ്പ് നടന്ന 232 സീറ്റില്‍ 130ഉം നേടിയാണ് എ.ഐ.എ.ഡി.എം.കെ ഭരണം നിലനിര്‍ത്തിയത്. 95 സീറ്റ് നേടി ഡി.എം.കെ-കോണ്‍ഗ്രസ്-മുസ്ലിം ലീഗ് സഖ്യം നില മെച്ചപ്പെടുത്തി. വിജയകാന്തും ഇടതുപക്ഷവും ഉള്‍പ്പെട്ട ജനക്ഷേമമുന്നണി-ജി.കെ. വാസന്‍ സഖ്യവും ബി.ജെ.പിയും സീമാന്‍െറ നാം തമിഴര്‍ കക്ഷിയും വണ്ണിയാര്‍ സമുദായ പാര്‍ട്ടിയായ പട്ടാളിമക്കള്‍ കക്ഷിയും ദ്രാവിഡ മണ്ണില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം നല്‍കിയ എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്താണ് ജയലളിത ഒന്നാമതത്തെിയത്.
എം.ജി.ആറിനു ശേഷം 34 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഭരണത്തുടര്‍ച്ചക്ക് തമിഴകം സാക്ഷിയാകുന്നത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി അണ്ണാ ഡി.എം.കെ മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്. ആറു ചെറുകക്ഷികളായിരുന്നു സഖ്യത്തില്‍ ഉണ്ടായിരുന്നത്.
അധികാരം നല്‍കിയ ജനങ്ങള്‍ക്ക് നന്ദിപറഞ്ഞ ജയലളിത വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുമെന്ന് ഒരിക്കല്‍കൂടി ഉറപ്പുനല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും (203/234) 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും (37/39) ദൃശ്യമായ മൃഗീയ ഭൂരിപക്ഷം അണ്ണാ ഡി.എം.കെ സഖ്യത്തിന് ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകളില്‍ ഒതുങ്ങി പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ട ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യത്തിന് 95 സീറ്റുകളായി വര്‍ധിപ്പിക്കാനായതാണ് ഏക ആശ്വാസം. സഖ്യത്തില്‍ എട്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് മുസ്ലിം ലീഗും വിജയിച്ചു.
കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെ സഖ്യത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന സി.പി.എമ്മിനും ഒമ്പത് അംഗങ്ങളുണ്ടായിരുന്ന സി.പി.ഐക്കും ഒരിടത്തും ജയിച്ചുകയറാനായില്ല. ഇവര്‍ മൂന്നാം ബദലായി ജനക്ഷേമമുന്നണിയിലായിരുന്നു. അതേസമയം ജയലളിതയുടെ ഭൂരിപക്ഷം ആര്‍.കെ നഗറില്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1.50 ലക്ഷമായിരുന്നു ജയലളിതയുടെ ഭൂരിപക്ഷം. ഇക്കുറി 39,537 ആയി കുറഞ്ഞു. ജയലളിതയുടെ സത്യപ്രതിജ്ഞ 23ന് ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
