Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightത്രികോണത്തില്‍...

ത്രികോണത്തില്‍ തെറ്റുന്ന സമവാക്യം

text_fields
bookmark_border
ത്രികോണത്തില്‍ തെറ്റുന്ന സമവാക്യം
cancel

തലസ്ഥാനം പിടിച്ചാല്‍ ഭരണം പിടിക്കാമെന്നതാണ് കുറേ നാളായി കീഴ്വഴക്കം. കേരളത്തിന്‍െറ പൊതുമനസ്സിനൊപ്പമാവും തിരുവനന്തപുരം എന്നാണ് അനുഭവം. കഴിഞ്ഞതവണ 14ല്‍ ഒമ്പതും യു.ഡി.എഫ് നേടിയപ്പോള്‍ രണ്ട് സീറ്റിനാണ് ഇടതിന് ഭരണം പോയത്. വിജയം വേണ്ടെന്ന താല്‍പര്യത്തില്‍ നാല് സീറ്റെങ്കിലും സി.പി.എം കളഞ്ഞുകുളിച്ചെന്ന് രഹസ്യമായെങ്കിലും പാര്‍ട്ടിക്കാന്‍ സമ്മതിക്കും. പിന്നീട് അവര്‍ അതില്‍ വല്ലാതെ ഖേദിച്ചുവെന്നതും സത്യം. 
ഇരുമുന്നണിക്കും ബി.ജെ.പി വെല്ലുവിളി ഉയര്‍ത്തുന്നുവെന്നതാണ് ജില്ലയുടെ പുതിയ രാഷ്ട്രീയ ചിത്രം. അതിനാല്‍ അവരെ കരുതലോടെ കണ്ടുതന്നെയാണ് മുന്നണികളുടെ നീക്കം. നിയമസഭയില്‍ തിരുവനന്തപുരത്ത്  അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെയും അരുവിക്കര, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകളിലെയും പ്രകടനമാണ് ഇതിന് പ്രേരകം. 

14 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം യു.ഡി.എഫിനും അഞ്ചെണ്ണം ഇടത് മുന്നണിക്കുമാണ്. വര്‍ക്കല, നെടുമങ്ങാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവ യു.ഡി.എഫിനും  ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നേമം, കോവളം എന്നിവ എല്‍.ഡി.എഫിനും സ്വന്തം. നെയ്യാറ്റിന്‍കരയില്‍ 2011ല്‍  ഇടതുമുന്നണിയില്‍ സി.പി.എമ്മിലെ  ആര്‍. ശെല്‍വരാജാണ് ജയിച്ചത്. എന്നാല്‍, അദ്ദേഹം പാര്‍ട്ടി വിടുകയും എം.എല്‍.എ സ്ഥാനം രാജിവെച്ച്  കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ഏതാണ്ട് അതേ ഭൂരിപക്ഷത്തില്‍ തന്നെ വിജയിച്ചു. സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍െറ വിയോഗത്തോടെ അരുവിക്കരയില്‍ കേരളം ഉറ്റുനോക്കിയ പോരിലും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. കാര്‍ത്തികേയന്‍െറ മകന്‍ ശബരീനാഥന്‍ പിതാവിന്‍െറ അതേ ഭൂരിപക്ഷത്തോടെയാണ്  ജയിച്ചത്. മണ്ഡലത്തില്‍ ഒന്നുമല്ലാതിരുന്ന ബി.ജെ.പിക്ക് ഒ. രാജഗോപാല്‍ 34000ലേറെ വോട്ട് നേടി ഏവരെയും ഞെട്ടിച്ചു.

തദ്ദേശത്തില്‍ വന്‍ തിരിച്ചുവരവ് നടത്തിയ ഇടതുപക്ഷം സെമി ഫൈനല്‍ കടന്നുള്ള ഫൈനല്‍ വിജയത്തിന്‍െറ പ്രതീക്ഷയിലാണിപ്പോള്‍. 26 അംഗ ജില്ലാ പഞ്ചായത്തില്‍ 19 ഉം ഇടതിനായിരുന്നു. നേരത്തേ ഭരണം കൈയാളിയിരുന്ന യു.ഡി.എഫ്  ആറിലൊതുങ്ങി. ബി.ജെ.പി ഒരു സീറ്റുമായി അക്കൗണ്ട് തുറന്നു. വ്യക്തമായ ഭൂരിപക്ഷമില്ളെങ്കിലും തിരുവനന്തപുരം കോര്‍പറേഷനിലെ ഏറ്റവും വലിയ കക്ഷിയായി ഭരണം നിലനിര്‍ത്തിയ ഇടതുമുന്നണി നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല എന്നീ മുനിസിപ്പാലിറ്റികളുടെ ഭരണവും പിടിച്ചെടുത്തു. യു.ഡി.എഫാകട്ടെ കോര്‍പറേഷനില്‍ മൂന്നാം സ്ഥാനത്തായി. ബി.ജെ.പി രണ്ടാമതും. വര്‍ക്കല, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റികളുടെ ഭരണവും യു.ഡി.എഫിന് നഷ്ടമായി.  73 ഗ്രാമപഞ്ചായത്തുകളില്‍ 50ഓളം ഇടതുമുന്നണി പിടിച്ചപ്പോള്‍ നേരത്തേ അത്രത്തോളം ഭരിച്ചിരുന്ന യു.ഡി.എഫിന് 19 മാത്രം. നാലിടത്ത് ബി.ജെ.പിയും വന്നു. 11 ബ്ളോക്കുകളില്‍ ഒമ്പതിലും ഇടതിനാണ് മേല്‍ക്കൈ. ഇടതു മുന്നണിയില്‍ അരുവിക്കര കിട്ടിയിരുന്ന ആര്‍.എസ്.പി ഇപ്പോള്‍ യു.ഡി.എഫിലാണെങ്കിലും അവര്‍ക്ക് അത് നഷ്ടമായി. നേമത്ത് കഴിഞ്ഞതവണ യു.ഡി.എഫ് സീറ്റ് നല്‍കിയത് സോഷ്യലിസ്റ്റ് ജനതക്കായിരുന്നു. അവര്‍ മുന്നണി മാറുമോ എന്ന ചര്‍ച്ച സജീവമാണ്.  

