സി.പി.എം പാര്‍ട്ടി പ്ലീനം സമാപിച്ചു; ഐക്യവും കമ്യൂണിസ്റ്റ് മൂല്യവും കൈവിടരുതെന്ന് ആഹ്വാനം
text_fieldsകൊല്‍ക്കത്ത: തിരിച്ചടികളില്‍നിന്ന് കരകയറാന്‍ പ്രവര്‍ത്തനശൈലിയില്‍ തിരുത്തല്‍ തീരുമാനങ്ങളുമായി സി.പി.എം പാര്‍ട്ടി പ്ളീനം കൊല്‍ക്കത്തയില്‍ സമാപിച്ചു. അഞ്ചു ദിവസം നീണ്ട പ്ളീനം ചര്‍ച്ച സമാപിക്കുമ്പോള്‍ കേരളഘടകത്തിന് ആശ്വസിക്കാം. സി.പി.എം സമ്മേളനങ്ങളിലെ പതിവ് വിശേഷമായ വി.എസ്-പിണറായി ഏറ്റുമുട്ടല്‍ കൊല്‍ക്കത്തയില്‍ ആവര്‍ത്തിച്ചില്ല. വി.എസ്-പിണറായി പോര് മൂത്തതിന് ശേഷം ഗ്രൂപ് കലഹമില്ലാത്ത സമ്മേളനമായി കൊല്‍ക്കത്ത പ്ളീനം. ഐക്യത്തോടെ മുന്നോട്ടുനീങ്ങണമെന്ന് സമാപന സെഷനില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കരുത്. ഐക്യത്തോടെനിന്നാല്‍ നമ്മെ തടയാന്‍ ആര്‍ക്കുമാകില്ല. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയത്തിന്‍െറ അകത്തുനിന്നു കൊണ്ടു മാത്രമേ തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കൂവെന്നും അടവുനയത്തില്‍ മാറ്റം വരുത്തുന്നുവെന്ന് ആരും കരുതേണ്ടതില്ളെന്നും യെച്ചൂരി വ്യക്തമാക്കി.
കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്ക് സജീവമായി പരിഗണിക്കുന്നതും അതിനെതിരെ കേരളഘടകം എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്ളീനം വേദിയില്‍ യെച്ചൂരി ഇക്കാര്യം വിശദീകരിച്ചത്. അപ്പോഴും കോണ്‍ഗ്രസ് സഖ്യത്തിന്‍െറ സാധ്യത യെച്ചൂരി പൂര്‍ണമായും തള്ളിയില്ല. തെരഞ്ഞെടുപ്പ് സഖ്യത്തിന്‍െറ കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ സാഹചര്യമനുസരിച്ച് വഴക്കമുള്ള അടവുനയം ആകാമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെന്നും യെച്ചൂരി വ്യക്തമാക്കി.
പാര്‍ട്ടിയില്‍ വനിതകള്‍ക്ക് 25 ശതമാനം പ്രാതിനിധ്യം, ന്യൂനപക്ഷ, ദലിത്, യുവ പ്രാതിനിധ്യം ഉയര്‍ത്താന്‍ സമയബന്ധിത നടപടി, പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് വിരമിക്കല്‍ നയം, പൊതുപ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരം, ജനകീയ സമരങ്ങളില്‍ നേതാക്കളുടെ സജീവ സാന്നിധ്യം, പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംവിധാനം, പാര്‍ട്ടിക്കാര്‍ക്ക് മതിയായ പാര്‍ട്ടി വിദ്യാഭ്യാസം, പാര്‍ലമെന്‍ററി വ്യാമോഹവും ധൂര്‍ത്തും ആര്‍ഭാട ജീവിതവും നിയന്ത്രിക്കാന്‍ ഇടപെടല്‍ തുടങ്ങിയ തീരുമാനങ്ങളാണ് പ്ളീനത്തില്‍ കൈക്കൊണ്ടത്. യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ അവതരിപ്പിച്ച സംഘടനാ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടും പ്ളീനം ഭേദഗതികളോടെ അംഗീകരിച്ചു. ഇവ നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ നേതൃത്വം തയാറാക്കി ഉടന്‍ കീഴ്ഘടകങ്ങള്‍ക്ക് നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
