സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണയം 19ന്
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സി.പി.ഐ സ്ഥാനാര്‍ഥികളെ 19ന് പ്രഖ്യാപിക്കും. രണ്ടാഴ്ചക്കകം തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിച്ച് സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്ക് കടക്കാനാണ് തീരുമാനം. കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ എല്‍.ഡി.എഫിന് വിജയിക്കാന്‍ കഴിയുന്ന ഒന്നില്‍ പരസ്യമായി അവകാശമുന്നയിച്ച് പാര്‍ട്ടി നിലപാട് കടുപ്പിക്കുകയും ചെയ്തു.
11ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങളില്‍ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ തീരുമാനിക്കും. രണ്ടുതവണ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കണോ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുലര്‍ത്തേണ്ട മാനദണ്ഡം എന്നിവ ഇതില്‍ തീരുമാനിക്കും. തുടര്‍ന്ന് ജില്ലാ കൗണ്‍സിലുകള്‍ ചേര്‍ന്ന് സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കും. അന്തിമതീരുമാനം 18ന് ചേരുന്ന നിര്‍വാഹകസമിതിയും 19ന് ചേരുന്ന സംസ്ഥാന കൗണ്‍സിലും കൈക്കൊള്ളും.
ആര്‍.എസ്.പി എല്‍.ഡി.എഫ് വിട്ടശേഷം ഒഴിവുവന്ന നാല് സീറ്റ് പങ്കുവെക്കുന്നതടക്കം കാര്യങ്ങള്‍ സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനിക്കും. മാര്‍ച്ച് അഞ്ചോടെ ഉഭയകക്ഷി ചര്‍ച്ച ആരംഭിക്കുമെന്നാണ് സൂചന. ആര്‍.എസ്.പി മത്സരിച്ചിരുന്ന അരുവിക്കര സീറ്റ് ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം ഏറ്റെടുത്തപ്പോള്‍തന്നെ ബാക്കി സീറ്റുകള്‍ തുല്യമായി പങ്കുവെക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു.
സമയമാവുമ്പോള്‍ ചര്‍ച്ചചെയ്യാമെന്ന ഉറപ്പാണ് സി.പി.എമ്മില്‍നിന്ന് അന്ന് ലഭിച്ചത്. ആര്‍.എസ്.പിയുടെ ചവറ, കുന്നത്തൂര്‍, ഇരവിപുരം സീറ്റുകളാണ് ബാക്കിയുള്ളത്. ഇതില്‍ കുന്നത്തൂര്‍ എല്‍.ഡി.എഫിലേക്ക് മടങ്ങിയ ആര്‍.എസ്.പി (എല്‍) നേതാവ് കോവൂര്‍ കുഞ്ഞുമോന് നല്‍കിയേക്കും. ബാക്കിയുള്ളതില്‍ ഇരവിപുരം സീറ്റിനാവും സി.പി.ഐ അവകാശവാദം ഉന്നയിക്കുക.
രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയതോടെ സി.പി.ഐ പിന്നോട്ടില്ളെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടുതവണയും തങ്ങള്‍ വിജയസാധ്യതയില്ലാത്ത സീറ്റുകളിലാണ് മത്സരിച്ചത്. സി.പി.എമ്മിന് രണ്ട് ജയിക്കുന്ന സീറ്റാണ് നല്‍കിയത്. ഇത്തവണയും രണ്ട് സീറ്റാണ് ഒഴിവുവരുന്നത്. കഴിഞ്ഞതവണ ഒന്നാമത്തെ സീറ്റില്‍ മത്സരിച്ച സി.പി.എം ഇത്തവണ ഒന്നാമത്തെ സീറ്റ് സി.പി.ഐക്ക് വിട്ടുതരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗം ബിനോയ് വിശ്വത്തെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