പതിവ് മത്സര ചിത്രമാകില്ല ഇക്കുറി തിരുവനന്തപുരത്ത്. നേമത്തും കഴക്കൂട്ടത്തും  ബി.ജെ.പിയിലെ പ്രമുഖരുടെ സാന്നിധ്യം ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത നല്‍കുന്നു. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട എന്നിവിടങ്ങളില്‍  ബി.ജെ.പി നന്നായി വോട്ട് പിടിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍  ഒ. രാജഗോപാലിന് മേല്‍ക്കൈ ലഭിച്ചിരുന്നു. 2011ല്‍ അദ്ദേഹം നിയമസഭയില്‍ രണ്ടാം സ്ഥാനത്ത് വന്ന നേമത്ത് വലിയ വോട്ട് വ്യത്യാസമാണ് ഒന്നാം സ്ഥാനത്തത്തെിയ ബി.ജെ.പിക്കുണ്ടായത്. കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല മണ്ഡലങ്ങളില്‍ മുന്നിലത്തെിയാണ് ശശി തരൂര്‍ വിജയിച്ചത്. തദ്ദേശത്തില്‍ നേമം അടക്കം മണ്ഡലപരിധിയില്‍ ബി.ജെ.പി നേട്ടം കൊയ്തു. കോര്‍പറേഷനില്‍ ആറ് സീറ്റ് മാത്രമുണ്ടായിരുന്ന അവര്‍ നേടിയത് 34 സീറ്റാണ്. നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലും ‘അപ്രതീക്ഷിത നേട്ടമാണ്’ വോട്ടില്‍ നേടിയത്. നെയ്യാറ്റിന്‍കരയില്‍ 2011ല്‍ 6702 വോട്ടുമാത്രമുണ്ടായിരുന്ന ബി.ജെ.പി  ഉപതെരഞ്ഞെടുപ്പില്‍ 30507 വോട്ട് നേടി. അരുവിക്കരയില്‍ കാര്‍ത്തികേയനെതിരെ 7694 വോട്ടായിരുന്നുവെങ്കില്‍  ഉപതെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ അത്  34145 ആയി ഉയര്‍ത്തി. ഇത് രാജഗോപാല്‍ ഫാക്ടര്‍ മാത്രമെന്ന വിലയിരുത്തലിലാണ് മറ്റ് മുന്നണികള്‍. 

നായര്‍,  ലത്തീന്‍ കത്തോലിക്ക, നാടാര്‍ വിഭാഗങ്ങള്‍ പല മണ്ഡലത്തിലും നിര്‍ണായക ശക്തികളാണ്. നാടാര്‍ സമുദായം നിര്‍ണായകമായ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി (ഇടതുമുന്നണി) കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തേക്ക് പോയി. എന്നാല്‍, ഒ.എന്‍.വിയെ പോലെ പ്രമുഖനെ തികച്ചും നവാഗതനും നാടാര്‍ സമുദായ അംഗവുമായ എ. ചാള്‍സ് അട്ടിമറിച്ച ചരിത്രവും ഇവിടെയുണ്ട്.

സിറ്റിങ് എം.എല്‍.എമാര്‍ ഭൂരിഭാഗവും വീണ്ടും മത്സരിക്കാനാണ് സാധ്യത. ചുരുക്കം ചില സീറ്റുകളിലേ മാറ്റത്തിന് സാധ്യതയുള്ളൂ. ഇക്കുറി കൂടുതല്‍ പുതുമുഖങ്ങളെ ഇരുപക്ഷവും പരീക്ഷിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിച്ചേക്കുമെന്നാണ് സൂചന. ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ നേമത്തും വി. മുരളീധരന്‍ കഴക്കൂട്ടത്തും മത്സരിക്കുമെന്നാണ് വിവരം. മുരളീധരന്‍ ഇതിനകം കഴക്കൂട്ടത്ത് സജീവമായി കഴിഞ്ഞു. തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും പ്രമുഖരെ ഇറക്കാനും ആലോചനയുണ്ട്. രാജഗോപാല്‍ എത്തിയാല്‍ നേമമാകും ശ്രദ്ധാകേന്ദ്രം. തിരുവനന്തപുരം (മന്ത്രി വി.എസ്. ശിവകുമാര്‍), കാട്ടാക്കട (സ്പീക്കര്‍ എന്‍. ശക്തന്‍), നെടുമങ്ങാട് (ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി), വട്ടിയൂര്‍ക്കാവ് (കെ. മുരളീധരന്‍), കടകംപള്ളി സുരേന്ദ്രനും വി. മുരളീധരനും  മത്സരിച്ചാല്‍ കഴക്കൂട്ടം എന്നിവയിലെയും പോരാട്ടം ശ്രദ്ധേയമാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabha electionkerala ballot 2016
Next Story