സുസ്ഥിരവികസന സങ്കല്‍പവുമായി സി.പി.ഐ
text_fieldsതിരുവനന്തപുരം: സുസ്ഥിരകേരളം എന്ന വികസനസങ്കല്‍പവുമായി സി.പി.ഐ. ആഭ്യന്തര ഉല്‍പാദനത്തിന്‍െറയും വിദേശനിക്ഷേപത്തിന്‍െറയും അതിവേഗ റെയില്‍ ഇടനാഴിയുടെയും വികസന വഴി സി.പി.എം തേടുമ്പോഴാണിത്. പരമ്പരാഗത വ്യവസായത്തിന്‍െറയും കാര്‍ഷികമേഖലയുടെയും സംരക്ഷണം അടിസ്ഥാനമാക്കിയ വികസനസങ്കല്‍പം മുന്നോട്ടുവെക്കാനാണ് സി.പി.ഐയുടെ ഒരുക്കം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ ‘ജനകീയയാത്ര’ക്ക് മുന്നോടിയായി രേഖ പുറത്തിറക്കും. വികസന കാഴ്ചപ്പാടില്‍ എല്‍.ഡി.എഫിലെ രണ്ട് പ്രമുഖ കക്ഷികള്‍ തമ്മില്‍ രൂപപ്പെട്ട വൈരുധ്യം ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്. ‘അതിവേഗം വളരുന്ന കേരളം’ എന്ന മുദ്രാവാക്യവും പരിപൂര്‍ണ പരിഷ്കരണ നടപടിയുമാണ് കഴിഞ്ഞദിവസം സമാപിച്ച കേരള പഠനകോണ്‍ഗ്രസില്‍ സി.പി.എം പ്രധാനമായി മുന്നോട്ടുവെച്ചത്. എന്നാല്‍, ജനങ്ങളാണ് വികസനത്തിന്‍െറ കേന്ദ്രബിന്ദു എന്ന ആശയത്തില്‍ ഊന്നിയാണ് സി.പി.ഐയുടെ രേഖ.
സുസ്ഥിരവികസനത്തോടുള്ള ഇടതുപക്ഷ കാഴ്ചപാട് ഇതാണെന്നാണ് വിശദീകരണം. ദേശീയ ശരാശരിയേക്കാള്‍ കേരളം സാമ്പത്തികവളര്‍ച്ച കൈവരിച്ചെന്ന സാമ്പ്രദായികവാദത്തെ സി.പി.ഐ ചോദ്യംചെയ്യുന്നു. റിയല്‍ എസ്റ്റേറ്റ്, സേവനമേഖലകളുടെ വളര്‍ച്ചയല്ല വികസനം. അത് മുതലാളിത്ത വികസനമാണ്. വ്യാവസായിക, കാര്‍ഷികമേഖലകള്‍ ദുര്‍ബലമാണ്. അപ്പോഴാണ് സേവനമേഖലയുടെ അമിതവളര്‍ച്ചയെ സാമ്പത്തികവളര്‍ച്ചയായി ചിത്രീകരിക്കുന്നത്. വിവിധ മേഖലകള്‍ തമ്മിലെ വികസന സന്തുലിതാവസ്ഥ ഇതോടെ നഷ്ടമായി.
കേരളവികസനമെന്നത് അംബരചുംബികളായ കെട്ടിടങ്ങള്‍ മാത്രമല്ല, ഉല്‍പാദനപ്രക്രിയയുടെ പുനര്‍നിര്‍മാണംകൂടിയാണ്. കോര്‍പറേറ്റ് വികസനത്തിന് ബദലായി ജനങ്ങളെ കേന്ദ്രബിന്ദുവാക്കിയുള്ള വികസനതന്ത്രം വികസിപ്പിക്കണമെന്നും രേഖ നിര്‍ദേശിക്കുന്നു. കാര്‍ഷിക, വ്യാവസായിക മേഖലയെ അടിസ്ഥാനമാക്കിയുള്ള വികസനത്തിനുമാത്രമേ സുസ്ഥിരമാകാന്‍ കഴിയൂവെന്നും രേഖ പറയുന്നു. ജനുവരി 14മുതല്‍ ചേരുന്ന സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങളില്‍ ഇത് ചര്‍ച്ചചെയ്യും.
നവഉദാരീകരണ നയത്തിനുള്ള ബദല്‍ ഇടതുപക്ഷം ശക്തമായ കേരളത്തില്‍നിന്ന് വളര്‍ത്തിക്കൊണ്ടുവരണമെന്ന നിലപാടാണ് സി.പി.ഐക്ക്. വലതുപക്ഷത്തിന്‍േറതില്‍നിന്ന് ഭിന്നമല്ല ഇടതുപക്ഷത്തിന്‍െറ നയപരിപാടികള്‍ എന്ന പ്രചാരണം ശക്തിപ്പെടുന്നത് ഭാവിയില്‍ തിരിച്ചടിക്ക് കാരണമാകുമെന്ന വലിയിരുത്തലും ബദല്‍ വികസനസങ്കല്‍പം അവതരിപ്പിക്കാന്‍ സി.പി.ഐയെ പ്രേരിപ്പിച്ചെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
