സ്ഥാനാര്‍ഥികളാവാന്‍ കോണ്‍ഗ്രസില്‍ കൂട്ടയിടി; വി.എസ്. ജോയ് മുതല്‍ സുധീരന്‍ വരെ ‘പട്ടികയില്‍’
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാവാന്‍ കോണ്‍ഗ്രസില്‍ കൂട്ടയിടി. വി.എം. സുധീരന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് അവസാനിക്കുന്നതിനു പിന്നാലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടി കടക്കുമെന്ന് കണ്ടാണ് സ്ഥാനാര്‍ഥിമോഹികള്‍ രംഗത്തത്തെിയിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയ് മുതല്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വരെയുള്ളവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റവരും സിറ്റിങ് എം.പിമാരും മന്ത്രിപുത്രനും സിനിമാരംഗത്തുള്ളവരുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ട്. സിറ്റിങ് എം.എല്‍.എമാരില്‍ ചിലര്‍ മണ്ഡലമാറ്റ മോഹത്തിലാണെന്ന പ്രചാരണവും ശക്തമാണ്.
സിറ്റിങ് എം.എല്‍.എമാരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മാത്രമാണ് ഇനി മത്സരിക്കാനില്ളെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍െറ സ്ഥിരംസീറ്റായ നിലമ്പൂരിനായി ഇത്തവണ പിടിവലിയാണ്. മകന്‍ ആര്യാടന്‍ ഷൗക്കത്തും കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശും സീറ്റ് മോഹിക്കുന്നുണ്ട്. ഇതേ മണ്ഡലക്കാരനായ വി.എസ്. ജോയിയും സ്ഥാനാര്‍ഥിത്വ പ്രതീക്ഷയിലാണ്. ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഭാഗ്യപരീക്ഷണത്തിനുള്ള ഒരുക്കത്തിലാണ്. പി.സി. ചാക്കോ, പി.ടി. തോമസ്, കെ. സുധാകരന്‍, ടി. സിദ്ദീഖ്, കെ.പി. ധനപാലന്‍, ബിന്ദുകൃഷ്ണ എന്നിവരുടെ പേരുകള്‍ ചില മണ്ഡലങ്ങളുമായി ബന്ധപ്പെടുത്തി ഉയരുന്നുണ്ട്. എം.പിയായ കൊടിക്കുന്നില്‍ സുരേഷ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹത്തിലാണ്. ഹൈകമാന്‍ഡ് സമ്മതിച്ചാല്‍ അദ്ദേഹം ജനറല്‍ സീറ്റായ കൊട്ടാരക്കരയില്‍ അങ്കം കുറിക്കും.കെ.ബി. ഗണേഷ് കുമാറിന്‍െറ സിറ്റിങ് മണ്ഡലമായ പത്തനാപുരത്ത് സ്ഥാനാര്‍ഥിയാകാന്‍ കൊതിക്കുന്നവര്‍ നിരവധിയാണ്. നടന്‍ ജഗദീഷിന്‍െറ പേരും ഇവിടെ സജീവമാണ്.
കോണ്‍ഗ്രസ് യുവനിരയില്‍നിന്ന് സിറ്റിങ് എം.എല്‍.എമാര്‍ക്ക് പുറമെ എന്‍.എസ്.യു പ്രസിഡന്‍റ് റോജി ജോണ്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, സി.ആര്‍. മഹേഷ്, സൂരജ് രവി എന്നിവരുടെ പേരുകള്‍ സജീവമാണ്. നിലവിലെ കെ.പി.സി.സി ഭാരവാഹികളില്‍ നല്ലപങ്കും സ്ഥാനാര്‍ഥി മോഹത്തിലാണ്.
അഴിമതിക്കേസുകള്‍ പ്രതി ച്ഛായ മോശമാക്കിയിട്ടുണ്ടെങ്കിലും ആര്‍. ചന്ദ്രശേഖരനും ജോയി തോമസും സ്ഥാനാര്‍ഥിത്വം മോഹിക്കുന്നവരാണ്. ഡി.സി.സി പ്രസിഡന്‍റുമാരില്‍ ഭൂരിഭാഗവും സ്ഥാനര്‍ഥിക്കുപ്പായം തുന്നി കാത്തിരിക്കുന്നവരാണ്. കോണ്‍ഗ്രസിന്‍െറ തീപ്പൊരിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍െറ പേര് കൊല്ലം ജില്ലയിലെ പല മണ്ഡലങ്ങളുമായും ചേര്‍ത്തുപറയുന്നുണ്ട്. കെ. സുധാകരന്‍ കണ്ണൂരില്‍ സീറ്റുറപ്പിച്ചാല്‍ സിറ്റിങ് എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി ജില്ലയിലെ മറ്റൊരു സീറ്റിലേക്ക് മാറേണ്ടിവരും. പി.സി. വിഷ്ണുനാഥിനെ സിറ്റിങ് സീറ്റായ ചെങ്ങന്നൂരില്‍നിന്ന് കൊല്ലം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലേക്ക് മാറ്റിയേക്കുമെന്ന പ്രചാരണവും ശക്തമാണ്.
സുധീരന്‍ ഇക്കുറി മത്സരത്തിന് ഇറങ്ങുമോയെന്നതും ആകാംക്ഷ ഉയര്‍ത്തുന്നു. അദ്ദേഹത്തെ പാര്‍ലമെന്‍ററി രംഗത്തേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയില്‍ ഉണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സിറ്റിങ് സീറ്റുകളില്‍തന്നെ അങ്കം കുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
