വിജ്ഞാപനം വരുംമുമ്പ് ലീഗ് ഗോദയിലിറങ്ങി
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പെ 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ് ഗോദയില്‍. പ്രവര്‍ത്തകരുടെ വികാരം മാനിച്ചു എന്നതിനൊപ്പം തീരുമാനങ്ങളെടുക്കുന്നതില്‍ ലീഗിന്‍െറ വേഗതയും പ്രകടമായി എന്ന വിലയിരുത്തലിലാണ് നേതൃത്വം. ഇനി പ്രഖ്യാപിക്കാനുള്ളത് നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ്. ഇതില്‍ ഗുരുവായൂരില്‍ ലീഗ് തന്നെ മത്സരിക്കാനാണ് സാധ്യത. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി പി.എം. സാദിഖലിക്കാണ് സാധ്യത. കുന്ദമംഗലം മണ്ഡലം ബാലുശ്ശേരിയുമായി വെച്ചുമാറിയാല്‍ അവിടെ യു.സി. രാമനെ സ്ഥാനാര്‍ഥിയാക്കും. ഇരവിപുരം ലീഗ് മത്സരിക്കുന്ന മണ്ഡലമാണ്. അവിടെ കഴിഞ്ഞ രണ്ട് തവണയും പരാജയപ്പെട്ടു. എന്നാല്‍, ഈ മണ്ഡലം ആര്‍.എസ്.പിക്ക് നല്‍കിയാല്‍ പകരം കൊല്ലത്തോ ആലപ്പുഴയിലോ ഒരു സീറ്റ് വേണമെന്നാണ് ആവശ്യം. ഇത് യു.ഡി.എഫില്‍ പൊതുവെ അംഗീകരിച്ചിട്ടുമുണ്ട്.
ഇത്തവണ നാല് സിറ്റിങ് എം.എല്‍.എമാരെ മാറ്റിയെങ്കിലും തര്‍ക്കത്തിന് ഇടനല്‍കാതെ നേതൃത്വം കരുക്കള്‍ നീക്കി. കെ.എന്‍.എ. ഖാദറിന് മലപ്പുറത്തും സി. മോയിന്‍കുട്ടിക്ക് കോഴിക്കോട്ടും ജില്ലാ സെക്രട്ടറിമാരുടെ ചുമതല നല്‍കിയതും മറ്റൊരു തന്ത്രം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന് മലപ്പുറത്ത് ഉറച്ച സീറ്റ് പാര്‍ട്ടി നീക്കിവെച്ചിരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍ മജീദിനൊരു മണ്ഡലം എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാല്‍, മജീദ് ഭാരവാഹി സ്ഥാനത്തുതന്നെ തുടരുമെന്നാണ് നേതാക്കള്‍ ഇന്നലെയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
