കൂടുതല്‍ സീറ്റുകളില്‍ അവകാശവാദമുന്നയിക്കാന്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ തീരുമാനം
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങും മുമ്പേ കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ ഒരുങ്ങുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിലധികം സീറ്റുകള്‍ ഇത്തവണ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ്-മാണി-ജേക്കബ് വിഭാഗങ്ങളുടെ തീരുമാനം. കോട്ടയത്ത് ചേര്‍ന്ന ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃയോഗം ഇതിനായി പാര്‍ട്ടി നേതൃത്വത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം മത്സരിച്ചത് 14സീറ്റിലാണെങ്കിലും ഇത്തവണ അത് പോരെന്നാണ് പാര്‍ട്ടി നിലപാട്. 14ല്‍ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു.
അതിനാല്‍ വിജയസാധ്യതയുള്ളതടക്കം 22 സീറ്റുകളെങ്കിലും ലഭിക്കണമെന്നാണ് ആവശ്യം. പാര്‍ട്ടി ആവശ്യപ്പെടുന്ന സീറ്റുകളുടെ പട്ടിക യു.ഡി.എഫ് നേതൃത്വത്തിന് ഉടന്‍ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
ഇതില്‍ കോണ്‍ഗ്രസിന്‍െറ ഏതാനും സിറ്റിങ് സീറ്റുകളും ഉള്‍പ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ യു.ഡി.എഫ് കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റുകളില്‍ ദയനീയ പരാജയം നേരിട്ടതിനാല്‍ ഇത്തവണ മധ്യതിരുവിതാംകൂറില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നും പാര്‍ട്ടി ആവശ്യപ്പെടും.
കാഞ്ഞിരപ്പള്ളി, പാല, ചങ്ങനാശേരി, പൂഞ്ഞാര്‍, കടുത്തുരുത്തി, എറ്റുമാനൂര്‍, തിരുവല്ല, കുട്ടനാട്, ഇടുക്കി, തൊടുപുഴ, കോതമംഗലം, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ് എന്നിവയാണ് ലഭിച്ചതെങ്കിലും ഏറ്റുമാനൂര്‍-തളിപ്പറമ്പ്-പേരാമ്പ്ര-തിരുവല്ല-കുട്ടനാട് സീറ്റുകളില്‍ പരാജയപ്പെട്ടു.
കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ ഒന്നായ ശേഷവും അര്‍ഹമായ പരിഗണന യു.ഡി.എഫില്‍നിന്ന് ലഭിച്ചിട്ടില്ളെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിന് അര്‍ഹതയുണ്ടായിട്ടും ഒരു സീറ്റില്‍ വിട്ടുവീഴ്ചക്ക് തയാറായതും പരിഗണിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ പരിഗണന വേണമെന്നാകും നേതൃത്വം ആവശ്യപ്പെടുക. തദ്ദേശ തെരഞ്ഞെടുപ്പിലും അര്‍ഹമായ സീറ്റുകള്‍ ലഭിച്ചില്ളെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ജോസഫ് ഗ്രൂപ് ഇടതുമുന്നണി വിട്ടതുകൊണ്ടാണ് രണ്ട് സീറ്റിന്‍െറയെങ്കിലും ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന് അധികാരത്തില്‍ എത്താനായതെന്നും പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാലും ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായി മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ ഇരട്ടനീതിയിലുള്ള അമര്‍ഷം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുകയെന്നതാണ് മാണിയുടെ ഇനിയുള്ള തീരുമാനം. പാര്‍ട്ടിയില്‍നിന്ന് പുറത്തായ പി.സി. ജോര്‍ജിന്‍െറ പൂഞ്ഞാര്‍ സീറ്റില്‍ വിട്ടുവീഴ്ചക്കും പാര്‍ട്ടി തയാറാവില്ല. തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിന്‍െറ തീരുമാനം.
സിറ്റിങ് സീറ്റായ പിറവത്തിന് പുറമെ മൂവാറ്റുപുഴ, അങ്കമാലി, കുട്ടനാട്, ഉടുമ്പന്‍ചോല അല്ളെങ്കില്‍ പീരുമേട് സീറ്റുകള്‍ വേണമെന്നാണ് ജേക്കബ് പക്ഷത്തിന്‍െറ ഡിമാന്‍ഡ്. പാര്‍ട്ടി ചെയര്‍മാനായ ജോണി നെല്ലൂര്‍ കഴിഞ്ഞകാലങ്ങളില്‍ മത്സരിച്ചിരുന്ന മൂവാറ്റുപുഴ കോണ്‍ഗ്രസ് പിടിച്ചെടുത്ത് പകരം അങ്കമാലി നല്‍കിയതിലുള്ള അമര്‍ഷവും പാര്‍ട്ടിക്കുണ്ട്. ഇത്തവണ അങ്കമാലി ജേക്കബ് വിഭാഗത്തിന് വിട്ടുകൊടുക്കരുതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.പീരുമേടും ഉടുമ്പന്‍ചോലയും കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകളാണ്. മൂവാറ്റുപുഴ കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റാണെങ്കിലും മുമ്പ് മത്സരിച്ചതിനാല്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന് യു.ഡി.എഫിനോട് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.
അതേസമയം, മധ്യതിരുവിതാംകൂറില്‍ സീറ്റ് വിഭജനം യു.ഡി.എഫിന് തലവേദനയാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഇടതുമുന്നണിയോട് അടുത്തുനില്‍ക്കുന്ന സെക്കുലര്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച് വിജയിച്ചതും തോറ്റതുമായ 12 സീറ്റുകളില്‍ ഇടതുമുന്നണിക്ക് വിജയ സാധ്യതയുണ്ടെന്നും ഇതിനായി 12 സ്ഥാനാര്‍ഥികളുടെ പട്ടികയും ഇടതുമുന്നണി നേതൃത്വത്തിന് സമര്‍പ്പിച്ചു. ഇടതുമുന്നണി ഇതുവരെ വിജയിക്കാത്ത സീറ്റുകളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് കണ്ടത്തെിയിട്ടുള്ളതെന്ന് പാര്‍ട്ടി വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
