‘ഞങ്ങളൊറ്റക്കെട്ട്; ലക്ഷ്യം ലഹരിമുക്ത കേരളം’
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഐക്യസന്ദേശം നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് മൂവരും പ്രഖ്യാപിച്ചു. ഇതിനൊപ്പം, ലഹരിമുക്ത കേരളമാണ് യു.ഡി.എഫിന്‍െറ ലക്ഷ്യമെന്ന സര്‍ക്കാര്‍ നിലപാടും അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യു.ഡി.എഫ് കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയത് ഏറെ ഗുണകരമായെന്ന് സുധീരന്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശപ്രകാരമാണ് സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേതാക്കള്‍ തള്ളി. ഐക്യസന്ദേശം നല്‍കാന്‍ ഒന്നിച്ച് മാധ്യമങ്ങളെ കാണാമെന്ന് തങ്ങള്‍ തന്നെയാണ് തീരുമാനിച്ചത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്- സുധീരന്‍ അറിയിച്ചു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ദേശീയ നേതൃത്വത്തിന് നല്ല മതിപ്പുണ്ട്. പാര്‍ട്ടിയുമായോ, മുന്നണിയുമായോ, സര്‍ക്കാറുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വിവാദപരമായ പരസ്യ പ്രതികരണങ്ങള്‍ തീര്‍ത്തും ഒഴിവാക്കപ്പെടണം. ഘടകകക്ഷികളുമായി നല്ല ബന്ധമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അത് ഊട്ടിഉറപ്പിക്കുന്നതിനാണ് അവരുമായി മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയത്. ഇതിനു പുറമെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആശയ വിനിമയവും നടന്നത്. എല്ലാ ഘടകകക്ഷിയുടെയും ആഗ്രഹം മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുക എന്നുതന്നെയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും നിറവേറ്റുമെന്നും സുധീരന്‍ അറിയിച്ചു.
സുധീരന്‍ പറഞ്ഞത് കൂട്ടായ തീരുമാനവും വികാരവുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചില പോരായ്മകള്‍ സംഭവിച്ചു. എങ്കിലും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കത്ത് വിവാദത്തില്‍ അന്വേഷണം നടത്തേണ്ട കാര്യമില്ളെന്ന് മൂന്ന് നേതാക്കളും പറഞ്ഞു. കത്ത് അയച്ചിട്ടില്ളെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. പിന്നെ എന്തിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയും ചോദിച്ചു.കത്ത് കിട്ടിയിട്ടില്ളെന്ന് ഹൈക്കമാന്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മലയാളികള്‍ വായിക്കാത്ത പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ നടത്തുന്ന ജനരക്ഷായാത്രയുടെ വിജയത്തിന് ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും മൂവരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
