കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: മൂന്നു മന്ത്രിമാരുടെ സീറ്റിന് കുരുക്ക്
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ മൂന്നു മന്ത്രിമാര്‍ അടക്കം അഞ്ചു സിറ്റിങ് എം.എല്‍.എമാരുടെ സീറ്റ് അപകടത്തില്‍. അഴിമതി ആരോപണം നേരിടുന്ന കെ. ബാബു, അടൂര്‍ പ്രകാശ്, ഇരിക്കൂറില്‍ നിരവധി തവണയായി മത്സരിക്കുന്ന കെ.സി. ജോസഫ്, വിവാദത്തിലുള്‍പ്പെട്ട ബെന്നി ബഹനാന്‍, എ.ടി. ജോര്‍ജ് എന്നിവരാണ് പ്രതിസന്ധിയിലായത്.
അഴിമതി ആരോപണം നേരിടുന്നവരും പലവട്ടം മത്സരിച്ചവരും മാറിനിന്ന് യു.ഡി.എഫിന് തെരഞ്ഞെടുപ്പു രംഗത്ത് മെച്ചപ്പെട്ട ഇമേജ് നല്‍കണമെന്ന നിലപാടില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കേരളത്തിലെ ജയം ദേശീയതലത്തില്‍ പ്രധാനമാണെന്നിരിക്കെ, പ്രതിച്ഛായ നന്നാക്കാന്‍ ശ്രമം വേണമെന്ന കാഴ്ചപ്പാട് ഹൈകമാന്‍ഡിനുമുള്ളത് ഇവരുടെ നില കൂടുതല്‍ പരുങ്ങലിലാക്കി.
തന്‍െറ വിശ്വസ്തരെ വെട്ടിക്കളയാന്‍ സമ്മതിക്കില്ളെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതി ആരോപണത്തിന്‍െറ പേരിലാണെങ്കില്‍ തനിക്കും മത്സരിക്കാന്‍ കഴിയില്ല. ജയസാധ്യത പ്രധാനമായി കാണേണ്ട തെരഞ്ഞെടുപ്പില്‍ പലവട്ടം മത്സരിച്ചതിന്‍െറ പേരില്‍ ഒരുകൂട്ടം മുതിര്‍ന്ന നേതാക്കളെ തള്ളിക്കളയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പില്‍ പലവട്ടം ജയിക്കുന്നത് ഒരു കുറ്റമല്ല; സിറ്റിങ് എം.എല്‍.എമാരെ മാറ്റാന്‍ പറ്റില്ളെന്നും ഉമ്മന്‍ ചാണ്ടി വാദിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായപ്പെടുന്ന എം.എല്‍.എമാര്‍ക്കു പകരം സ്ഥാനാര്‍ഥികളെ വി.എം. സുധീരന്‍ നിര്‍ദേശിക്കുകയും ചെയ്തു.
തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനു പകരം എന്‍. വേണുഗോപാല്‍, കോന്നിയില്‍ അടൂര്‍ പ്രകാശിനു പകരം പി. മോഹന്‍രാജ്, ഇരിക്കൂറില്‍ കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, തൃക്കാക്കരയില്‍ ബെന്നി ബഹനാനെ മാറ്റി പി.ടി. തോമസ്, പാറശ്ശാലയില്‍ എ.ടി. ജോര്‍ജിനെ മാറ്റി നെയ്യാറ്റിന്‍കര സനല്‍ അല്ളെങ്കില്‍ മരിയാപുരം ശ്രീകുമാര്‍ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് സുധീരന്‍െറ പക്ഷം.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ-ഐ ഗ്രൂപ് നേതാക്കള്‍ കൂട്ടായി എതിര്‍ത്തതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി ചര്‍ച്ച നിര്‍ത്തി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. തുടര്‍ന്ന് കേരളാ ഹൗസില്‍ എത്തിയ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുതിര്‍ന്ന എ-ഐ നേതാക്കളും അടച്ചിട്ട മുറിയില്‍ ദീര്‍ഘചര്‍ച്ച നടത്തി. അവര്‍ സുധീരനെ കാണുകയോ, സുധീരന്‍ അവരെച്ചെന്നു കാണുകയോ ഉണ്ടായില്ല. സുധീരനെതിരെ മറ്റു ഗ്രൂപ്പുകള്‍ സംഘടിച്ചു നീങ്ങുന്നതാണ് കണ്ടത്.
തന്‍െറ നിലപാട് പൂര്‍ണമായും തള്ളിക്കളയാന്‍ ഹൈകമാന്‍ഡിന് കഴിയില്ളെന്നതാണ് സുധീരന്‍െറ നേട്ടം. വിവാദവും അഴിമതിയും തുടര്‍ച്ചയായി നേരിടേണ്ടിവന്ന സര്‍ക്കാറിലെ ആരോപണവിധേയര്‍ മുഴുവന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കുന്നത് പ്രതിച്ഛായ മോശമാക്കുമെന്ന വ്യാപക ചര്‍ച്ച കോണ്‍ഗ്രസിലുണ്ട്. അതേസമയം, പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനേക്കാള്‍ ജയസാധ്യതക്ക് ഇക്കുറി കൂടുതല്‍ പരിഗണന നല്‍കണമെന്ന എ-ഐ ഗ്രൂപ്പുകളുടെ നിലപാടിന് സ്ക്രീനിങ് കമ്മിറ്റിയില്‍ മേല്‍ക്കൈ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
