രാജീവ് വധക്കേസ് പ്രതികളുടെ മോചനം: ജയലളിതയുടെ നീക്കം രാഷ്ട്രീയ മുതലെടുപ്പിന്
text_fieldsകോയമ്പത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ തീരുമാനിച്ച തമിഴ്നാട് സര്‍ക്കാറിന്‍െറ തീരുമാനം പ്രഹസനമെന്ന് നിരീക്ഷണം. പ്രതികളെ ജയില്‍ മോചിതരാക്കുന്നതിന് പ്രതിസന്ധികളേറെയുണ്ടെന്ന് ബോധ്യമുണ്ടായിട്ടും സര്‍ക്കാര്‍ ഈ നീക്കം നടത്തിയത് രാഷ്ട്രീയ മുതലെടുപ്പിന്‍െറ ഭാഗമാണെന്നാണ് വിമര്‍ശം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും ജയലളിത ഇതേ പ്രശ്നം എടുത്തിട്ടിരുന്നു. ദയാഹരജി പരിഗണിക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് 2014 ഫെബ്രുവരി 18ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇതിന് അടുത്തദിവസം മുഖ്യമന്ത്രി ജയലളിത മന്ത്രിസഭായോഗം വിളിച്ച് പ്രതികളെ ജയിലില്‍നിന്ന് വിട്ടയക്കാന്‍ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. ഫെബ്രുവരി 20ന് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാറിനും എതിര്‍നിലപാടായിരുന്നു. പിന്നീട് തമിഴ്നാട് സര്‍ക്കാറിന്‍െറ തീരുമാനം സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. 24 വര്‍ഷമായി ജയിലില്‍ കഴിയുന്നതിനാല്‍ തങ്ങളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് തമിഴ്നാട് സര്‍ക്കാറിന്‍െറ ഇപ്പോഴത്തെ തീരുമാനം.
കേന്ദ്രസര്‍ക്കാറിന്‍െറ നിലപാടും തമിഴ്നാട് ആരാഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജയലളിതയുടെ രാഷ്ട്രീയ നാടകമാണിതെന്ന് പ്രതിപക്ഷ നേതാക്കളായ എം. കരുണാനിധി, ഡോ. രാമദാസ്, വൈക്കോ, വിജയ്കാന്ത് തുടങ്ങിയവര്‍ ആരോപിച്ചു. തമിഴ്നാട്ടില്‍ ഓരോ തെരഞ്ഞെടുപ്പിലും ശ്രീലങ്കന്‍ പ്രശ്നത്തിലൂടെ തമിഴ്വികാരം ആളിക്കത്തിച്ച് രാഷ്ട്രീയകക്ഷികള്‍ പ്രചാരണം നടത്തുന്നത് പതിവാണ്.
മുന്‍കാലങ്ങളില്‍ എല്‍.ടി.ടി.ഇക്കെതിരെ ശക്തമായ നിലപാടാണ് ജയലളിത സ്വീകരിച്ചിരുന്നത്. തമിഴ്പുലി നേതാവ് പ്രഭാകരന്‍െറ വധത്തിനുശേഷം തമിഴ് സംഘടനകള്‍ ശ്രീലങ്കന്‍ പ്രശ്നമുന്നയിച്ച് തമിഴകത്തില്‍ വേരൂന്നി തുടങ്ങിയതോടെയാണ് ജയലളിതയും മൃദുസമീപനം സ്വീകരിച്ചത്. തെരഞ്ഞെടുപ്പുകളില്‍ പൊതുവെ ഡി.എം.കെ, എം.ഡി.എം.കെ, പാട്ടാളി മക്കള്‍ കക്ഷി, നാം തമിഴര്‍ കക്ഷി പോലുള്ള രാഷ്ട്രീയകക്ഷികള്‍ക്ക് അനുകൂലമായാണ് തമിഴ് വികാര വോട്ടുകള്‍ വീണിരുന്നത്. ഇതിനെ മറികടക്കാനാണ് ജയലളിത പ്രതികളുടെ ജയില്‍മോചനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
